കഥ കഴിഞ്ഞു
മാഞ്ചസ്റ്റര്‍: ജഡേജയുടേയും ധോണിയുടേയും ചെറുത്തുനില്‍പ്പിനും ഇന്ത്യയെ കൈപിടിച്ചുയര്‍ത്താനായില്ല. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം കൈയൊഴിഞ്ഞ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ വിജയത്തോടടുപ്പിച്ചാണ് അവര്‍ കളംവിട്ടത്.
മത്സരഫലം ആദ്യ 10 ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് അനുകൂലമായിരുന്നെങ്കിലും മധ്യ ഓവറുകളില്‍ തകര്‍ത്തടിച്ച് ജഡേജ-ധോണി സഖ്യം ഇന്ത്യക്ക് പുതുപ്രതീക്ഷയുയര്‍ത്തിയിരുന്നു. മഴ കാരണം രണ്ട് ദിവസം നീണ്ടുനിന്ന സെമിഫൈനില്‍ പോരാട്ടത്തിനൊടുവില്‍ ഗ്രൂപ്പ് ചാംപ്യന്മാരായെത്തിയ ഇന്ത്യയെ 18 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. സെമിഫൈനലില്‍ തുടര്‍ തോല്‍വികളുടെ ചരിത്രമുള്ള ന്യൂസിലന്‍ഡ് ആ പേരുദോഷം ഇന്നലെ തുടച്ചുകളയുകയായിരുന്നു.
ന്യൂസിലന്‍ഡിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും നമുക്ക് കൈയടിക്കാം. ജഡേജയുടെ ചങ്കൂറ്റത്തിന്, ധോണിയുടെ പോരാട്ടവീര്യത്തിന്, പാതിവഴിയില്‍ നിലച്ചുപോകുമെന്ന് കരുതിയ ഇന്ത്യന്‍ ശ്വാസത്തിന് അവസാന ഓവര്‍ വരെ ആയുസ് നീട്ടിക്കൊടുത്തത് ഇവരാണ്. വിജയപ്രതീക്ഷകള്‍ക്കരികെ 48ാം ഓവറില്‍ ജഡേജ പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഒന്നടക്കം നെഞ്ചില്‍ കൈവച്ചു. എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. ധോണിയെന്ന സൂപ്പര്‍ പവറില്‍. പക്ഷേ ആ പ്രതീക്ഷകളും 49ാം ഓവറില്‍ അസ്തമിച്ചു. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഡയറക്ട് ത്രോ കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് മേലാണ് പതിച്ചത്. ഋഷഭ് പന്തിന്റയും, ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സുകളും ഇന്ത്യന്‍ ചെറുത്തുനില്‍പ്പില്‍ നിര്‍ണായകമായി.
കൈവിട്ടുകളഞ്ഞല്ലോ ...
മൂന്നാം ലോകകപ്പ് മോഹവുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒന്‍പത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴ് വിജയത്തോടെ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം. സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ 239 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ, പക്ഷേ വിജയം കളഞ്ഞുകുളിച്ചു.
തകര്‍ന്നടിഞ്ഞ് മുന്‍നിര
ലോകകപ്പില്‍ ഇതുവരെയുള്ള ഇന്ത്യന്‍ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്നേറ്റനിര ന്യൂസീലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് പ്രധാന വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ അപകടം മണത്തതാണ്.
സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ (ഒന്ന്), അഞ്ചു റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (ഒന്ന്), ലോകേഷ് രാഹുല്‍ (ഒന്ന്) എന്നിവരാണ് പുറത്തായത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീമിലെ ആദ്യത്തെ മൂന്നു പേരും ഓരോ റണ്‍ വീതമെടുത്ത് പുറത്താകുന്നത്. ഇവര്‍ക്കു പിന്നാലെയെത്തി ചെറുത്തുനില്‍പ്പിനു ശ്രമിച്ച ദിനേഷ് കാര്‍ത്തിക് സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ആദ്യ റണ്ണിനായി 21 പന്തു കാത്തിരുന്ന കാര്‍ത്തിക്, 25 പന്തില്‍ ആറു റണ്‍സോടെയാണ് പുറത്തായത്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന കാര്‍ത്തികിന് ഇതോടെ ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തേക്കുള്ള വഴി തെളിയാനും ഈ ലോകകപ്പ് കാരണമായേക്കും.
ചെറുത്തുനിന്ന് മധ്യനിര
മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ പതിവിന് വിപരീതമായാണ് മധ്യനിര കളിച്ചത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലെത്തിയ ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും വമ്പനടികള്‍ക്ക് മുതിരാതെ പിടിച്ചുനിന്നു കളിച്ചു.
ഈ കൂട്ടുകെട്ട് അര്‍ധസെഞ്ചുറിയോട് അടുത്തെങ്കിലും മിച്ചല്‍ സാന്റ്‌നറെ ബൗണ്ടറി കടത്താന്‍ അനാവശ്യ ഷോട്ടെടുത്ത ഋഷഭ് പന്ത് ബൗണ്ടറി ലൈനിനടുത്ത് ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളിലൊതുങ്ങി. പുറത്താകുമ്പോള്‍ 56 പന്തില്‍ 32 റണ്‍സായിരുന്നു ഋഷഭ് നേടിയത്.
ധോണിയെത്തിയതോടെ പാണ്ഡ്യ ക്ഷമയോടെ നിന്നെങ്കിലും ഒടുവില്‍ സാന്റ്‌നര്‍ പാണ്ഡ്യയെയും മടക്കി. 31ാം ഓവറില്‍ ഹര്‍ദികിനെ വില്യംസന്റെ കൈകളിലെത്തിച്ച സാന്റ്‌നര്‍ ന്യൂസിലന്‍ഡിനെ വിജയത്തോടടുപ്പിച്ചു. ധോണി-പാണ്ഡ്യ സഖ്യം കൂട്ടിച്ചേര്‍ത്തത് 21 റണ്‍സായിരുന്നു. മികച്ച തുടക്കം ലഭിച്ച പാണ്ഡ്യയും പന്തും ക്ഷമയില്ലാതെ വലിയ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് ബലികഴിക്കുകയായിരുനു. ഇതോടെ എല്ലാവരും ഇന്ത്യന്‍ തോല്‍വി ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
ജഡ്ഡു കം ബാക്ക്
ആരാധകര്‍ പോലും ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചെങ്കിലും തോല്‍ക്കാന്‍ ജഡേജക്ക് മനസുണ്ടായിരുന്നില്ല. ഏഴാം വിക്കറ്റില്‍ അപ്രതീക്ഷിതമായി പോരാട്ടത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയ ധോണി-ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. അവിശ്വസനീയമായിരുന്നു ജഡേജയുടെ പ്രകടനം.
ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ മോഹങ്ങള്‍ പുനര്‍ജനിപ്പിച്ചു. 97 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ട് നേടിയ സഖ്യം ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഓവറുകളില്‍ ഇരുവര്‍ക്കും കാലിടറിയതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു. 48ാം ഓവറിലാണ് ജഡേജ പുറത്തായത്. ട്രെന്റ് ബോള്‍ട്ടിനെ ഉയര്‍ത്തിയടിച്ച ജഡേജ വില്യംസണിന്റെ കൈയിലൊതുങ്ങി. 59 പന്തില്‍ നാല് സിക്‌സും നാല് ഫോറും സഹിതം 77 റണ്‍സെടുത്താണ് ജഡേജ പുറത്തായത്. 49ാം ഓവറില്‍ ധോണി 50 റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു.
ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി 10 ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 37 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ട്രന്റ് ബോള്‍ട്ട് 10 ഓവറില്‍ രണ്ടു മെയ്ഡന്‍ ഓവറുകള്‍ സഹിതം 42 റണ്‍സ് വഴങ്ങിയും മിച്ചല്‍ സാന്റ്‌നര്‍ 10 ഓവറില്‍ രണ്ടു മെയ്ഡനുകള്‍ സഹിതം 34 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങിയും ജയിംസ് നീഷാം 7.3 ഓവറില്‍ 49 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി മത്സരം ന്യൂസിലന്‍ഡിനനുകൂലമാക്കിയ മാറ്റ് ഹെന്റിയാണ് മാന്‍ ഓഫ് ദ മാച്ച്.
റെക്കോര്‍ഡുമായി ധോണി
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തിനിറങ്ങിയതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണി പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ കുറിച്ചു.
ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ 350 മത്സരത്തില്‍ പാഡണിഞ്ഞു എന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. ഇവയില്‍ 347ഉം ഇന്ത്യക്കു വേ@ണ്ടി ആയിരുന്നെങ്കില്‍ മൂന്നെണ്ണം പ്രദര്‍ശന മല്‍സരത്തില്‍ ഏഷ്യന്‍ ഇലവനു വേ@ണ്ടിയായിരുന്നു. ഏകദിനത്തില്‍ 350 മല്‍സരങ്ങളെന്ന നേട്ടം പിന്നിട്ട രണ്ട@ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധോണി. 463 മത്സരവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമേ ഇപ്പോള്‍ ധോണിക്ക് മുന്നിലുള്ളൂ. ലോക ക്രിക്കറ്റില്‍ 350 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ പത്താമത്തെ താരമായും ധോണി മാറി. ഏകദിനത്തില്‍ 350 മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറായി കളിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡും ധോണി തന്റെ പേരില്‍ കുറിച്ചു.
ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാര 360 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ 44 എണ്ണത്തില്‍ അദ്ദേഹം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ മാത്രമായിരുന്നു. ബാക്കി 316 മല്‍സരങ്ങളിലാണ് സങ്കക്കാര ടീമിന്റെ വിക്കറ്റ് കാത്തത്. കളിച്ച 350 ഏകദിനങ്ങളില്‍ 200ലും ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യന്‍ താരവും ലോകത്തിലെ മൂന്നാമത്തെ മാത്രം ക്രിക്കറ്ററുമാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."