ആശുപത്രി ഉപകരണങ്ങളുടെ വിതരണം ഡീലര്‍മാര്‍ നിര്‍ത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളജുകളിലേക്കും ശസ്ത്രക്രിയാ ഉപകരണങ്ങളും രക്ത പരിശോധനകള്‍ക്കുള്ള റീജന്റുകളും മറ്റും വിതരണം ചെയ്ത വകയില്‍ 200 കോടിയലധികം രൂപ കുടിശികയാണെന്ന് ഡീലര്‍മാര്‍.
2016 മുതലുള്ള കുടിശിക ഇനിയും ലഭിക്കാത്ത സാഹചര്യത്തില്‍ ഈ മാസം 15നു ശേഷം ആശുപത്രികളിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തി വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് ഓള്‍ കേരള സയിന്റിഫിക് ആന്‍ഡ് സര്‍ജിക്കല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളായ കാരുണ്യ, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്, കെ.എം.എസ്.സി.എല്‍, എച്ച്.എല്‍.എല്‍, സിഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങള്‍ മുഖേനയും നേരിട്ടുമാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്. കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) മാത്രം 100 കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്. നിരവധി തവണ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും ഉദ്യോഗസ്ഥര്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. കോട്ടയത്ത് അഞ്ചുകോടിയും കോഴിക്കോട് 40 കോടിയും തിരുവനന്തപുരത്ത് 20 കോടിയും ഹൃദയ ചികിത്സക്കാവശ്യമായ സ്റ്റെന്റ് വിതരണക്കാര്‍ക്കു മാത്രം സര്‍ക്കാര്‍ നല്‍കാനുണ്ട്. കോഴിക്കോട്, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ സ്റ്റെന്റ്, പേസ്‌മേക്കര്‍, വാല്‍വ് എന്നിവയുടെ വിതരണം നിര്‍ത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടാകുന്ന ഉപകരണങ്ങളുടെ ക്ഷാമം സ്വകാര്യ ആശുപത്രികള്‍ മുതലെടുക്കുകയാണെന്നും ഇവര്‍ പറയുന്നു. വിഷയം ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. കുടിശിക തീര്‍ത്ത് സ്തംഭനാവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സമരപരിപാടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."