ബോധ്ഗയ മുതല്‍ സാരനാഥ് വരെ
ബിഹാറിലെ ഗയ റെയില്‍വേസ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണി. ഞങ്ങളെ കണ്ടതും രണ്ടുമൂന്ന് ഓട്ടോവാലകള്‍ പിറകെ കൂടി. ബോധ്ഗയയിലെ കാഴ്ചകള്‍ കണ്ട് ഗയ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചത്തിക്കുന്നതിനു 500 രൂപയാണ് ചോദിച്ചത്. അതു കൂടുതലോ കുറവോ എന്നൊന്നും ചിന്തിക്കാതെ ഞങ്ങളത് ഉറപ്പിച്ചു.
ഓട്ടോവാല പ്രിന്‍സ് കുമാര്‍ ഒരു പയ്യനാണ്. ഇരുപതോ ഇരുപത്തിരണ്ടോ വയസു കാണും. ഒരു ഹിന്ദിപ്പാട്ടും മൂളിക്കൊണ്ടാണ് ഡ്രൈവിങ്. ഞാനും സുഹൃത്ത് സിഗ്നിദേവരാജും ആ മുച്ചക്ര ശകടത്തിലിരുന്ന് പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകള്‍ പായിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളില്‍ ചെന്നുചാടാതിരിക്കാന്‍ പ്രിന്‍സുകുമാര്‍ ഇടയ്ക്കിടെ ഓട്ടോ വെട്ടിത്തിരിക്കുകയും മറ്റു ശകടങ്ങളില്‍ മുട്ടാതിരിക്കാന്‍ സമര്‍ഥമായി ഒഴിഞ്ഞുമാറുകയും ചെയ്യുന്നുണ്ട്. അവന്റെ സാമര്‍ഥ്യം കണ്ട് ഞങ്ങള്‍ക്ക് പേടി തോന്നി. ഹരേ ഭായ്, സാവധാന്‍ ചലോ.. ഞാന്‍ പറഞ്ഞുനോക്കിയെങ്കിലും പ്രിന്‍സ് കേട്ടില്ല. അരമണിക്കൂര്‍ കൊണ്ട് അവന്‍ ഞങ്ങളെ ബോധ്ഗയയില്‍ എത്തിച്ചു.
കാഴ്ചകള്‍ കണ്ടു സന്ധ്യയ്ക്കു മുന്‍പ് ഗേറ്റില്‍ തിരിച്ചെത്തണം എന്ന നിര്‍ദ്ദേശവും നല്‍കി പ്രിന്‍സ് ആള്‍ക്കൂട്ടത്തിലേക്ക് വലിഞ്ഞു. ഞങ്ങള്‍ ഗേറ്റ് കടന്നു മുന്നോട്ടേക്ക് നടന്നു. വിശാലമായ മൈതാനപ്പരപ്പില്‍ അത്ര വലുതല്ലാത്ത ചില കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അങ്ങുമിങ്ങും തണല്‍വിരിച്ചും പടര്‍ന്നു പന്തലിച്ചും കുറച്ചു ബോധിവൃക്ഷങ്ങളും. വിഖ്യാതമായ ബോധിവൃക്ഷവും അതിനു സമീപത്തുള്ള ബോധിക്ഷേത്രവും ഒരു ചുറ്റുമതിലിനുള്ളിലാണ്. ചെരുപ്പും മൊബൈല്‍ ഫോണും കൗണ്ടറില്‍ ഏല്‍പ്പിച്ചെങ്കിലേ അതിനകത്തേക്കു പ്രവേശനമുള്ളൂ. മൊബൈല്‍ ഫോണില്ലാതെ അതിനകത്തെ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താനാകില്ലല്ലോ എന്ന നിരാശ എന്നെ പിടികൂടി. ബുദ്ധന്റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ നിന്നുകൊണ്ട് ഇങ്ങനെയൊന്നും ചിന്തിക്കരുതെന്ന് സുഹൃത്ത് ഉപദേശിച്ചപ്പോഴാണ് ഞാനൊന്നടങ്ങിയത്.
അകത്തു കയറ്റാനാകാത്ത വസ്തുവകകളെല്ലാം കൗണ്ടറില്‍ ഏല്‍പ്പിച്ച് മറ്റൊരു കവാടവും കടന്ന് ഞങ്ങള്‍ പിന്നെയും മുന്നോട്ടുനടന്നു. ചെന്നുനിന്നത് ചരിത്രപ്രസിദ്ധമായ ബോധി ക്ഷേത്രത്തിനു മുന്നില്‍. ബി.സി മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവര്‍ത്തി പണികഴിപ്പിച്ച ക്ഷേത്രം പലതവണ പുതുക്കിപ്പണിത് ഇപ്പോള്‍ സ്തൂപികാകൃതി കൈവരിച്ചിരിക്കുന്നു. ഞങ്ങള്‍ അകത്തു കയറി.
അകത്ത് ഭക്തജനങ്ങളുടെയും സഞ്ചാരികളുടെയും തിരക്ക്. ചില തീര്‍ഥാടകര്‍ ബുദ്ധവിഗ്രഹത്തില്‍ പുതുവസ്ത്രങ്ങള്‍ അണിയിക്കുന്ന തിരക്കിലാണ്. അതൊരു ആചാരമാണ്. ഞങ്ങളെത്തും മുന്‍പേ നിരവധിപേര്‍ അതു നിര്‍വഹിച്ചു കഴിഞ്ഞു. ഇനിയും എത്രയോ പേര്‍ ക്യൂവിലുമുണ്ട്. ഞങ്ങള്‍ കുറച്ചുനേരം ആ ചടങ്ങ് നോക്കിനിന്നു. പിന്നെ പതുക്കെ പുറത്തുകടന്നു വീതികുറഞ്ഞ നടപ്പാതയിലൂടെ ക്ഷേത്രത്തിനു പുറകിലെത്തി.
മുന്നില്‍ ഒരു ബോധിവൃക്ഷം. അതിനു ചുറ്റും കുറെ ആളുകളും. ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലവും ആ മഹാനുഭവന് തണല്‍വിരിച്ചു നിന്ന ബോധിവൃക്ഷത്തിന്റെ ഇളമുറക്കാരനും ആണത്. അന്നത്തെ ബോധിവൃക്ഷം ഇന്നില്ലെങ്കിലും പിന്‍മതലമുറക്കാരിലൊരാള്‍ അതേസ്ഥാനത്ത് ഇപ്പോഴുമുണ്ടെന്നത് അതിശയയം തന്നെ. അതിനു ചുറ്റുമാണ് ഭക്തജനങ്ങളും സഞ്ചാരികളും വട്ടമിട്ടുനില്‍ക്കുന്നത്. ഭൂമിയുടെ പൊക്കിള്‍ക്കൊടി അവിടെയാണെന്ന് ബുദ്ധമത വിശ്വാസികള്‍ കരുതുന്നുമുണ്ട്. അതെന്തായാലും 2600 വര്‍ഷം മുന്‍പ് ബുദ്ധന്‍ ധ്യാനനിരതനായി ഇരിക്കുകയും ബോധോദയം ലഭിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന സ്ഥലമാണല്ലോ അത്. ഞാനും സുഹൃത്തും അങ്ങോട്ടു കടന്നുചെന്നു. എന്റെ അകക്കണ്ണ് തുറന്നതും നേപ്പാളിലെ ലുംബിനി രാജകൊട്ടാരത്തില്‍ നിന്നു ഗൗതമബുദ്ധന്‍ വാതില്‍ തുറന്നു പുറത്തുകടന്നു. ഭാര്യയേയും ഏകസന്താനത്തെയും ഉപേക്ഷിച്ച് സകല ദു:ഖങ്ങള്‍ക്കും പരിഹാരമാര്‍ഗവും തേടിയുള്ള ഒരു യാത്രയുടെ തുടക്കമാണത്. ഒടുവില്‍ ബോധ്ഗയയിലെ ഈ ബോധിവൃക്ഷത്തണലില്‍ ആ യാത്ര എത്തിനിന്നു. പിന്നെ കൊടും ധ്യാനം. ഒടുവില്‍ വൈശാഖമാസത്തിലെ ഒരു ശുക്ലപക്ഷത്തില്‍ ബോധോദയവും!
ജ്ഞാനോദയം ലഭിച്ച ബുദ്ധന്‍ ഏഴാഴ്ച ബോധ്ഗയയില്‍ തന്നെ തങ്ങി. പിന്നെ ധര്‍മപ്രഭാഷണത്തിനായി സാരനാഥിലേക്ക് പുറപ്പെട്ടു. സാരനാഥിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് ഭാര്യ യശോധയേയും മകന്‍ രാഹുലിലെയും ചെന്നു കണ്ടുവെന്നും അതിനുശേഷമാണ് സാരനാഥിലേക്ക് പുറപ്പെട്ടതെന്നും അഭിപ്രായമുണ്ട്. അതെന്തായാലും ബോധോദയത്തിലൂടെ ലഭിച്ച അഷ്ടാംഗമാര്‍ഗം ആദ്യം പകര്‍ന്നു കൊടുത്തത് ഉദ്ദകമുനിയുടെ ശിഷ്യത്വം അവസാനിപ്പിച്ച് ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കുകയും പിന്നീട് പിണങ്ങിപ്പിരിഞ്ഞുപോകുകയും ചെയ്ത അഞ്ചു ശിഷ്യര്‍ക്ക് ആയിരുന്നുവെന്നാണ് പ്രബലമായ അഭിപ്രായം. സന്ന്യാസിമാര്‍ക്കു ചേരാത്ത മാംസഭക്ഷണം ബുദ്ധന്‍ ഭക്ഷിച്ചു തുടങ്ങിയതത്രേ ആ പിണങ്ങിപ്പിരിച്ചിലിനു കാരണം. എങ്കിലും ആദ്യത്തെ ധര്‍മപ്രഭാഷണം അവര്‍ക്കുതന്നെ നല്‍കണമെന്ന് ബുദ്ധന്‍ നിശ്ചയിച്ചു. അവരെ തേടിയാണ് അദ്ദേഹം സാരനാഥിലേക്ക് പുറപ്പെട്ടത്.
സൂര്യന്‍ അസ്തമയ ദിക്കില്‍ ചെഞ്ചായം പൂശി വിടപറയാന്‍ ഒരുങ്ങി നിന്നപ്പോള്‍ ബോധ്ഗയയിലെ പ്രധാനകാഴ്ചകള്‍ കണ്ടുതീര്‍ത്തു ഞങ്ങളും സ്ഥലം വിടാന്‍ തയ്യാറായി നിന്നു. ഞങ്ങളെ കണ്ടതും പ്രിന്‍സ് കുമാര്‍ എവിടെനിന്നോ ഓടിയെത്തി ഓട്ടോറിക്ഷക്കുള്ളിലേക്ക് ചാടിക്കയറി. റോഡിലെ കുണ്ടുംകുഴികളും പരമാവധി ഒഴിവാക്കി അവന്‍ ഓട്ടോറിക്ഷ മുന്നോട്ടുപായിച്ചു. ശകടം റെയില്‍വേസ്റ്റേഷനു മുന്നിലെത്തി നില്‍ക്കുമ്പോള്‍ നേരം നന്നായി ഇരുട്ടിയിരുന്നു. ഞങ്ങള്‍ റിക്ഷയില്‍ നിന്നു പുറത്തിറങ്ങിയതും ഹരേ ഭായ്, ഏക് സൗ ബീ (ഒരു നൂറ് രൂപ കൂടി) എന്നു പറഞ്ഞുകൊണ്ട് പ്രിന്‍സ് പിന്നെയും കൈനീട്ടി. ഞങ്ങള്‍ ഒരു സൗഹൃദച്ചിരിയോടെ ആ അഭ്യര്‍ഥന നിരസിച്ചുകൊണ്ട് റെയില്‍വേസ്റ്റേഷനുള്ളിലേക്കു കടന്നു.
വാരണാസിയിലെ
നബിദിന റാലി
ഐ.ആര്‍.ടി.സിയുടെ ഭാരത് ദര്‍ശന്‍ ട്രെയിന്‍ വാരണാസി യാത്രക്കുള്ള ഒരുക്കങ്ങളുമായി മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. സുപ്രിംകോടതിയുടെ ഇന്നത്തെ അയോധ്യവിധി വന്ന ശേഷമേ വണ്ടി പുറപ്പെടൂ എന്ന് ആരോ പറയുന്നതു കേട്ടു. രാത്രി വൈകിയാണ് ആ വിധി വന്നത്. ഉടനെ വണ്ടി പുറപ്പെടുകയും ചെയ്തു.
പിറ്റേന്ന് പുലര്‍ച്ച ആറു മണിക്ക് ഞങ്ങള്‍ കാശിയെന്നും ബനാറസെന്നും പേരുള്ള വാരണാസിയില്‍ എത്തി. കാശി വിശ്വനാഥക്ഷേത്രവും ഗംഗയിലെ സ്‌നാനഘട്ടങ്ങളും ഒന്നോടിച്ചു കണ്ട് സാരനാഥിലേക്ക് പുറപ്പെടാനായിരുന്നു പരിപാടി.
കാശി വിശ്വനാഥ ക്ഷേത്രത്തിലെ തിരക്കും ക്ഷേത്ര പരിസരത്തെ വലിയ പൊലിസ് സന്നാഹവും കണ്ടപ്പോള്‍ ക്ഷേത്രപ്രവേശനം തല്‍ക്കാലം വേണ്ടെന്നുവച്ച് ഞങ്ങള്‍ മുന്നോട്ടുനടന്നു. അപ്പോഴാണ് ഒരു നബിദിന റാലി ആ വഴി കടന്നുവരുന്നത് കണ്ടത്. രാജ്യമെങ്ങും നബിദിന റാലി നടന്നുകൊണ്ടിരിക്കുന്ന സമയമാണെങ്കിലും കാശിയില്‍ അത്തരമൊരു ഘോഷയാത്ര ഞങ്ങള്‍ തീരേ പ്രതീക്ഷിച്ചില്ല. അലങ്കരിച്ച മോട്ടോര്‍ വാഹനങ്ങളുടെയും കുതിരവണ്ടികളുടെയും അകമ്പടിയോടെ ആബാലവൃദ്ധര്‍ അതില്‍ അണിചേര്‍ന്നിരുന്നു. നബിതിരുമേനിയുടെ മദ്ഹ് ഗീതങ്ങള്‍ പാടിയും ഇന്ത്യന്‍ ദേശിയപതാക ഉയര്‍ത്തിവീശിക്കൊണ്ടുമായിരുന്നു ഘോഷയാത്ര.
നബിദിനറാലി കണ്ടുകഴിഞ്ഞപ്പോഴേക്കും നേരം വൈകി. ഞങ്ങള്‍ വേഗം സ്‌നാനഘട്ടിലേക്ക് നടന്നു. ഇതിനിടെ ശവമഞ്ചങ്ങള്‍ വഹിച്ചുകൊണ്ടുള്ള ചെറുസംഘങ്ങളുടെ ഘോഷയാത്ര പലതും ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു. കാശിയില്‍വച്ച് മരണമടഞ്ഞാല്‍ മോക്ഷം ഉറപ്പാണെന്നാണ് ഹിന്ദുമത വിശ്വാസം. അതുകൊണ്ടുതന്നെ ദൂരദിക്കുകളില്‍ നിന്നുപോലും എത്രയോ മൃതശരീരങ്ങള്‍ കാശിയിലെ സ്‌നാനഘട്ടുകളില്‍ എത്തുന്നുണ്ട്. പ്രത്യേകിച്ച് ഗംഗയിലെ മണികര്‍ണികാ ഘട്ടില്‍ മൃതശരീരങ്ങള്‍ മിക്കതും അവിടെയാണ് ദഹിപ്പിക്കപ്പെടുന്നത്. ചിതാഭസ്മവും കത്തിയെരിയാത്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ഗംഗയിലേക്കു തന്നെ തള്ളും. അവ ഗംഗയില്‍ അഴുകിയൊഴുകി നടക്കുന്നതും ഗംഗ മലിനമാകുന്നതും എന്നും ചൂടുള്ള വാര്‍ത്തകളാണ്.
ഞങ്ങള്‍ സ്‌നാനഘട്ടില്‍ എത്തുംമുന്‍പേ രണ്ടുമൂന്നാളുകള്‍ വ്യത്യസ്ത സ്ഥലത്തുവച്ച് ഞങ്ങളെ സമീപിച്ചു. ഗംഗാനദിയില്‍ ഒരു ബോട്ടുയാത്ര നടത്തുന്നതിനുള്ള കരാറ് ഉറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു അവരുടെ വരവ്. താതമ്യേന കുറഞ്ഞ നിരക്ക് പറഞ്ഞ ഒരാളുമായി ഞങ്ങള്‍ കരാറുറപ്പിച്ചു.
സ്‌നാനഘട്ടില്‍ പടവുകളിറങ്ങി ഗംഗയിലെ വെള്ളം തൊട്ട് ഒന്നു നിവര്‍ന്നുനിന്ന് ഇരുവശങ്ങളിലേക്കും കണ്ണോടിച്ചപ്പോള്‍ കിലോ മീറ്ററുകളോളം നീളത്തില്‍ അതങ്ങനെ നീണ്ടുകിടക്കുന്നു. നദീമധ്യത്തില്‍ നിന്നു നോക്കിയാല്‍ സ്‌നാനഘട്ടുകള്‍ ഇതിലും മനോഹരമാകും എന്നോര്‍ത്തപ്പോള്‍ ബോട്ടില്‍ കയറാന്‍ ഞങ്ങള്‍ക്ക് ധൃതിയായി. ബോട്ടില്‍ കയറി ഇരുന്നപ്പോഴാണ് ഒരു കാര്യം ബോധ്യമായത്. നേരത്തെ വ്യത്യസ്ത സ്ഥലങ്ങളില്‍ വച്ച് കരാറുറപ്പിക്കാന്‍ വന്ന മൂന്നുപേരും ഞങ്ങള്‍ കയറിയ ബോട്ടിലെ ജീവനക്കാരാണ്. അതെ, അവര്‍ ശരിക്കും ഞങ്ങളെ പറ്റിച്ചു.
ബോട്ട് അല്‍പ്പദൂരം ഗംഗാനദി മുറിച്ചുനീന്തി നെടുനീളത്തില്‍ നീങ്ങിത്തുടങ്ങി. പ്രതീക്ഷിച്ചപോലെ സ്‌നാനഘട്ടുകളുടെ മനോഹരകാഴ്ച ദൃശ്യമായി. ബ്രഹ്മാവ് പത്ത് അശ്വമേധം നടത്തിയ ദശാശ്വമേധ് ഘട്ട്, ഗംഗാ ആരതി നടത്തുന്ന അസിഘട്ട്, ഹരിശ്ചന്ദ്ര ചക്രവര്‍ത്തി ശ്മശാന കാവല്‍ക്കാരനായി നിന്ന ഹരിശ്ചന്ദ്രഘട്ട്, മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന മണികര്‍ണികാഘട്ട്... അങ്ങനെ പോകുന്നു സ്‌നാനഘട്ടുകളുടെ നിര.
സാരനാഥിലേക്ക്
വാരണാസിയിലെ കാഴ്ചകള്‍ കണ്ട് നേരം പോയതറിഞ്ഞില്ല. ഇന്നലെ ബോധ്ഗയയിലെ കാഴ്ചകള്‍ കണ്ടിറങ്ങുമ്പോള്‍ വാരണാസിക്കടുത്തുള്ള സാരനാഥും സന്ദര്‍ശിക്കണമെന്ന് തീരുമാനിച്ചതാണ്. ഈ വൈകിയ നേരത്ത് ഇനി അതു സാധ്യമാകുമെന്നു തോന്നുന്നില്ല. എങ്കിലും ഞങ്ങള്‍ പുറപ്പെട്ടു. ഒരു ഓട്ടോ പിടിച്ചായിരുന്നു അങ്ങോട്ടേക്കും യാത്ര.
വാരണാസിയില്‍ നിന്ന് 10 കി.മീ. ദൂരമേ സാരനാഥിലേക്കുള്ളൂ. പക്ഷേ, ഞങ്ങളെത്തും മുന്‍പേ അവിടെ ഇരുട്ട് പരന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചുകഴിഞ്ഞു. ഇരുന്നൂറ്റിയമ്പതാമാണ്ടില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച പ്രശസ്തമായ അശോകസ്തംഭം സാരനാഥിലാണ്. ഇന്ത്യയുടെ ദേശീയചിഹ്നം ആ സ്തംഭത്തിന്റെ മുകള്‍ഭാഗത്തെ ശില്‍പ്പമാണല്ലോ. ആ ശില്‍പ്പം ഇപ്പോള്‍ സാരനാഥ് മ്യൂസിയത്തിന് അകത്തുണ്ട്. ഇവിടംവരെ വന്നിട്ട് അതൊന്നു കാണാനായില്ലല്ലോ എന്ന നിരാശ എന്നെ പിന്നെയും പിടികൂടി.
സന്ധ്യ മയങ്ങിയ നേരമാണെങ്കിലും ഞങ്ങള്‍ അവിടെയൊക്കെ ഒന്നു കറങ്ങി. അങ്ങനെയാണ് മുന്നില്‍കണ്ട മൂലഗന്ധിഘട്ടി എന്ന ബുദ്ധവിഹാരത്തിലേക്ക് കയറിച്ചെന്നത്. അവിടെ നല്ല തിരക്കുണ്ടായിരുന്നു. പരിസരമാകെ കൊടിതോരണങ്ങളും ദീപാലങ്കാരങ്ങളും കൊണ്ട് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നുമുണ്ട്. അന്വേഷിച്ചപ്പോള്‍ അവിടെ ബുദ്ധമത സമ്മേളനം നടക്കുകയാണെന്നറിഞ്ഞു.
വിഹാരത്തിനകത്ത് നേരത്തെ ബോധ്ഗയയില്‍ കണ്ടതുപോലെ ഭക്തജനങ്ങള്‍ ബുദ്ധവിഗ്രഹത്തെ പുതുവസ്ത്രം അണിയിക്കുന്ന തിരക്കിലാണ്. ഞങ്ങള്‍ മുകളിലേക്കുള്ള ഗോവണി കയറി ലൈബ്രറിയിലെ വിലപ്പെട്ട ബുദ്ധമത ഗ്രന്ഥങ്ങള്‍ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. ബുദ്ധമതസമ്മേളനം നടക്കുന്നതിനാല്‍ അങ്ങോട്ടേക്കുള്ള പ്രവേശനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കയാണത്രെ. ഞങ്ങള്‍ പുറത്തുകടന്നു നേരെ വലതുവശത്തെ പ്രാര്‍ഥനാകേന്ദ്രത്തിലേക്ക് നടന്നു.
അവിടെ ചെന്നെത്തിയതും ഞാന്‍ അദ്ഭുത സ്തബ്ധനായി നിന്നുപോയി. മറ്റൊന്നും കൊണ്ടല്ല. ബോധോദയം ലഭിച്ച ബുദ്ധന്‍ അഷ്ടാംഗമാര്‍ഗം പകര്‍ന്നു നല്‍കാനായി പഞ്ചശിഷ്യരെയും തേടി സാരനാഥിലേക്കു പുറപ്പെട്ടിരുന്നല്ലോ. ബുദ്ധന്‍ അവിടെയെത്തി ആദ്യത്തെ ധര്‍മപ്രഭാഷണം നടത്തുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. ആ കാഴ്ച കണ്ടു കൊണ്ട് കുറേ സന്ദര്‍ശകര്‍ വേറെയും ഉണ്ടായിരുന്നു. ഞാനും സുഹൃത്തും അവര്‍ക്കൊപ്പം ചേര്‍ന്നുനിന്നു. എന്നിട്ട് ബുദ്ധന്റെ ചുണ്ടുകളിലേക്കു ഞാന്‍ ഒന്നുകൂടി നോക്കി. അത്ഭുതം, മുന്നിലിരിക്കുന്നത് സാക്ഷാല്‍ ബുദ്ധനും ശിഷ്യരുമല്ല. ബുദ്ധന്റെയും പഞ്ചശിഷ്യരുടെയും ശില്‍പ്പങ്ങളാണ്. അതെ, ജീവന്‍തുളുമ്പുന്ന അത്ഭുതശില്‍പ്പങ്ങള്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."