വൈദ്യുതി നിയന്ത്രണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍
വൈദ്യുതിനിരക്ക് കുത്തനെ കൂട്ടിയതിന്റെ ആഘാതത്തില്‍നിന്നും ഉപയോക്താക്കള്‍ മോചിതരാകും മുമ്പെ ഇരുട്ടും വരികയായി. വരുന്ന പത്ത് ദിവസത്തിനകം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി എം.എം മണി അറിയിച്ചത്. എന്നാല്‍ ഈ മാസം മുഴുവനും പവര്‍കട്ട് വേണ്ടിവരില്ലെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള ഇന്നലെ പറഞ്ഞത്. മഴ ഇല്ലാത്തതിനാല്‍ ഡാമുകളില്‍ വെള്ളം കുറഞ്ഞിരിക്കുന്നു. മഴ കനക്കുന്നില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നത് നേരാണ്. പുറത്ത്‌നിന്ന് വൈദ്യുതി കിട്ടാനുണ്ടെങ്കിലും കൊണ്ടുവരാന്‍ ലൈനുകളില്ലാത്തത് നിയന്ത്രണത്തിന് കാരണമായിരിക്കുകയാണ്.
ഇപ്പോഴത്തേത് പോലെ ഇടവിട്ടുള്ള മഴയാണെങ്കില്‍ ജൂലൈ 31 വരെ പിടിച്ച്‌നില്‍ക്കാം. ഈ സാധ്യതകളെ മുന്‍കൂട്ടിക്കണ്ടാണ് വൈദ്യുതി ബോര്‍ഡ് ഒരുമണിക്കൂറോ അരമണിക്കൂറോ നിയന്ത്രണം വേണ്ടിവരുമെന്ന് പറയുന്നത്. വര്‍ധിച്ച വൈദ്യുതി നിരക്ക് നിലവില്‍ വന്നതിനാല്‍ ആനുപാതികമായ നിക്ഷേപതുകയും വര്‍ധിക്കും. ഇതും ഉപയോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുവാന്‍ പോന്നതാണ്.
46.98 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഇപ്പോള്‍ ഡാമിലുള്ളത്. പ്രതിദിനം ഒരു കോടി യൂനിറ്റാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 2.1 കോടി യൂനിറ്റായിരുന്നു ഉല്‍പാദിപ്പിച്ചിരുന്നത്. ഉപയോഗമാകട്ടെ 6.6 കോടി യൂനിറ്റും. ഉപയോഗത്തിനനുസൃതമായി വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ നമ്മുടെ ജലവൈദ്യുതി പദ്ധതികള്‍ക്കാവുന്നില്ല. മഴയില്ലാത്തത് തന്നെയാണ് ഇതിന് പ്രധാന കാരണം. മഴയില്ലാത്തതിന് സര്‍ക്കാരിനെ കുറ്റം പറയുവാന്‍ പറ്റില്ലെങ്കിലും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വികസന കാഴ്ചപ്പാടുകളുടെ അനന്തരഫലങ്ങളാണ് മഴയില്ലായ്മക്ക് കാരണമെന്ന് പറയാം.
വര്‍ഷം എട്ട് മാസം മഴയുണ്ടായിരുന്ന സംസ്ഥാനത്ത് തിമര്‍ത്ത് പെയ്യേണ്ട, ജൂണ്‍, ജൂലൈ മാസങ്ങളില്‍പോലും മഴ കനക്കാത്തത് വരള്‍ച്ചയിലേക്കാണ് കേരളം പോകുന്നത് എന്നതിന്റെ സൂചനയാണ്. ഇന്ന് തമിഴ്‌നാട്ടില്‍ കുടിവെള്ളത്തിന് പോലും ജനം പരക്കംപായുന്നുണ്ടെങ്കില്‍ നാളെയത് കേരളത്തിലും വരാനുള്ള സാധ്യത ഏറെയാണ്. ഇന്ന് വെള്ളമില്ലാത്തതിനാല്‍ വൈദ്യുതി നിയന്ത്രണമാണ് ഉണ്ടാകുന്നതെങ്കില്‍ നാളെ കുടിവെള്ളത്തിന് പോലും നിയന്ത്രണം വന്നേക്കാം. 2040 ആകുന്നതോടെ കേരളം വരള്‍ച്ചയുടെ പിടിയിലമരുമെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തുന്ന വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 80 മുതല്‍ കേരളത്തില്‍ മഴ കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. നേരത്തെ ഇത് ഗൗരവതരമായ പഠനത്തിന് വിധേയമായിരുന്നില്ല. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍പോലും ജലക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഇതേകുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. ആഗോളാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിലുപരി നമ്മുടെ കരങ്ങള്‍ തന്നെയാണ് ഇന്ന് ഇത്തരമൊരവസ്ഥ കേരളത്തില്‍ സംജാതമാക്കിയത്.
ഓരോ കുന്നുകളും ഇടിച്ച് നിരപ്പാക്കുമ്പോള്‍ ജലസംഭരണികളാണ് നശിപ്പിക്കുന്നത് എന്നോര്‍ക്കുന്നില്ല. മലനിരപ്പാക്കി കഴിഞ്ഞതിന് ശേഷമുള്ള മണ്ണ് വയലില്‍ നിറക്കുമ്പോള്‍ അവിടെയുള്ള ജലസ്രോതസ്സും അടയ്ക്കപ്പെടുകയാണ്. ഒരു ഏക്കര്‍ നെല്‍പ്പാടം വെറുതെകിടന്നാല്‍പോലും അഞ്ച് കോടി ലിറ്റര്‍ വെള്ളം സംഭരിക്കുവാന്‍ കഴിയും. അവിടെ മണ്ണിട്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്നതോടെ ആഘാതം ഇരട്ടിക്കുന്നു. വെള്ളം ഇല്ലാതാകുന്നു എന്ന് മാത്രമല്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍നിന്നും പ്രസരിക്കുന്ന താപം ചുറ്റിലുമുള്ള ഈര്‍പ്പത്തെ ഇല്ലാതാക്കുകയും പ്രദേശത്തെ താപനില വര്‍ധിക്കുകയും ചെയ്യുന്നു. മലകള്‍ തണുത്ത കാറ്റിനെ തടഞ്ഞുനിര്‍ത്തി മുകളിലേക്ക് വിടുമ്പോള്‍ അവ മഴമേഘങ്ങളായി രൂപാന്തരപ്പെടുകയും പ്രദേശത്ത് മഴ പെയ്യുകയും ചെയ്യുന്നു. മലകള്‍ ഇല്ലാതാകുന്നതോടെ ഈ മഴ നഷ്ടപ്പെടുന്നു. മലകളിലും കുന്നുകളിലും ശേഖരിക്കുന്ന ജലമാണ് നീരൊഴുക്കായി ഡാമുകളിലേക്കും നദികളിലേക്കും എത്തുന്നത്. മലകള്‍ ഇല്ലാതാകുന്നതോടൊപ്പം ഡാമുകളിലേക്കുള്ള നീരൊഴുക്കും ഇല്ലാതാകുന്നു. വൈദ്യുതി അന്യസംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാന്‍വരെ കേരളത്തിന് കഴിഞ്ഞിരുന്നു. ഇന്ന് കേരളത്തിന്റെ ആവശ്യത്തിനുള്ള മുക്കാല്‍പങ്കും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണുള്ളത്.
പശ്ചിമഘട്ട മലനിരകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ് മഴക്കുറവിന് പ്രധാന കാരണം. പശ്ചിമഘട്ടത്ത് അധികൃതവും അനധികൃതവുമായി നിരവധി ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അയ്യായിരത്തിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതില്‍ നിന്ന്തന്നെ കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ എത്രമാത്രം താളംതെറ്റിയിരിക്കുന്നു എന്ന് വ്യക്തമാണ്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരാണ് കേരളത്തെ ഇങ്ങനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുന്നുകളും മലകളും ഇടിച്ച് നിരപ്പാക്കി ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ പരിധി ലംഘിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചതുപ്പ് നിലങ്ങള്‍ നികത്തുമ്പോള്‍ പ്രദേശത്തിന്റെ കുടിവെള്ളമാണ് മുട്ടുന്നത്. സൈലന്റ്‌വാലി മഴക്കാടുകള്‍ സംരക്ഷിത വനമായി നിലനിര്‍ത്തുന്നതിനാലാണ് ആ പ്രദേശത്ത് മോശമില്ലാത്ത മഴ ലഭിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനമാണ് സൈലന്റ്‌വാലി ഇന്നും പഴയത് പോലെ നിലനില്‍ക്കാന്‍ കാരണം. 44 നദികളാലും 29 തടാകങ്ങളാലും വിശാലമായ വയലുകളാലും സമ്പന്നമായിരുന്ന കേരളത്തില്‍ വര്‍ഷത്തില്‍ ശരാശരി മൂവായിരം മില്ലി ലിറ്റര്‍ മഴ ലഭിച്ചിരുന്നു. ഇന്ന് പുഴകള്‍ റോഡുകളായി പരിണമിച്ചിരിക്കുന്നു. തടാകങ്ങളും വയലുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കയ്യേറിയിരിക്കുന്നു. വര്‍ഷപാതത്തിലുണ്ടാകുന്ന മഴക്കുറവ് ഭൗമോപരിതലത്തിലും ഭൂഗര്‍ഭജലത്തിലും ഗണ്യമായ കുറവ് സൃഷ്ടിക്കുന്നു. ഇതിനാലാണ് വരള്‍ച്ചക്കൊപ്പം പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിക്കുന്നത്. കിഴക്കന്‍ മലയോരങ്ങളില്‍ വമ്പിച്ചതോതില്‍ പ്രകൃതിനാശം ഉണ്ടായതിന്റെ ഫലമായിട്ടാണ് സസ്യജൈവ വൈവിധ്യം ഇല്ലാതായത്. മഴക്കുറവിന് ഇതും വമ്പിച്ച കാരണമായി. കിട്ടുന്ന മഴവെള്ളം പിടിച്ച് വെക്കാത്തതിനാല്‍ കടലിലേക്കൊഴുകിപ്പോവുകയും ചെയ്യുന്നു. മഴ പെയ്യുമ്പോള്‍ മാത്രം പുഴകളില്‍ വെള്ളം കാണുകയും മഴ തോര്‍ന്നാല്‍ പുഴകളില്‍ വെള്ളം താഴുകയും ചെയ്യുന്ന പ്രതിഭാസത്തിന് കാരണം ജലസംരക്ഷണത്തില്‍ വന്ന പിഴവുകളാണ്.
കേരള നിയമസഭ പാസാക്കിയ ജൈവകാര്‍ഷിക നയത്തില്‍ പറഞ്ഞിരുന്നത് 10 വര്‍ഷംകൊണ്ട് കേരളം ജൈവസമ്പന്നമാകുമെന്നായിരുന്നു. സംഭവിച്ചില്ലെന്ന് മാത്രം. 125 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കുറവിനെയാണ് നാം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരവസ്ഥയില്‍ പവര്‍കട്ട് വരുന്നതില്‍ സര്‍ക്കാറിനെ പഴിപറയാനൊക്കുകയില്ല. എന്നാല്‍ ഇത്തരമൊരവസ്ഥ സംജാതമാക്കിയതില്‍ മാറി മാറിവന്ന സര്‍ക്കാരുകള്‍ക്കും പങ്കുണ്ട്. മഴ സംരക്ഷണത്തെക്കുറിച്ചുള്ള ഒരവബോധം പൊതുസമൂഹത്തിന് സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നില്ലെങ്കില്‍ നാം വരള്‍ച്ചയുടെ പിടിയിലമരുന്ന കാലം വിദൂരമായിരിക്കില്ല. ജലവിനിയോഗത്തില്‍ മലയാളി കാണിക്കുന്ന ധാരാളിത്തവും അപലപനീയമാണ്. സന്നദ്ധ സംഘടനകള്‍ വഴിയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും അതുവഴി നഷ്ടപ്പെട്ട മഴയെ തിരികെ പിടിക്കാനും ഉതകുന്ന ക്രിയാത്മക നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍നിന്നുണ്ടാകണം. അല്ലാത്തപക്ഷം ഇന്ന് വൈദ്യുതി നിയന്ത്രണമാണെങ്കില്‍ നാളെ കുടിവെള്ളത്തിന് പരക്കംപായുന്ന ഒരവസ്ഥയായിരിക്കും കേരളത്തില്‍ ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."