ബാബരി: ഓര്‍മയും സന്ദേശവും
'കൃഷ്ണാ, നിങ്ങളുടെ ആ ഖബറിടത്തിന്റെ കേസ് എന്തായി? '
ഞാന്‍ പെട്ടെന്നു ചോദിച്ചു. അയാള്‍ പെട്ടെന്ന് ഉഷാറായി.
'ഹൈക്കോടതിയില്‍ നമ്മളു ജയിച്ചു ഭാവനേച്ചീ'
'ജയിച്ചെന്ന് പറഞ്ഞാല്‍?'
ഓഡിറ്റോറിയത്തിന്റെ ശിലാന്യാസം എന്റെ പാലുകാച്ചിലിന്റെ പിറ്റേന്നാണ്
ഞാന്‍ സ്തബ്ധയായി.
'അപ്പോള്‍ അവിടുത്തെ ഖബര്‍?'
'ഓ, അവിടങ്ങനെ ഖബറൊന്നുമില്ലെന്നേ. ഒരു വിശ്വാസം, അത്രേയുള്ളൂ'
(കെ.ആര്‍ മീര, ഖബര്‍ )
ജനാധിപത്യ ഇന്ത്യയുടെ നീതിന്യായവ്യവസ്ഥ പിന്‍മടങ്ങേണ്ടി വന്ന അതേ നവംബര്‍ ഒന്‍പതിനാണ് കെ.ആര്‍ മീരയുടെ ഖബര്‍ എന്ന നോവലിലെ കഥാനായകനായ ഖയാലുദ്ദീന്‍ തങ്ങള്‍ ഖബറിന് വേണ്ടിയുള്ള കേസില്‍ പരാജയപ്പെടുന്നത്. മതം മാറി ഇസ്‌ലാമിലേക്ക് വന്ന തന്റെ പൂര്‍വികരുടേതായിരുന്നു ആ ഖബറെന്നു ഖയാലുദ്ദീന്‍ തങ്ങള്‍ വാദിച്ചിരുന്നു.
'മതേതര ഇന്ത്യയുടെ' നീതിന്യായ കോടതി ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്രനിര്‍മാണം അനുവദിച്ച് വിധി പുറപ്പെടുവിക്കുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി ആദ്യത്തെ പരാതിക്കാരനായി 92ാം വയസില്‍ മരണപ്പെട്ട ഹാഷിം അന്‍സാരിയെപ്പോലെ 'ഖബറിലെ' കഥാനായകന്‍ ഖയാലുദ്ദീന്‍ തങ്ങളും ആ നവംബര്‍ ഒന്‍പതിന് മസ്തിഷ്‌കമരണം സംഭവിച്ച് ഈ ലോകത്തുനിന്ന് വിടവാങ്ങുന്നു. ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ ലക്ഷോപലക്ഷം ഹാഷിം അന്‍സാരിമാരും ഖയാലുദ്ദീന്‍ തങ്ങള്‍മാരും പങ്കുവയ്ക്കുന്നത് ശിഥിലമായ നീതിയുടെ, അഥവാ പച്ചയായ അനീതിയുടെ വര്‍ത്തമാനങ്ങളാണ്. മറ്റൊരു ഡിസംബര്‍ ആറും കടന്നുവരുമ്പോള്‍ ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു.
1949 ഡിസംബര്‍ 22നു ബാബരി മസ്ജിദിന്റെ ഉള്ളില്‍ ഹിന്ദുദൈവങ്ങളുടെ പ്രതിമകള്‍ 'അവിചാരിതമായി' പ്രത്യക്ഷപ്പെടുന്നത് മതേതരമെന്ന് അവകാശപ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ തന്നെയായിരുന്നു. അതും കഴിഞ്ഞ് 1992 ഡിസംബര്‍ ആറിന് സംഘ്പരിവാരം ആ പള്ളി തച്ചുടക്കുമ്പോള്‍ കണ്ണുകെട്ടിയ നീതിയുടെ ദൈവം അത് തിരിച്ചുതരുമെന്ന് കരുതാന്‍ ന്യായമുണ്ടായിരുന്നു. ബാബരിയുടെ നശീകരണം ഏല്‍പ്പിച്ച മുറിവ് ഇന്ത്യയിലെ മുസ്‌ലിം ജനതക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തായിരുന്നു. പക്ഷേ ഇരുപത്തിയേഴ് വര്‍ഷം നീണ്ടുനിന്ന കോടതി വാദങ്ങള്‍ ഒടുക്കം കല്‍പ്പിച്ചത് ആ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതിയായിരുന്നു.
ഹിന്ദുത്വരുടെ ആഹ്ലാദവും
മതേതര പ്രതികരണങ്ങളും
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ബഹുജന്‍ രാഷ്ട്രീയത്തിനെ ഹിന്ദുത്വദേശീയവാദം മുന്നോട്ടുവച്ച് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വി.പി സിങ് മണ്ഡല്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ഉടനെയാണ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ 10,000 കിലോമീറ്ററോളം വരുന്ന രഥയാത്ര നടക്കുന്നത്. ബഹുജന്‍ രാഷ്ട്രീയത്തെയും സംവരണമടക്കമുള്ള അവകാശപ്പോരാട്ടങ്ങളെയും ഹിന്ദുത്വ ഐക്യമെന്ന മിഥ്യയുപയോഗിച്ച് കൊണ്ട് ഇല്ലാതാക്കാനായിരുന്നു സംഘ്പരിവാര്‍ കരുതിയത്. ജനങ്ങളെ വംശീയമായി ഇളക്കിവിട്ട് ഹിന്ദു വോട്ടുബാങ്ക് സ്ഥാപിച്ചെടുക്കാനുള്ള അഗാധമായ പരിശ്രമം തന്നെയായിരുന്നു അത്. എല്‍.കെ അദ്വാനിയും ഉമാഭാരതിയും മുരളി മനോഹര്‍ ജോഷിയും നേതൃത്വം നല്‍കിയ രഥയാത്രയുടെ ലക്ഷ്യം അതായിരുന്നു. പ്രമുഖ എഴുത്തുകാരന്‍ അശോക് യാദവ് നിരീക്ഷിച്ചത് പോലെ, ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഭീം റാവു അംബേദ്കറിന്റെ ചരമദിനം തന്നെ തെരഞ്ഞെടുത്തത് ദലിത് ബഹുജനങ്ങള്‍ക്കെതിരേയുള്ള ഹിന്ദുത്വത്തിന്റെ മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗം തന്നെയാണെന്ന് കാണാം. മുസ്‌ലിം എന്ന ബാഹ്യ ശത്രുവിനെതിരേയായിരുന്നു ഈ നീക്കങ്ങള്‍.
രാമക്ഷേത്ര നിര്‍മാണ വിഷയം അല്ലാതെ ഇന്ത്യയില്‍ ഹിന്ദുത്വ ദേശീയവാദത്തെ ഇത്രമേല്‍ ആവേശം കൊള്ളിക്കുകയും വളര്‍ത്തുകയും ചെയ്ത മറ്റൊരു സംഭവമില്ല. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത് ഒരു ലക്ഷത്തി അമ്പതിനായിരത്തോളം കര്‍സേവകര്‍ അവിടെ ശിലാന്യാസം നടത്തുമ്പോള്‍ ദേശീയ വ്യാപകമായി വംശീയ ഹിന്ദുത്വത്തെ നിര്‍മിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തുടര്‍ന്നുണ്ടായ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ അവരുടെ തന്നെ തിരക്കഥകളായിരുന്നു. സാമൂഹികമായും രാഷ്ട്രീയമായും ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘ്പരിവാര സംഘടനകള്‍ക്ക് ബാബരി മസ്ജിദിന്റെ തകര്‍ച്ച നല്‍കിയ ഊര്‍ജം ചെറുതല്ല.
എന്നാല്‍ മറുവശത്ത് കോണ്‍ഗ്രസ് അടക്കമുള്ള മതേതരകക്ഷികളാവട്ടെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പ്രതിസന്ധികളെ ഒട്ടും അഭിസംബോധന ചെയ്തില്ല. കോണ്‍ഗ്രസ് വിമര്‍ശകരായ സി.പി.എമ്മിന്റെ നിലപാട് പോലും ഇരകളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് വികസിച്ചത്. ബാബരി മസ്ജിദ് തകര്‍ത്തയുടനെ ഇ.എം.എസ് നമ്പൂതിരിപ്പാട് മുസ്‌ലിം ലീഗ് പിരിച്ചുവിടണമെന്ന പ്രസ്താവനയാണ് ഇറക്കിയത്. ആര്‍.എസ്.എസിനെ വളര്‍ത്തിയത് ലീഗാണ്. അതിനാല്‍ ആര്‍.എസ്.എസിനെ എതിര്‍ക്കാന്‍ ലീഗ് പിരിച്ചുവിടണം എന്നായിരുന്നു ഇ.എം.എസ് പറഞ്ഞത്.
പോസ്റ്റ് ബാബരി കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന മുസ്‌ലിം രാഷ്ട്രീയത്തെ വിലയിരുത്തുന്നതില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പറ്റിയ തെറ്റുകള്‍ എഴുത്തുകാരന്‍ ഹിലാല്‍ അഹമ്മദ് തന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയം ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാവുന്നത് സ്വാഗതം ചെയ്യുന്നതിനു പകരം മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ വര്‍ഗീയവും അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും വിലയിരുത്തുന്നു. കേരളത്തിലാണ് കോണ്‍ഗ്രസ് ഈ കാഴ്ചപ്പാട് ചെറുതായെങ്കിലും വ്യത്യാസപ്പെടുത്തിയത്. അതിന്റെ കാരണം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ശക്തിയായ ന്യൂനപക്ഷ മണ്ഡലത്തിന്റെ കരുത്താണ് എന്നു കൂടി ഓര്‍ക്കുക.
വിഭജനാനന്തര ഇന്ത്യയിലെ മുസ്‌ലിം പ്രതിനിധാന രാഷ്ട്രീയം സാംസ്‌കാരികവും സാമൂഹികവുമായ അവകാശ പോരാട്ടങ്ങളുടെ പുതിയ ഭാഷകള്‍ പഠിച്ചെടുക്കുക തന്നെയാണ്. ആര്‍.എസ്.എസിനു നിര്‍ണായക ഭൂരിപക്ഷമുള്ള കേന്ദ്ര സര്‍ക്കാരിനെതിരായി പോരാടുന്നതില്‍ പോലും മുസ്‌ലിം ന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെ അത്ര വലിയ പങ്ക് ആര്‍ക്കാണുള്ളത്? കര്‍ഷക പ്രക്ഷോഭവും സവര്‍ണ സംവരണവും പൗരത്വ പ്രക്ഷോഭവും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ തന്നെ അതിശക്തമായി ഉന്നയിക്കപ്പെട്ടു.
നിയമ - രാഷ്ട്രീയത്തിന്റെ
പ്രതിസന്ധികള്‍
ഭരണഘടനാപരവും നിയമപരവുമായ ഭാഷയില്‍ സംസാരിച്ചുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രീയം അതിന്റെ പ്രതിരോധ ഭാഷ ചിട്ടപ്പെടുത്തിയിട്ടുള്ളത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഈ ന്യൂനപക്ഷ രാഷ്ട്രീയ പ്രതലത്തില്‍ തന്നെ തങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ അവകാശങ്ങളെ, ജനാധിപത്യ സംവിധാനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുസ്‌ലിംകള്‍ ഉന്നയിച്ചത്. എന്നാല്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രശ്‌നങ്ങളെ ഉന്നയിക്കുന്നിടത്ത് 'ഇന്ത്യക്ക് ഭീഷണിയായ പുറത്തുള്ളവരെന്ന' പഴി എന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് മുസ്‌ലിം രാഷ്ട്രീയം. ഒരുപക്ഷേ മറ്റു സാമുദായിക സംഘടനകള്‍ക്ക് ഒരിക്കലും ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ലാത്ത, കൂറ് തെളിയിക്കേണ്ട പ്രശ്‌നം, മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രതിനിധാനത്തിന്റെ മൂലശിലകളിലൊന്നാണ്.
ബാബരിയെന്ന പള്ളിയും അതിന്റെ ഓര്‍മയും അതിന്മേലുള്ള അവകാശവും മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ ഉന്നയിച്ചത് ഭരണഘടനാപരവും നിയമപരവുമായ ഭാഷകളിലൂടെ തന്നെയായിരുന്നു. പക്ഷേ അത്തരം അവകാശ രാഷ്ട്രീയം തന്നെ പരാജയപ്പെടുന്നിടത്ത് പ്രതിസന്ധിയിലാവുന്നത് ബാബരിയെന്ന പള്ളിയുടെ ഉടമസ്ഥാവകാശം മാത്രമല്ല, മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മേഖലയില്‍ നിലനില്‍ക്കുന്ന ന്യൂനപക്ഷ അവകാശ രാഷ്ട്രീയമണ്ഡലം കൂടിയാണ്.
ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ പള്ളി തകര്‍ത്തതും അതിലെ പ്രതികളെ വെറുതെ വിട്ട വിധിയും മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം പണിയാന്‍ അനുവദിച്ചുള്ള സുപ്രിംകോടതി വിധിയും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ആഴമേറിയതാണ്. ആര്‍.എസ്.എസിന്റെ മുഖപത്രമായ 'ഓര്‍ഗനൈസര്‍' 1985 ല്‍ മുന്നോട്ടുവച്ച തര്‍ക്കപരിഹാര സമീപനമാണ് കോടതിയും സ്വീകരിച്ചത് എന്നതു ആഴത്തില്‍ വിലയിരുത്തേണ്ട കാര്യമാണ്. ഹിന്ദുസമൂഹം സംഭാവന നല്‍കി മറ്റൊരിടത്ത് പള്ളി പണിയാനുള്ള അവസരം നല്‍കാമെന്ന അവരുടെ അന്നത്തെ വാദം നിയമപരമായി നിലവില്‍ വന്നുവെന്നതു കൃത്യമായ ഒരു സന്ദേശമാണ്. ആര്‍.എസ്.എസിന്റെ സമ്പൂര്‍ണ ഫാസിസത്തിന്റെ വളര്‍ച്ചയെ നേരിട്ടു അഭിമുഖീകരിക്കാന്‍ ജനാധിപത്യ വഴിയിലൂടെ കരുത്തു നേടുക എന്നതാണ് ഇനി മുന്നോട്ടുള്ള പാത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."