നീറ്റ്: പരീക്ഷാഫലം കോടതി തടഞ്ഞു
ചെന്നൈ: ജൂണ്‍ ഏഴുവരെ നീറ്റ് പരീക്ഷാഫലം പുറത്തുവിടുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. കേസ് പരിഗണിക്കുന്ന മധുരാ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്റ്റേ മദ്രാസ് ഹൈക്കോടതി സ്വന്തമോ അല്ലെങ്കില്‍ സുപ്രിംകോടതിയോ നീക്കിയില്ലെങ്കില്‍ നേരത്തെ നിശ്ചയിച്ചപ്രകാരം ജൂണ്‍ അഞ്ചിന് ഫലപ്രഖ്യാപനമുണ്ടാകില്ല.
മധുരയില്‍നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ സംയുക്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ ക്രമക്കേടുണ്ട്. പല സംസ്ഥാനങ്ങളിലും വ്യത്യസ്ത ചോദ്യാവലികളാണ് നല്‍കിയതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ദേശീയതലത്തില്‍ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറിന് ഏകീകൃത രൂപമുണ്ടായിരുന്നില്ലെന്നതാണ് പ്രധാന പരാതി.
എസ്. സോണിയ, പി. സൂര്യ, പി. സിദ്ദാര്‍ഥ്, കെ. അജയ് ശരണ്‍, എസ്. നിതിന്‍ പ്രകാശ് ശിവസുബ്രമണ്യന്‍, ഗൗതം ശങ്കര്‍, ജെ. ആദിത്യ, ഡി. റിച്ചാര്‍ഡ് റിഷഭന്‍ ദാസ്, എം. നവീന്‍ കുമാര്‍ എന്നിവരാണ് സംയുക്ത ഹരജി കോടതിയില്‍ സമര്‍പ്പിച്ചത്. പത്ത് ഭാഷകളിലായാണ് സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ തയാറാക്കിയത്. ഈമാസം ഏഴിനു നടന്ന പരീക്ഷ ഒന്‍പതു പേരും ഇംഗ്ലീഷ് മാധ്യമമായാണ് എഴുതിയത്. എന്നാല്‍, തമിഴ് അടക്കം ചില ഭാഷകളിലുള്ള ചോദ്യങ്ങള്‍ ഇംഗ്ലീഷിനെ അപേക്ഷിച്ച് വളരെ എളുപ്പമേറിയതായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
തുടര്‍ന്ന് കോടതിയെ സമീപിച്ച വിദ്യാര്‍ഥികള്‍ മെയ് ഏഴിലെ പരീക്ഷ റദ്ദാക്കി ഏകീകൃത ചോദ്യാവലിയോടെ മാറ്റിനടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സമാനമായ ആവശ്യവുമായി കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി സ്വദേശി ടി. ശക്തി മലര്‍കൊടി നല്‍കിയ ഹരജി കൂടി പരിഗണിച്ചാണ് ജസ്റ്റിസ് എം.വി മുരളീധരന്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. നീറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട കോടതി കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ സമിതി സെക്രട്ടറി, ഹെല്‍ത്ത് സര്‍വിസ് ഡയരക്ടര്‍ ജനറല്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സി.ബി.എസ്.ഇ, തമിഴ്‌നാട് ആരോഗ്യ-കുടുംബ ക്ഷേമ സെക്രട്ടറി എന്നിവരോട് ജൂണ്‍ ഏഴിന് എതിര്‍വാദം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."