HOME
DETAILS
MAL
തള്ളിയാല്‍ പൊള്ളും!
backup
December 06 2020 | 05:12 AM
കൊച്ചി: പ്രചാരണം ഡിജിറ്റലായപ്പോള്‍ സ്ഥാനാര്‍ഥികള്‍ ഏറെ ആശ്വസിച്ചിരുന്നു, കുറഞ്ഞ ചെലവില്‍ പരമാവധിപേരെ 'കണ്ട്' വോട്ട് ചോദിക്കാമെന്ന്. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ പ്രചാരണം പുലിവാലായ അവസ്ഥയിലാണ് സ്ഥാനാര്ഥികള്ക്കിപ്പോള്. തെരഞ്ഞടുപ്പ് പ്രചാരണം അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ ചോദ്യങ്ങളുടെ കുത്തൊഴുക്കാണ് മിക്ക സ്ഥാനാര്‍ഥികള്‍ക്കും നേരിടേണ്ടിവരുന്നത്. ഒപ്പം, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയുള്ള വാദപ്രതിവാദങ്ങളും കൂടിയായതോടെ പലര്‍ക്കും പിടിച്ചുനില്ക്കാന് കഴിയാത്ത അവസ്ഥയുമാണ്.
മത്സരിക്കുന്ന വാര്‍ഡുകളിലെ റോഡുകളുടെയും മറ്റും ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നല്‍കിയാണ് പലരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അതോടെ,സിറ്റിങ് അംഗങ്ങളും കഴിഞ്ഞമാസം വരെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമൊക്കെ ഭരിച്ചിരുന്ന പാര്‍ട്ടികളുടെ സ്ഥാനാര്ഥികളുമൊക്കെ മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്യുന്നു. ഇതിനു പുറമേയാണ് ദേശീയ-സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂന്നിയുള്ള ചോദ്യങ്ങളും. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒരുപോലെ നേരിടേണ്ടിവരുന്നത്. സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനുമൊക്കെയായി ഇടത് മുന്നണി സ്ഥാനാര്‍ഥികള്‍ മാത്രം നേരിടേണ്ടിവരുന്ന ചോദ്യങ്ങളും,
വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മാത്രം നേരിടേണ്ടിവരുന്ന ചോദ്യങ്ങളും വേറെയുമുണ്ട്. പെട്രോള്‍ വിലക്കയറ്റം മുതല്‍ ഇപ്പോള്‍ രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് നേരെ ഉയരുന്നത്.
വോട്ടര്‍മാരുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെങ്കില്‍, സ്ഥാനാര്‍ഥി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി എന്ന പ്രചാരണവുമുണ്ടാകും. അതുകൊണ്ട്, വീടുകയറിയുള്ള പ്രചാരണം കഴിഞ്ഞാല്‍ കുറേ സമയം സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നീക്കിവെക്കുകയാണ് മിക്ക സ്ഥാനാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."