ലഹരി മാഫിയക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരേ രക്ഷിതാക്കള്‍ സംഘടിക്കുന്നു
കുറ്റിപ്പുറം: ലഹരി മാഫിയാ സംഘങ്ങള്‍ വിദ്യാലയ പരിസരങ്ങള്‍ കൈയടക്കി വിദ്യാര്‍ഥികളെ വലയില്‍പെടുത്താന്‍ ശ്രമിക്കുന്നതിരെയും പെണ്‍കുട്ടികളെ വഴി തെറ്റിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയുമാണ് രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരും സംഘടിക്കുന്നത്. വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കൂട്ടായ്മ രംഗത്ത് വന്നിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത സ്‌ക്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് യോഗം വിപുലമായ പരിപാടികള്‍ക്കു രൂപം നല്‍കി.
ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും പ്രായമാകാത്ത കുട്ടികള്‍ ബൈക്കില്‍ ഹെല്‍മറ്റ് പോലുമില്ലാതെ രണ്ടും മൂന്നും ആളെ വെച്ച് പറക്കുന്നത് നിയന്ത്രിക്കുന്നതിനും സ്‌കൂള്‍ പരിസരത്തും വഴികളിലും അപരിചിതര്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യാനായി വട്ടമിടുന്നതും രാത്രികാലങ്ങളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുളള സാമൂഹിക വിരുദ്ധരുടെ ശല്യം തടയാനും ബന്ധപ്പെട്ടവരുടെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കും.
സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പൂര്‍വ വിദ്യാര്‍ഥികളുടെയും മറ്റും സഹ കരണത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മുളക്കല്‍ മുഹമ്മദലി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."