കോഴ്‌സ് കഴിഞ്ഞവര്‍ 'തേരാ പാരാ'; സ്വകാര്യ എന്‍ജിനീയറിങ് കോളജുകളില്‍ കുട്ടികളില്ല
തിരുവനന്തപുരം: പഠിക്കാന്‍ ആളെ കിട്ടാതെ സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളജുകള്‍. കഴിഞ്ഞ വര്‍ഷം 21250 സീറ്റുകളാണ് സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളജുകളില്‍ ഒഴിഞ്ഞു കിടന്നത്.
സര്‍ക്കാര്‍ കോളജുകള്‍, സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകള്‍ എന്നിവയെ അപേക്ഷിച്ച് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ സ്വകാര്യ എന്‍ജിനിയറിങ് കോളജുകള്‍ പരിതാപകരമായ സ്ഥിതിയിലായിരുന്നു.
വീണ്ടും പ്രവേശന നടപടികള്‍ പുരോഗമിക്കുമ്പോള്‍ സ്വകാര്യ എന്‍ജിനിയറിങ് കോളജുകളിലേക്ക് വിദ്യാര്‍ഥികള്‍ പോകാന്‍ മടിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്.
സര്‍ക്കാര്‍ കോളജുകളില്‍ ആകെ 96 സീറ്റും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളില്‍ 3104 സീറ്റുമാണ് കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടന്നത്. എയ്ഡഡ് കോളജുകളില്‍ ഒരു സീറ്റ് പോലും ഒഴിവുണ്ടായില്ല.
എന്നാല്‍ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്കു പോലും കുട്ടികളെ കിട്ടാത്ത സ്ഥിതിയായിരുന്നു. സ്വകാര്യ കോളജുകള്‍ അക്കാദമിക് നിലവാരത്തില്‍ പിന്നോട്ടാണെന്ന വിമര്‍ശനത്തെ സാധൂകരിക്കുന്ന കണക്കുകളാണ് കഴിഞ്ഞ അധ്യയനവര്‍ഷത്തെ പ്രവേശന നടപടികളില്‍ നിന്നു ലഭിക്കുന്നത്.
ഈ സാഹചര്യത്തില്‍ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സാങ്കേതിക സര്‍വകലാശാല അതാത് കോളജുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 113 സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഈ അധ്യയന വര്‍ഷം 35808 സീറ്റുകളാണ് സ്വകാര്യ കോളജുകള്‍ക്കായി അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."