പശുക്കള്‍ക്ക് നരക ജീവിതം സുരേഷ്‌ഗോപി എം.പി അംഗമായ ട്രസ്റ്റിലെ ഗോശാലയില്‍: പ്രതികരിക്കാതെ താരം, സര്‍ക്കാര്‍ നിയമനടപടിക്ക്
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ഗോശാലയില്‍ പശുക്കള്‍ക്കും കിടാങ്ങളുടെയും നരകജീവിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സുരേഷ് ഗോപി എം.പി അംഗമായ ട്രസ്റ്റിന്റെ കീഴിലുള്ള ഗോശാലയിലാണ് ഗോമാതാക്കള്‍ക്കും കിടാങ്ങള്‍ക്കും നരകതുല്യ ജീവിതം നയിക്കേണ്ടി വരുന്നത്.
കൈയടിനേടാന്‍ ഗോ സംരക്ഷകരാകുന്ന എം.പിയുടെ പാര്‍ട്ടിക്കാരും എത്താത്തതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.
19 പശുക്കളും 17 കിടാങ്ങളുമാണ് ഇവിടെയുള്ളത്. ഇവയെ പരിചരിക്കാന്‍ ആളില്ല. ഇവയ്ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കാറില്ല. സമയത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെ പശുക്കളും കിടാങ്ങളും എല്ലും തോലുമായ ദുരവസ്ഥയെക്കുറിച്ച് സുപ്രഭാതം ഓണ്‍ലൈനും വാര്‍ത്ത നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം പശുക്കിടാവിനെ നായ്ക്കള്‍ കടിച്ചുകൊന്നതും പരിചാരകരില്ലാത്തതുകൊണ്ടുതന്നെയായിരുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭൂമിയില്‍ കുതിരമാളികയ്ക്ക് സമീപത്താണ് സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാല. ക്ഷേത്രത്തിലേക്ക് പാല് നല്‍കാനായാണ് ഗോശാല പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, മേല്‍ക്കൂര പോലുമില്ലാത്ത ഗോശാലയിലാണ് ഇപ്പോള്‍ ഇവയുടെ വാസം.
മുമ്പ് 15 ലിറ്റര്‍ പാല് കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ നാല് ലിറ്റര്‍ പാലുമാത്രമാണ് ലഭിക്കുന്നതെന്നാണ് ഗോശാല നടത്തിപ്പുകാര്‍ തന്നെ പറയുന്നത്.
അതേ സമയം ഗോശാലയിലെ പശുക്കളുടെയും കിടാങ്ങളുടെയും ദയനീയാവസ്ഥയെക്കുറിച്ച് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്നലെ അറിയിച്ചിരുന്നു. ഗോശാലയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടോയെന്നും പരിശോധിക്കുമെന്നും ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നായ്ക്കളുടെ കടിയേറ്റ് പശുക്കുട്ടി ചത്ത സംഭവത്തെ തുടര്‍ന്ന് ഗോശാല സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇതേ തുടര്‍ന്നാണ് പശുക്കളെ പട്ടിണിക്കിട്ട സംഭവത്തില്‍ സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു അറിയിച്ചു. ഗോശാലയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് മൃഗസംരക്ഷണവകുപ്പ് ഇടപെട്ടത്.
പശുക്കളെ മറ്റ് ഫാമിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. വെറ്റിനറി ഡോക്ടര്‍മാരുടെ സംഘമെത്തി പശുക്കളെ പരിശോധിക്കും. ആവശ്യത്തിന് കാലിത്തീറ്റയും പുല്ലും എത്തിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
കുതിരമാളികയ്ക്ക് സമീപത്ത് കൊട്ടാരം വക ഭൂമിയിലാണ് ക്ഷേത്രത്തിലേക്ക് പാല്‍ നല്‍കാനായി സ്വകാര്യഗോശാല തുടങ്ങിയത്. ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് പാല്‍ നല്‍കുന്നത് പേരിന് മാത്രം.
36 പശുക്കളാണ് ഇപ്പോള്‍ പട്ടിണി കിടന്ന് എല്ലും തോലുമായ സ്ഥിതിയില്‍ ഇവിടെയുളളത്.
ക്ഷേത്രം ഗോശാലയിലേക്ക് ഈ പശുക്കളെ മാറ്റാന്‍ തയാറാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."