വെള്ളപ്പൊക്കവും മോദിയുടെ ഭരണനേട്ടമോ?
തെലങ്കാന രാഷ്ട്രീയത്തില്‍ ഇതാദ്യമായി ബി.ജെ.പിയുടെ ഭാഗ്യനക്ഷത്രം തെളിയുകയാണെന്നാണ് ഹൈദരാബാദ് ഗ്രേറ്റര്‍ മുനിസിപ്പല്‍ (എച്ച്.ജി.എം.സി) തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നത്. പല കാലങ്ങളിലായി ഗോവിന്ദാചാര്യ, ബങ്കരു ലക്ഷ്മണ്‍, ഭണ്ടരു ദത്താത്രേത, വെങ്കയ്യ നായിഡു, കിഷന്‍ റെഡ്ഡി, റാം മാധവ് തുടങ്ങി ദേശീയ തലത്തില്‍ എണ്ണമറ്റ നേതാക്കള്‍ ഉണ്ടായിട്ടും ബി.ജെ.പിക്ക് ഒരിക്കല്‍ പോലും തെലങ്കാനയിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ രാഷ്ട്രീയപ്പാര്‍ട്ടിയായി സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സംസ്ഥാനത്തിന്റെ മൊത്തം സൂചികയായി എടുക്കാനാവില്ലെങ്കിലും ബി.ജെ.പിയുടെ ഉയര്‍ച്ചയും കോണ്‍ഗ്രസിന്റെ തളര്‍ച്ചയും അടിവരയിടുകയാണ് ഇത്തവണത്തെ എച്ച്.ജി.എം.സി തെരഞ്ഞെടുപ്പ്. ഡല്‍ഹിക്കു ചുറ്റും കര്‍ഷക സമരം മുറുകുമ്പോഴും അമിത് ഷായും യു.പി മുഖ്യമന്ത്രി ആദിത്യനാഥും ബി.ജെ.പിയുടെ പ്രധാന നേതാക്കളും കേന്ദ്ര മന്ത്രിമാരുമൊക്കെ ഹൈദരാബാദില്‍ തമ്പടിച്ചു കിടന്നത് വെറുതെ ആയിരുന്നില്ലെന്നര്‍ഥം. തെലങ്കാന രാഷ്ട്ര സമിതി എന്ന ടി.ആര്‍.എസ് തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്‌ലിമൂനെ (എ.ഐ.എം.ഐ.എം) മറികടക്കാന്‍ കഴിഞ്ഞ തവണ നാല് ഡിവിഷനുകള്‍ മാത്രം നേടിയ ബി.ജെ.പിക്കായി. കഴിഞ്ഞ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ സമുന്നത നേതാവായ കെ. ചന്ദ്രശേഖര റാവു എന്ന കെ.സി.ആര്‍ പ്രചാരണത്തിനു പോലും ചെല്ലാതെയാണ് 99 ഡിവിഷനുകള്‍ പാര്‍ട്ടി കൈപ്പിടിയിലൊതുക്കിയതെന്നോര്‍ക്കണം. അവിടെയാണ് ഇത്തവണ അദ്ദേഹം അരയും തലയും മുറുക്കി രംഗത്തുണ്ടായിട്ടും പാര്‍ട്ടി പിന്നോക്കം പോയത്.
2016ലെ ടി.ആര്‍.എസ് തരംഗത്തില്‍ വെറും രണ്ട് സീറ്റുകളിലേക്ക് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിന് മനസിലാക്കാനാവുന്ന കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ഇത്തവണ അധികം നേടാനായില്ല. കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കേണ്ടുന്ന ഒന്നാണ് ഈ പരാജയത്തിന്റെ രാഷ്ട്രീയ വ്യാഖ്യാനം. താഴെത്തട്ടില്‍ പാര്‍ട്ടി സംവിധാനം അമ്പേ തകര്‍ന്നടിഞ്ഞ് ഗുരുതരാവസ്ഥയിലേക്ക് എത്തിയെന്ന് വ്യക്തം. പി.സി.സി അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡിയുടെ രാജി കൊണ്ട് തീരുന്നതല്ല ഈ പ്രശ്‌നം. ടി.ആര്‍.എസിനോട് ജനങ്ങള്‍ക്ക് അരിശമുണ്ടാവാന്‍ ഇത്തവണ ഒന്നിലേറെ കാരണങ്ങളുണ്ടായിരുന്നു. അതിലൊന്നു പോലും മുതലെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിലുമൊക്കെ കെ.സി.ആര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു തുടങ്ങിയ ചിത്രമാണ് തെലങ്കാനയില്‍. ജനരോഷത്തിന് വഴിയൊരുക്കിയ ആ കാരണങ്ങള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് അതിനേക്കാളുമേറെ ബാധകവുമായിരുന്നു. എന്നിട്ടും പകരം വെക്കാനാളില്ലാത്തതു കൊണ്ടാണ് ടി.ആര്‍.എസിനെതിരേ ജനം ബി.ജെ.പിയെ തെരഞ്ഞെടുത്തത്. വോട്ടിങ് ശതമാനം കൂടിയെന്നും മീഡിയ ബി.ജെ.പിക്കൊപ്പം നിന്നുവെന്നും മറ്റും പറഞ്ഞ് കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാമെന്നു മാത്രം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച രണ്ടിത്തും ജനം ടി.ആര്‍.എസിനെയാണ് ഇത്തവണ ജയിപ്പിച്ചത്. അതിന് പകരമെന്നോണം ടി.ആര്‍.എസ് ജയിച്ച ഉപ്പലിലും ഡോ. എ.എസ് റാവു നഗറിലും കോണ്‍ഗ്രസും ജയിച്ചു. കോണ്‍ഗ്രസിനു പകരം ജനം ബി.ജെ.പിയെ തെരഞ്ഞെടുത്തില്ല എന്ന സാങ്കേതിക ആശ്വാസം മാത്രം ബാക്കി.
ടി.ആര്‍.എസിന്റെ മറുപക്ഷത്ത് ജനങ്ങളുടെ മുമ്പിലുള്ള ശൂന്യത അവസരമായി കണ്ട് കൃത്യമായാണ് ബി.ജെ.പി കരുക്കള്‍ നീക്കിയതും ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിനെ ഹൈദരാബാദിലേക്ക് അയച്ചതും. കോണ്‍ഗ്രസ് അത്തരം ഒരു നീക്കവും നടത്തിയിരുന്നില്ല. ഒരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയും കേന്ദ്ര കാബിനറ്റ് അംഗങ്ങളും മുഖ്യമന്ത്രിമാരും നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനുമൊക്കെ കാടിളക്കി പ്രചാരണം നടത്തിയ ആദ്യ സംഭവമായിരിക്കും ഹൈദരാബാദിലേത്. പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയേക്കുമെന്ന് പോലും ഒരു ഘട്ടത്തില്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ഈ തെരഞ്ഞെടുപ്പ് മോദിയുടെ സദ്ഭരണത്തിന്റെ അംഗീകാരമാണെന്ന് അവകാശപ്പെട്ട് സ്വാഭാവികമായും ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ വരുന്നുണ്ട്. പ്രധാനമന്ത്രി തന്നെയും ബി.ജെ.പിയില്‍ ജനങ്ങളര്‍പ്പിച്ച ഈ വിശ്വാസത്തിന് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളം കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കാന്‍ ആഹ്വാനം ചെയ്ത ദിവസത്തിലാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രസ്താവനകളും പുറത്തു വരുന്നതെന്നോര്‍ക്കണം.
ഹൈദരാബാദിനെ ഭാഗ്യനഗര്‍ ആക്കുമെന്ന ബി.ജെ.പി പ്രചാരണം വിജയത്തിന് വഴിയൊരുക്കിയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഹൈദരാബാദ് മുമ്പെന്നോ ഭാഗാനഗര്‍ ആയിരുന്നുവെന്ന വാദം നിലനില്‍ക്കുന്നത് മുതലെടുത്ത് അങ്ങനെയൊരു വെടി ബി.ജെ.പി പൊട്ടിച്ചിരുന്നു എന്നത് വസ്തുതയുമാണ്. എന്നാല്‍ ചാര്‍മിനാര്‍ കൈയേറി സ്ഥാപിച്ച ഭാഗ്യലക്ഷ്മി ദേവിയുടെ പേരില്‍ നിന്നല്ല മുഹമ്മദ് ഖുലി ഖുതുബ് ഷായുടെ ഹിന്ദു കാമുകി ഭാഗ്മതിയുടെ പേരിലാണ് നഗരം ഭാഗാനഗര്‍ ആയി അറിയപ്പെട്ടതെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇതിനു പോലും പക്ഷേ ചരിത്രപരമായി തെളിവുകളില്ല. എപ്പോഴോ ഒരിക്കല്‍ നഗരത്തിനുണ്ടായിരുന്ന ഖുതുബ് ഷായുടെ കാമുകി ആയിരുന്ന ഭാഗ്മതിയുടെ പേര് ചാര്‍മിനാറില്‍ 1960കളില്‍ പ്രത്യക്ഷപ്പെട്ട ഭാഗ്യലക്ഷ്മിയുടെ പേരിലാക്കിയത് സംഘ്പരിവാര്‍ കുതന്ത്രങ്ങളുടെ ഭാഗമായാണ്. ഏതായാലും ഈ പേരുമാറ്റത്തിന്റെ ചരിത്രം ഇപ്പോഴും വ്യക്തമല്ലാത്ത സ്ഥിതിക്ക് നഗരത്തിലെ വോട്ടര്‍മാരെ ആകെ ഇളക്കിമറിച്ച ഒരു പ്രഖ്യാപനമായി അത് മാറി എന്നൊക്കെ വിലയിരുത്തുന്നിടത്ത് ഒട്ടും കുറവല്ലാത്ത അതിശയോക്തിയുണ്ട്. യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഒരു ചോദ്യത്തിനുള്ള മറുപടിയായി എന്തുകൊണ്ട് നഗരത്തിന്റെ പേരുമാറ്റം സാധ്യമല്ലെന്ന മറുചോദ്യം തൊടുക്കുക മാത്രമാണ് ചെയ്തത്. അത് കേള്‍ക്കുമ്പോഴേക്കും ഇളകിമറിയാന്‍ മാത്രമൊന്നും പ്രാധാന്യം ഈ വിഷയത്തിനുണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പ് ഫലങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ രണ്ടേ രണ്ട് സീറ്റുകളിലാണ് ബി.ജെ.പിക്ക് വിജയത്തുടര്‍ച്ച നിലനിര്‍ത്താനായതെന്നതു കൂടി കണക്കിലെടുക്കണം. ബീഗം ബസാറിലും ഗൗളിപുരയിലും മാത്രമാണത്. നേരത്തെ ജയിച്ച മറ്റു രണ്ട് ഡിവിഷനുകളില്‍ ജനം ബി.ജെ.പിയെ കൈവെടിയുകയാണുണ്ടായത്. 2018 അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹൈദരാബാദിനകത്ത് ബി.ജെ.പി ജയിച്ച നിയോജക മണ്ഡലമായ കോക്കട്ട്പള്ളിയിലെ ഡിവിഷനുകളിലും ജനം ടി.ആര്‍.എസിനെയാണ് തെരഞ്ഞെടുത്തത്. വിജയിച്ചത് മോദിയുടെ 'പ്രതിഛായ' അല്ലെന്ന് വ്യക്തം. ദുബ്ബാക്ക് അസംബ്ലി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പോയമാസം ബി.ജെ.പി നേടിയ വിജയം പോലും ടി.ആര്‍.എസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ് മൂലമായിരുന്നുവെന്നും സംസ്ഥാനത്ത് പൊടുന്നനെ ബി.ജെ.പിക്ക് അനുകൂലമായ തരംഗം രൂപപ്പെടുവോളം ടി.ആര്‍.എസ് ഭരണം ജനദ്രോഹപരമായിട്ടില്ല എന്നുമാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
പിന്നെങ്ങനെ ബി.ജെ.പി ജയിച്ചു ഇത്രയേറെ സീറ്റുകള്‍ നേടി എന്നല്ലേ? ഹൈദരാബാദ് നഗരത്തിന്റെ താഴ്ന്ന മേഖലകളിലുണ്ടായ വെള്ളപ്പൊക്കമാണ് കെ.സി.ആര്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന ജനരോഷത്തിന്റെ പ്രധാന കാരണമെന്ന് ബി.ജെ.പി ജയിച്ച ഡിവിഷനുകളുടെ കണക്കെടുത്താല്‍ എളുപ്പം മനസിലാകും. ടി.ആര്‍.എസിന്റെ കൈയില്‍നിന്ന് ബി.ജെ.പി പിടിച്ചെടുത്ത സീറ്റുകള്‍ ഏതാണ്ട് മുക്കാലേ മുണ്ടാണിയും എല്‍.ബി നഗര്‍ ഏരിയയില്‍ നിന്നാണ്. വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ച ഈ മേഖലയില്‍ ആകെയുള്ള 23 സീറ്റുകളില്‍ 19 എണ്ണവും ബി.ജെ.പി പിടിച്ചു. നഗോള്‍, ഭവാനി നഗര്‍, മന്‍സൂറാബാദ് തുടങ്ങിയ വെള്ളപ്പൊക്ക മേഖലകളിലൊക്കെ ബി.ജെ.പി ജയിച്ചു കയറി. കഴിഞ്ഞ തവണ ഒരു സീറ്റു പോലും ഈ മേഖലയില്‍ പാര്‍ട്ടി നേടിയിരുന്നില്ല. വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് പ്രഖ്യാപിച്ച തെലങ്കാന സര്‍ക്കാരിന്റെ സഹായധനം വിതരണം ചെയ്യാന്‍ ടി.ആര്‍.എസ് നേതാക്കളെ ഏല്‍പ്പിച്ചതായിരുന്നു ജനരോഷം ക്ഷണിച്ചുവരുത്തിയത്. ദുരിത ബാധിതരല്ലാത്തവര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊക്കെ പണം വാരിക്കോരി നല്‍കുന്നുവെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നത്. ഇതോടെ സഹായത്തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ കെ.സി.ആര്‍ ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഈ നീക്കം എങ്ങുമെത്തിയില്ല. വെള്ളപ്പൊക്ക മേഖലയിലെ ഡിവിഷനുകളില്‍ ശരാശരിയേക്കാള്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല ചിത്രം. ഒരു ഡസനിലധികം സീറ്റുകളില്‍ നാമമാത്രമായ വോട്ടുകള്‍ക്കാണ് ടി.ആര്‍.എസ് ബി.ജെ.പിയോട് പരാജയപ്പെട്ടതെന്നും ശ്രദ്ധിക്കുക.
സ്ഥിരത പുലര്‍ത്തിയ ഏക പാര്‍ട്ടി അസദുദ്ദീന്‍ ഉവൈസിയുടേതാണ്. 44 ഇടത്ത് മജ്‌ലിസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറി. 2016ല്‍ ജയിച്ച ഒരു സീറ്റില്‍ മജ്‌ലിസ് ബി.ജെ.പിയോടു തോല്‍ക്കുകയും ബി.ജെ.പി ജയിച്ച ഗാന്‍സി ബസാര്‍ ഡിവിഷന്‍ പിടിച്ചു വാങ്ങുകയും ചെയ്തു. കഴിഞ്ഞ തവണ ടി.ആര്‍.എസിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് ഉവൈസി കോര്‍പറേഷന്റെ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ഇത്തവണ പക്ഷേ ഹൈദരാബാദിന്റെ മേയര്‍ പദവിയോ ഡെപ്യൂട്ടി മേയര്‍ പദവിയോ പാര്‍ട്ടിക്ക് അനായാസം ചോദിച്ചു വാങ്ങാനാവും. ടി.ആര്‍.എസിന് അവരുടെ പിന്തുണ കൂടിയേ കഴിയൂ. മറുഭാഗത്ത് ഉവൈസിയുടെ രാഷ്ട്രീയം തളരുന്നുമുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇരു പാര്‍ട്ടികളും പരസ്യമായാണ് മുന്നണി രൂപീകരിച്ചിരുന്നതെങ്കില്‍ മുസ്‌ലിം വര്‍ഗീയതയെ ചൂണ്ടിക്കാട്ടി ബി.ജെ.പി മുതലെടുക്കുമെന്ന് ഭയന്ന് ഇത്തവണ തെലങ്കാന രാഷ്ട്ര സമിതിയും എ.ഐ.എം.ഐ.എമ്മും പരസ്യമായ കൂട്ടുകെട്ടിന് തയാറായിരുന്നില്ല. എന്നാല്‍ രഹസ്യ ധാരണയനുസരിച്ച് ഇരുപാര്‍ട്ടികളും ഒരിടത്തും പരസ്പരം എതിര്‍ക്കാന്‍ ചെന്നിട്ടുമില്ല. കഴിഞ്ഞ വര്‍ഷത്തെയും ഇത്തവണത്തെയും കണക്കെടുക്കുമ്പോള്‍ ഉവൈസിയുടെ തട്ടകങ്ങള്‍ ഭദ്രമായി നിലനില്‍ക്കുന്നുണ്ടെന്നു മാത്രമല്ല ബി.ജെ.പിയുടെ വളര്‍ച്ച നേര്‍ക്കു നേരെ ഉവൈസിക്ക് അധികാരത്തിന് വഴിയൊരുക്കിയ ചിത്രവും ഹൈദരാബാദിലുണ്ട്. അത് നേട്ടമായാലും കോട്ടമായാലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."