ഭര്‍ത്താവ് മരിച്ച് മൂന്നാം ദിനം ഭാര്യ ഒളിച്ചോടിയതില്‍ ദുരൂഹത; എട്ട് ദിവസം മുന്‍പ് മരണപ്പെട്ടയാളുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും
കാളികാവ്: ഭര്‍ത്താവ് മരണപ്പെട്ട് മൂന്നാം ദിനം ഭാര്യ ഒളിച്ചോടിയതില്‍ ദുരൂഹത. എട്ട് ദിവസം മുന്‍പ് മരണപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ പൊലിസ് നടപടി. കാളികാവ് അഞ്ചച്ചവിടിയിലെ മൈലാടിയില്‍ താമസിച്ചിരുന്ന മരുതത്ത് മുഹമ്മദി(59)ന്റെ മൃതദേഹമാണ് പുറത്തെടുത്ത് മൃതദേഹ പരിശോധന നടത്താന്‍ നടപടിയായിട്ടുള്ളത്. കഴിഞ്ഞ് 21നാണ് മുഹമ്മദ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം അന്നു തന്നെ മുഹമ്മദിന്റെ നാടായ എടക്കര മരുതയില്‍ ഖബറടക്കുകയും ചെയ്തു. ആദ്യ ഭാര്യയിലുള്ള മകന്റെ പരാതിയെ തുടര്‍ന്നാണ് മൃതദേഹം പരിശോധന നടത്താന്‍ തീരുമാനിച്ചത്. പെരിന്തല്‍മണ്ണ ആര്.ഡി.ഒയുടെയും പൊലിസ് സര്‍ജന്റെയും സാന്നിധ്യത്തില്‍ ഇന്ന് മൃതദേഹം പുറത്തെടുക്കും.
അഞ്ചച്ചവിടി മൈലാടിയില്‍ താമസിക്കുന്ന മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ പ്രവൃത്തിയില്‍ സംശയം തോന്നിയാണ് മകന് പൊലിസിനെ സമീപിച്ചത്. ഭര്‍ത്താവ് മരണപ്പെട്ട് മൂന്ന് ദിവസം കഴിയുമ്പോഴേക്ക് ഭാര്യ രണ്ട് മക്കളേയും കൂട്ടി കുടുംബ സുഹൃത്തിന്റെ കൂടെ നാടുവിടുകയും ചെയ്തതായി പരാതിയുണ്ട്. മുഹമ്മദ് മരണപ്പെട്ടതിന്റെ തലേ ദിവസം കുടുംബ സുഹൃത്തായ ഒരാള്‍ ഇവരുടെ വീട്ടിലുണ്ടായിരുന്നതായി പറയുന്നുണ്ട്.
രാത്രി മുഹമ്മദും സുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയില്‍ കുഴഞ്ഞ് വീണ മുഹമ്മദിനെ സുഹൃത്ത് മുറിയില്‍ കൊണ്ടുവന്ന് കിടത്തി. ഇതേ മുറിയില്‍ തന്നെയാണ് കുടുംബ സുഹൃത്തും മുഹമ്മദിന്റെ ഭാര്യയും കഴിച്ചുകൂട്ടിയത്. നേരം വെളുത്തതോടെ കുടുംബ സുഹൃത്ത് പെട്ടെന്ന് വീട്ടില്‍ നിന്ന് പോവുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ഉറക്കത്തില്‍ നിന്ന് ഉണരാത്തതിനെ തുടര്‍ന്ന് ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.
സ്വാഭാവിക മരണമെന്ന നിലയില്‍ മരുതയില്‍ നിന്ന് ബന്ധുക്കളെത്തി ഖബറടക്കം നടത്തുകയാണുണ്ടായത്. അഞ്ചച്ചവിടിയിലെ ഭാര്യ കുടുംബ സുഹൃത്തിന്റെ കൂടെ നാടുവിട്ടു എന്ന പരാതി ഉയര്‍ന്നതോടെയാണ് ബന്ധുക്കള്‍ക്ക് മരണത്തെ കുറിച്ച് ദുരൂഹതയുണ്ടായത്. മകന്റെ പരാതിയില്‍ കാളികാവ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹ പരിശോധനക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."