പ്രത്യുത്ഥാനം പദ്ധതിയില്‍ ഇടമില്ലാതെ ആറ് ജില്ലകള്‍; മലപ്പുറവും പുറത്ത്
മലപ്പുറം: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അധിക സഹായം നല്‍കുന്ന സര്‍ക്കാറിന്റെ 'പ്രത്യുത്ഥാനം' പദ്ധതി എട്ട് ജില്ലകളില്‍ മാത്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ മാത്രമാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.
മറ്റു ജില്ലകളിലും പ്രളയം മൂലം നാശ നഷ്ടങ്ങളുണ്ടായെങ്കിലും പ്രളയ ബാധിത ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പ്രത്യുത്ഥാനം പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനായി ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായ നിരവധിയാളുകള്‍ മറ്റു ജില്ലകളിലുമുണ്ട്. എന്നാല്‍ പ്രളയബാധിത ജില്ലകളായി പ്രഖ്യാപിക്കാത്തതിനാല്‍ ഇവര്‍ക്ക് സഹായം അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രളയം മൂലം വീട് പൂര്‍ണമായോ ഭാഗികമായോ നാശ നഷ്ടം സംഭവിച്ച കുടുംബങ്ങളില്‍ നിന്ന് കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് രോഗികള്‍, കിടപ്പു രോഗികളും മാനസിക പരിമിതരുമായ ഭിന്നശേഷിക്കാര്‍, വിധവകള്‍ കുടുംബനാഥകളായിട്ടുള്ളതും കുട്ടികള്‍ എല്ലാം 18 വയസിനു താഴെയുള്ളതുമായ കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് പ്രത്യുത്ഥാനം പദ്ധതി വഴി ധനസഹായം ലഭിക്കുക. 25,000 രൂപയുടെ അധിക ധനസഹായമാണ് പദ്ധതി വഴി അനുവദിക്കുന്നത്. മലപ്പുറം, കോഴിക്കോട് ഉള്‍പ്പടെ പ്രളയം മൂലം നിരവധി പേര്‍ മരണപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത ജില്ലകള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രളയത്തില്‍ മലപ്പുറം ജില്ലയിലെ 48 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മലപ്പുറത്താണ്. എന്നാല്‍ സര്‍ക്കാരിന്റെ അധിക സാഹായം ലഭിക്കുന്ന ജില്ലകളില്‍ മലപ്പുറമില്ല.
പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 കോടി അനുവദിച്ചിട്ടുണ്ട്. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.
എന്നാല്‍ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കാത്തതിനാല്‍ അര്‍ഹരായ പലര്‍ക്കും ആനുകൂല്യം ലഭിക്കില്ല. ഈ മാസം 31 വരെയാണ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള കാലാവധി. പദ്ധതി വഴി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന തുക ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെ ചരിവുകള്‍, കുഴികള്‍ എന്നിവ നികത്തുക, പ്രവേശന കവാടത്തിലും പിന്‍ഭാഗത്തും റാംമ്പുകള്‍ നിര്‍മിക്കുക, കട്ടിലിന്റെ വശങ്ങളില്‍ കൈപ്പിടി ഘടിപ്പിക്കുക, വീല്‍ചെയറിനും മറ്റ് സഞ്ചാര സഹായ സംവിധാനങ്ങള്‍ക്കും പ്രവേശിക്കാവുന്ന വീതിയില്‍ വാതിലുകള്‍ ക്രമീകരിക്കുക, വാതിലുകളില്‍ കൈപ്പിടികള്‍ ഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കണമെന്നാണ് നിര്‍ദേശം.
ഗുണഭോക്താക്കള്‍ക്ക് അവരുടെ വീടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുവാനും ഈ തുക ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."