മലയാളികളുടെ അഭിമാനമായ ജൈസല്‍ ഇന്ന് ബഹ്‌റൈനില്‍
മനാമ: നാട്ടിലെ പ്രളയകാലത്ത് സ്വന്തം ചുമല്‍ ചവിട്ടുപടിയാക്കി സഹജീവികള്‍ക്ക് കാരുണ്യവും കരുതലും നല്‍കി, ലോക ശ്രദ്ധ പിടിച്ചു പറ്റിയ മത്സ്യത്തൊഴിലാളി ജൈസല്‍ ഇന്ന് (ശനിയാഴ്ച) ബഹ്‌റൈനിലെത്തും.
പ്രവാസി സംഘടനയായ സിംസ് ബഹ്‌റൈന്‍ ഇവിടെ കേരളീയ സമാജത്തില്‍ സംഘടിപ്പിക്കുന്ന 'കേരള സോളിഡാരിറ്റി' ഡിന്നറിലും പൊതുസമ്മേളനത്തിലും സംബന്ധിക്കാനാണ് ജൈസല്‍ ആദ്യമായി ഇന്ന് ബഹ്‌റൈനിലെത്തുന്നത്. ജൈസലിന് പാസ്‌പോര്‍ട് ലഭിച്ച ശേഷമുള്ള പ്രഥമ ഗള്‍ഫ് സന്ദര്‍ശനം കൂടിയാണ് ബഹ്‌റൈനിലേത്. നിരവധിരാജ്യങ്ങളില്‍ നിന്നുള്ള ക്ഷണം ഇതിനകം അദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിലും പാസ്‌പോര്‍ട്ട് എടുക്കാത്തതിനാല്‍ യാത്ര സാധ്യമായിരുന്നില്ല.
ഇന്ത്യക്ക് പുറത്ത് ആദ്യമായി ബഹ്‌റൈനിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രസ്തുത ചടങ്ങില്‍ വെച്ച് അഹേത്തെ ആദരിക്കുമെന്നും സിംസ് പ്രോഗ്രാം സംഘാടകര്‍ സുപ്രഭാതത്തെ അറിയിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. ജൈസല്‍ ബഹ്‌റൈനിലെത്തുമെന്നറിഞ്ഞതോടെ വിവിധ സംഘടനാ പ്രതിനിധികളും പ്രവാസികളും അദ്ധേഹത്തിന് സ്വാഗതവും ആശംസകളുമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആശംസാ സന്ദേശങ്ങള്‍ പ്രവാസി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും ഇതിനകം വ്യാപകമാണ്.
താനൂര്‍ ചാപ്പപ്പടി കടപ്പുറം സ്വദേശിയായ ജൈസല്‍ (32), നാട്ടിലെ പ്രളയസമയത്ത് ദുരന്തനിവാരണ സേനയുടെ റബര്‍ ഡിങ്കിയിലേക്ക് ആളുകള്‍ക്കു ചവിട്ടിക്കയറാനായി കുന്നിഞ്ഞു നില്‍ക്കുന്ന ചിത്രം നേരത്തെ വൈറലായിരുന്നു. എന്‍.ഡി.ആര്‍.എഫിന്റെ റബര്‍ ഡിങ്കിയിലേക്ക് കയറാന്‍ ചവിട്ടുപടി അന്വേഷിച്ചപ്പോഴാണ് ജൈസല്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കി കുന്നിഞ്ഞു നിന്നത്. ഈ ചിത്രം പകര്‍ത്തിയതും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതും നാട്ടില്‍ അവധിയിലെത്തിയ സഊദി പ്രവാസിയും വേങ്ങര സ്വാഗതമാട് സ്വദേശിയുമായ നയീം ബാപ്പു(40)വായിരുന്നു. ഈ വൈറലായ ചിത്രം പിന്നീട് ദേശീയഅന്തര്‍ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായി.
ലോകത്തുടനീളമുള്ള മലയാളികളുടെ അഭിമാനമായി വിശേഷിപ്പിക്കപ്പെട്ട ജൈസലിന് ഇതിന്റെ പേരില്‍ നിരവധി അംഗീകാരവും പ്രശംസകളും ഉപഹാരങ്ങളും ലഭിച്ചിരുന്നു. മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ മറാട്‌സോ കാര്‍ കേരളത്തില്‍ പുറത്തിറക്കിയപ്പോള്‍ ആദ്യ വാഹനം സ്‌നേഹസമ്മാനമായി ലഭിച്ചതും ജൈസലിനായിരുന്നു. ഭാര്യ ജസീറയും ജിര്‍വാന്‍, ജിഫ മോള്‍, ജുബി മോള്‍ എന്നിങ്ങനെ മൂന്നുമക്കളും അടങ്ങുന്നതാണ് ജൈസലിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."