നെല്ല് സംഭരണം ഇന്നു മുതല്‍ ആരംഭിക്കുമെന്ന് മില്ലുടമകള്‍
പാലക്കാട്്: അനിശ്ചിതത്തിലായിരുന്ന നെല്ല് സംഭരണം ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മില്ലുടമകള്‍ ഉറപ്പുനല്‍കി. പ്രളയത്തിനുശേഷം നെല്ലുസംഭരണത്തിന് പല മേഖലകളിലും തടസങ്ങള്‍ നേരിട്ടിരുന്നതില്‍ പാലക്കാട് നിന്നുമാത്രമാണ് നിലവില്‍ സംഭരിക്കാന്‍ ധാരണയായിട്ടുള്ളത്. സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍, സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു മില്ലുടമകളുടെ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടന്നത്.
സംഭരിക്കുന്ന നെല്ലിന്റെ പ്രോസസിങ് ചാര്‍ജ്, ടേണ്‍ ഔട്ട് റേഷ്യോ എന്നിവയെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ 21-ന് ആരംഭിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്ന സംഭരണത്തില്‍നിന്ന് മില്ലുടമകള്‍ മാറി നില്‍ക്കുകയായിരുന്നു. 20,000 ടണ്‍ നെല്ലാണ് ഇതേത്തുടര്‍ന്ന് പാലക്കാട് കെട്ടിക്കിടക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ എത്രയും പെട്ടെന്ന് ഇത് സംഭരിക്കുന്നതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലാകുമെന്നും മന്ത്രി സൂചിപ്പിച്ചു.
നിലവില്‍ ക്വിന്റലിന് 214 രൂപയാണ് പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ മില്ലുടമകള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 148 രൂപയായിരുന്നതാണ് 214 രൂപയാക്കി ഉയര്‍ത്തിയത്. അതുപോലെ ടേണ്‍ ഔട്ട് റേഷ്യോ 100 ക്വിന്റല്‍ നെല്ലിന് 68 കിലോ അരി എന്ന കണക്കിനാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നതെങ്കിലും മില്ലുടമകളുടെ നിരന്തരമായിട്ടുള്ള അഭ്യര്‍ഥന പരിഗണിച്ച് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇതിനെക്കുറിച്ച് പഠനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്‍പ് ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുക്കുകയും കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 64.5 കിലോ ആക്കി തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു.
67 കോടി രൂപ സര്‍ക്കാരിന് ഈ ഇനത്തില്‍ അധിക ബാധ്യതയാണുണ്ടായിട്ടുള്ളതെന്നും കൃഷിമന്ത്രി വ്യക്തമാക്കി. മില്ലുടമകള്‍ ഉന്നയിച്ച കൂടുതല്‍ ആവശ്യങ്ങള്‍ക്ക് ഉടന്‍തന്നെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രിമാര്‍ സൂചിപ്പിച്ചു. യോഗത്തില്‍ കാര്‍ഷികോല്‍പാദന കമ്മിഷണര്‍ ദേവേന്ദ്രകുമാര്‍ സിന്‍ഹ, സഹകരണവകുപ്പ് സെക്രട്ടറി, സപ്ലൈകോ മാനേജിങ് ഡയരക്ടര്‍, റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."