'സാഗര' പദ്ധതിക്ക് ജില്ലയില്‍ തുടക്കം
മലപ്പുറം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പ് നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച 'സാഗര' പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി.
മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനമാണ് 'സാഗര'. മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത് 'സാഗര' ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ മെച്ചപ്പെട്ട നിലയില്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം.
പൊന്നാനി, പുറത്തൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഫെസിലിറേറ്റര്‍മാരെ ഇതിനായി നിയോഗിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് സംവിധാനത്തെക്കുറിച്ച് പരിജ്ഞാനം നല്‍കുന്നതിനും സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഫിഷറീസ് വകുപ്പ് ടാബ് നല്‍കും. മൊബൈല്‍ ആപ് സംവിധാനം ഫിഷറീസ് വകുപ്പ് ഓഫിസിന് പുറമെ കോസ്റ്റല്‍ പൊലിസ്, കോസ്റ്റ് ഗാര്‍ഡ്, നേവി എന്നീ വിഭാഗങ്ങളുമായും ബന്ധിപ്പിക്കും. അവശ്യഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നതിനും ആപ് സഹായകമാകും. പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്ന, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സാഗര ആന്‍ഡ്രോയിഡ് ആപിന്റെ സേവനം ലഭ്യമാകും. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മത്സ്യത്തൊഴിലാളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 'സാഗര' ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വകുപ്പ് തയാറാക്കിയത്.
ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ നിര്‍വഹിച്ചു. പഞ്ചായത്തംഗം കെ.കെ വാഹിദ അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍, മത്സ്യഭവന്‍ ഓഫിസര്‍ ബി. സുരേഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."