HOME
DETAILS
MAL
ഗുരു ഗൗരവത്തിലാണ് പ്രകൃതിക്ക് കാവലൊരുക്കുന്നതില്‍
backup
December 06 2020 | 04:12 AM
ചുരങ്ങള്‍ കയറുന്നവര്‍ പ്രകൃതിഭംഗിക്കൊപ്പം കാണുന്നൊരു ദയനീയ കാഴ്ചയുണ്ട്. ഓരോ വ്യൂ പോയിന്റുകളുടെ താഴ്ചയിലും ചുറ്റിലും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയിരിക്കും. എന്നാല്‍ നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുന്നതിനിടെ ഒരു വ്യൂ പോയിന്റില്‍ ഈ മാലിന്യക്കൂമ്പാരം കാണാനാവില്ല. പകരം, അവിടം വൃത്തിയാക്കി ഓടിനടക്കുന്നൊരു മനുഷ്യനെ കാണാം. അയാളുടെ കരങ്ങള്‍ മാലിന്യം വീഴുന്നതിനേക്കാള്‍ വേഗത്തില്‍ ചലിക്കും. ഓരോന്നും കൂട്ടിയിട്ട് വൈകുന്നേരമാകുമ്പോള്‍ വീട്ടിലേക്ക് കൊണ്ടുപോകും, സംസ്‌കരിക്കും. ഗുരു എന്ന ആ മനുഷ്യന്‍ കാരണം ഈ വ്യൂ പോയിന്റ് പ്രകൃതിയായി തന്നെ വൃത്തിയോടെ കണ്ടിരിക്കാം.
20 വര്‍ഷങ്ങള്‍
രണ്ടായിരത്തിലാണ് നെല്ലിയാമ്പതിയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. പിറ്റേ വര്‍ഷം മുതല്‍ ഗുരു ഇവിടെയുണ്ട്. 2001 ജനുവരി ഒന്നിന് തുടങ്ങിയ ഗുരു പ്രയാണം ഇന്നും തുടരുന്നു. ലക്ഷ്മണനെന്നാണ് യഥാര്‍ഥ പേര്. ഗുരുവായൂരപ്പനെന്ന് പിന്നീട് പേരുമാറ്റി. അത് വിളിച്ചപ്പോള്‍ ലോപിച്ച് ഗുരുവെന്നായി. ഗുരു നില്‍ക്കുന്ന വ്യൂ പോയിന്റിന് ആളുകള്‍ പേരുമിട്ടു; ഗുരു പോയിന്റ്.
നെന്മാറയിലാണ് വീട്. അവിടെ നിന്ന് രാവിലെ ബസില്‍ ചുരം കയറും. അന്ന് എട്ടു രൂപയായിരുന്നു ബസ് ടിക്കറ്റ്. ഇന്ന് 30 രൂപയായി. ദിവസവും 60 രൂപ സംഘടിപ്പിക്കാനാവാത്തതു കാരണം ബസിനെ ആശ്രയിക്കാന്‍ നില്‍ക്കാറില്ല. പരിചയക്കാര്‍ ആരെങ്കിലുമൊക്കെയുണ്ടാവും. അവരുടെ പിന്നാലെ കൂടി ചുരത്തിലെത്താറാണ് പതിവ്.
ലോക്ക്ഡൗണ്‍ കാലം
മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചുരം കയറിയില്ല. 60 ദിവസത്തിനു ശേഷം എത്തുമ്പോള്‍ പരിസരമാകെ കാടു കയറിയ നിലയിലായിരുന്നു. അത് വെട്ടിവൃത്തിയാക്കി 500 പൂച്ചെടികള്‍ റോഡിന്റെ വശങ്ങളില്‍ കൊണ്ടുവന്നു നട്ടു. എന്നാല്‍ ഇപ്പോള്‍ ഒരു പൂച്ചെടിയും ഇല്ലെന്ന് പരിഭവപ്പെടുന്നു ഗുരു. വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ പറിച്ചുകൊണ്ടുപോയതാണ്. മനുഷ്യന്റെ ആര്‍ത്തിയുടെ അടയാളമെന്നോണം പറിച്ചെടുക്കാനാവാതെ പൊട്ടിച്ച നിലയിലുള്ള ചെടിക്കുറ്റികളും അദ്ദേഹം കാണിച്ചുതന്നു.
കാടിനെ സ്‌നേഹിച്ചാല്‍
ഒരാള്‍ വിചാരിച്ചാല്‍ നെല്ലിയാമ്പതി മുഴുവന്‍ നന്നാക്കാനാവില്ലെന്ന് തനിക്കറിയാം. പക്ഷേ, പ്രകൃതിയെ സ്‌നേഹിച്ചാണ് ഇതു ചെയ്യുന്നത്. ഇവിടെ വരുന്നവര്‍ക്ക് ഇതേപ്പറ്റി അവബോധവും നല്‍കും.
ചെലവിനുള്ള വക എവിടുന്ന് കിട്ടുന്നുവെന്ന ചോദ്യത്തിന്, കാടിനെ സ്‌നേഹിക്കുന്നവരെ കാട് ഒരിക്കലും കൈവിടില്ലെന്നാണ് ഗുരുവിന്റെ പക്ഷം. ആദ്യം ചുരം കയറുമ്പോഴൊക്കെ വട്ടുണ്ടോയെന്ന് ചോദിച്ചിരുന്ന മകന്‍, ഇപ്പോള്‍ കൊണ്ടുവിടണോയെന്ന് ചോദിക്കാന്‍ തുടങ്ങി. പ്രകൃതിയെ സ്‌നേഹിച്ചപ്പോള്‍ തിരിച്ചുകിട്ടിയ സ്‌നേഹമാണത്.
ചെലവും വരുമാനവും
രാവിലെ വരുമ്പോള്‍ കിട്ടാവുന്ന പത്രങ്ങളെല്ലാം എടുക്കും. എല്ലാം വൈകുന്നേരം തിരിച്ചുപോകുമ്പോള്‍ വായിച്ചുതീര്‍ത്തിരിക്കും. ഉച്ചയ്ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന് പാത്രത്തില്‍ കൊണ്ടുവരും.
മുഴുസമയം ബോധവത്ക്കരിക്കാന്‍ ആളുണ്ടെങ്കില്‍പ്പോലും ചിലര്‍ ആരുംകാണാത്ത തക്കംനോക്കി മാലിന്യം തള്ളിപ്പോകും. റോഡിന് വശത്തുപോലുമല്ല, പലരും താഴ്ചയിലേക്കാണ് തള്ളുന്നത്. ഇത് വലിയ ദുരന്തം വരുത്തിവയ്ക്കും. താഴ്ചയില്‍ ആനകളും മറ്റു മൃഗങ്ങളും വസിക്കുന്ന സ്ഥലമാണ്. അവിടെ നിന്ന് മാലിന്യം പെറുക്കിയെടുക്കാന്‍ ഒറ്റയ്ക്കാവില്ല. 500 രൂപ സ്വന്തം കയ്യില്‍ നിന്നെടുത്ത് കൂലി കൊടുത്താണ് ഗുരു അത് പുറത്തെത്തിക്കുന്നത്. ചാക്ക് കണക്കിന് മാലിന്യമുണ്ടാവും ഇങ്ങനെ എടുത്തൊഴിവാക്കാന്‍.
പ്രതിഫലം കിട്ടുമെന്നാഗ്രഹിച്ചല്ല ഈ സേവനത്തിലേര്‍പ്പെട്ടത്. ചിലപ്പോള്‍ പട്ടിണിയാവും. എന്നാലും സ്ഥിരം പോകുന്നവരും തന്നെക്കുറിച്ച് അറിയുന്നവരും പത്തോ ഇരുപതോ രൂപ തന്നിട്ടുപോകും. അതുകൊണ്ടാണ് മാലിന്യം നീക്കാനടക്കമുള്ള ചെലവുകള്‍ വഹിക്കുന്നതെന്ന് അഭിമാനത്തോടെ പറയുന്നു ഗുരു.
ഭാര്യ സതിയും മകന്‍ സതീഷും മകള്‍ സബിതയും ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."