ഇന്ന് ലോക ജനസംഖ്യാ ദിനം; നമ്മള്‍ 7,715,612,658...
കാനേഷുമാരിയുടെ കഥ
സെന്‍സീര്‍ എന്ന വാക്കില്‍നിന്നാണ് സെന്‍സസ് എന്ന പദത്തിന്റെ ഉല്‍പ്പത്തി. ഒരു രാജ്യത്തിലെ ജനങ്ങളുടെ എണ്ണവും ജീവിതസാഹചര്യങ്ങളും പഠിക്കുന്നതിനായി രാജ്യത്തെ ഗവണ്‍മെന്റോ ഭരണാധികാരിയോ നടപ്പിലാക്കിയിരുന്ന കണക്കെടുപ്പായിരുന്നു സെന്‍സസ് അഥവാ കാനേഷുമാരി. ഖാനാശുമാരി എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് കാനേഷുമാരി എന്ന വാക്ക് നമ്മുടെ ഭാഷയിലേക്ക് കടന്നു വരുന്നത്. വീടുകളുടെ കണപ്പെടുപ്പ് എന്നാണ് അര്‍ഥം.
പൗരാണിക ബാബിലോണിയയില്‍ ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പതിവ് ആരംഭിച്ചതെന്നാണ് ചരിത്രം. ഏഴു വര്‍ഷം കൂടുമ്പോള്‍ ആളുകളുടെ എണ്ണം അവരുടെ കൈവശമുള്ള വളര്‍ത്തുമൃഗങ്ങളുടെ എണ്ണം, നിത്യോപയോഗ വസ്തുക്കളുടെ എണ്ണം തുടങ്ങിയവ രേഖപ്പെടുത്തിവയ്ക്കാറുണ്ടായിരുന്നു. ഇതുവഴി ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി ജനക്ഷേമം ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രാചീന ഈജിപ്തിലെ ഭരണാധികാരികള്‍ പ്രജകളുടെ സ്വത്ത് വകകളെക്കുറിച്ച് കണക്കെടുപ്പ് നടത്തിയിരുന്നു. പ്രാചീന ഗ്രീസിലും റോമിലുമൊക്കെ വിവിധ ഉദ്ദേശങ്ങള്‍ക്കായി ഇത്തരം കണക്കെടുപ്പുകള്‍ നടത്തിയിരുന്നു. ചൈനയിലെ ഹാന്‍ രാജവംശകാലത്തെ ജനസംഖ്യാകണക്കെടുപ്പ് രേഖകള്‍ ഇത്തരത്തില്‍ കണ്ടെടുത്തിട്ടുണ്ട്. പൗരാണിക ഇന്ത്യയിലും ഇത്തരത്തിലുള്ള ജനസംഖ്യാകണക്കെടുപ്പുകള്‍ നടന്നിട്ടുണ്ട്. മുഗള്‍ ഭരണാധികാരികള്‍ സെന്‍സസുകളെ പ്രോത്സാഹിപ്പിച്ചവരായിരുന്നു. മുഗള്‍ ഭരണാധികാരിയായ അക്ബര്‍ ചക്രവര്‍ത്തിയുടെ ഐന്‍ -ഇ അക്ബാരിയില്‍ ഇത്തരം കണക്കെടുപ്പുകളെക്കുറിച്ച് വിശദമായി പറഞ്ഞുവച്ചിട്ടുണ്ട്. 1872 ല്‍ ആണ് ആധുനിക ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് നടന്നത്. അപൂര്‍ണമായി നടന്ന സെന്‍സസിനെത്തുടര്‍ന്ന് 1881 ല്‍ പൂര്‍ണരൂപത്തിലുള്ള സെന്‍സസിനു തന്നെ രാജ്യം സാക്ഷ്യം വഹിച്ചു.സ്വതന്ത്ര്യ ഭാരതത്തില്‍ 1951 ലാണ് ആദ്യത്തെ സെന്‍സസ് നടന്നത്. അവസാനമായി സെന്‍സസ് നടന്നത് 2011 ലും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ (2021ല്‍) ഇന്ത്യയൊട്ടാകെ പുതിയൊരു സെന്‍സസിന് സാക്ഷ്യം വഹിക്കും.
കേരളം
2011 ലെ കണക്കനുസരിച്ച് നമ്മുടെ കൊച്ചു കേരളത്തില്‍ 3.34 കോടി ജനങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതി കണക്കു കൂട്ടിയാല്‍ അതു വളരെ വലുതാണെന്നാണ് ഗവേഷകരുടെ വാദം. കേരളത്തിന്റെ പതിമടങ്ങ് വലിപ്പമുള്ള പല വിദേശ രാജ്യങ്ങളിലും നമ്മുടെ സംസ്ഥാനത്തിന്റെയത്ര ജനസംഖ്യയില്ലെന്നതാണ് സത്യം. മലപ്പുറമാണ് കേരളത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ല. വയനാടാണ് പിന്നില്‍.
ജനസംഖ്യാവര്‍ധനവും
വൈദ്യശാസ്ത്രവും
ജനസംഖ്യാവര്‍ധനവിനു പിന്നില്‍ വൈദ്യശാസ്ത്രത്തിന്റെ പങ്കാളിത്തം വളരെ വലുതാണ്. കൃത്യമായ രോഗനിവാരണവും ചികിത്സയും മരണ നിരക്ക് വന്‍ തോതില്‍ കുറച്ചു. വാക്‌സിനുകളുടെ ഉപയോഗം പ്രതിരോധശേഷി വര്‍ധിപ്പിച്ച് ആയുസ് കൂട്ടി.
ജനസംഖ്യയറിയാം
തത്സമയം
ലോക ജനസംഖ്യ 750 കോടി പിന്നിട്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ലോകത്താകമാനം പ്രതിദിനം 3,83,656 പേര്‍ ജനിക്കുകയും 1,59,160 പേര്‍ മരണപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ലേഖനം എഴുതുമ്പോള്‍ ലോകത്താകെ ജനസംഖ്യ 7,715,607,607 ഉണ്ടായിരുന്നതെങ്കില്‍ ഈ ലേഖനം കൂട്ടുകാര്‍ വായിക്കുമ്പോഴേക്കും ആ കണക്ക് മാറിയിട്ടുണ്ടാകും. ഓരോ 0.38 സെക്കന്റിലും ലോകജനസംഖ്യയിലേക്ക് ഒരു മനുഷ്യന്‍ കൂട്ടിച്ചേര്‍ക്കുന്നുവെന്നാണ് കണക്ക്. ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ www.worldpopulationreview.com
എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചു നോക്കൂ. ലോക ജനസംഖ്യ ലൈവായി അറിയാം. വേണമെങ്കില്‍ രാജ്യം തിരിച്ചുള്ള ജനസംഖ്യയുടെ എണ്ണവുമറിയാം. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്റ്റ്‌സിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കെടുപ്പ് സാധ്യമാകുന്നത്.
ജനപ്പെരുപ്പവും
ഭൂമിയും
ജനസംഖ്യയിലുണ്ടാകുന്ന വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഭൂമിയെയാണ്. ജനസംഖ്യാവര്‍ധനവിനനുസരിച്ച് ഭക്ഷ്യാവശ്യങ്ങള്‍ വര്‍ധിക്കുകയും ഇത് വനഭൂമിയുടെ തോത് കുറയ്ക്കുകയും ചെയ്യും. ജനസംഖ്യാ രംഗത്തുണ്ടാകുന്ന വര്‍ധനവ് തൊഴിലില്ലായ്മയും ദാരിദ്രവും സൃഷ്ടിക്കും. രാജ്യത്തെ പൗരന്മാരുടെ ഭക്ഷ്യ, ജല, ആരോഗ്യ, വിദ്യാഭ്യാസ, പാര്‍പ്പിട രംഗങ്ങളിലൊക്കെ ഈ മാറ്റം പ്രതിഫലിക്കും. പരിസ്ഥിതി മലിനീകരണത്തിന്റേയും ആഗോളതാപത്തിന്റേയും അളവ് വര്‍ധിക്കും.
കുടിവെള്ളമില്ലാത്ത
ജനങ്ങള്‍
നൂറു കോടിയിലേറെ ജനങ്ങള്‍ ശുദ്ധജലം ലഭ്യമാകാതെ ദുരിതമനുഭവിക്കുന്നവരാണ്. ജനസംഖ്യാവര്‍ധനവിനനുസരിച്ച് ലോകത്തെ ശുദ്ധജല ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ജലസ്രോതസുകളില്‍ പലതും ഉപയോഗ്യശൂന്യമായിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈയൊരു അവസ്ഥ തുടര്‍ന്നാല്‍ വരും നാളുകളില്‍ മറ്റ് ശുദ്ധജലമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. മിതമായ തോതിലുള്ള ജലോപയോഗവും ജലസംരക്ഷണവും നാം ശീലിക്കുന്നതോടൊപ്പം ശുദ്ധജല സ്‌ത്രോതസുകള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്.
ജനസംഖ്യ കുറയുന്ന
കാലം
ലോക ജനസംഖ്യ ദ്രുതഗതിയില്‍ മുന്നോട്ടു നീങ്ങുകയാണല്ലോ. എന്നാല്‍ അപൂര്‍വം ചില കാലഘട്ടത്തില്‍ ജനസംഖ്യാ വര്‍ധനവില്‍ കുറവുകളുണ്ടായിട്ടുണ്ട്. മരണ നിരക്ക് കൂടിയ ഘട്ടങ്ങളിലാണ് ഈ കുറവുണ്ടായത്. കലാപം, യുദ്ധം, രോഗം എന്നിവയാണ് ഇതിന് അടിസ്ഥാനം. പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ് ബാധയെത്തുടര്‍ന്നുണ്ടായ മരണങ്ങള്‍ ലോക ജനസംഖ്യയെ പിറകോട്ട് പായിച്ചു. ജനസംഖ്യയിലുണ്ടായ കുറവ് നികത്താന്‍ ഏതാണ്ട് 200 വര്‍ഷം തന്നെ വേണ്ടി വന്നു. ലോകമഹായുദ്ധങ്ങളും വിവിധ രാജ്യങ്ങളിലുണ്ടായ ആഭ്യന്തര കലാപങ്ങളും പല രാജ്യങ്ങളിലേയും ജനസംഖ്യയെ സാരമായി ബാധിച്ചു. ചില ഘട്ടങ്ങളില്‍ ഒരു രാജ്യത്തുണ്ടാകുന്ന കലാപവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പലായനവും ജനസംഖ്യാനിരക്കില്‍ കുറവുകളുണ്ടാക്കുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ കുടിയേറ്റമുണ്ടാക്കി ജനസംഖ്യാവര്‍ധനവുണ്ടാക്കാറുണ്ട്.
2050 ലെ ഇന്ത്യ
2050 ആകുന്നതോടുകൂടി ഇന്ത്യയിലെ ജനസംഖ്യ 160 കോടി കവിയുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. 2011 ല്‍ നടന്ന സെന്‍സസ് അനുസരിച്ച് ഒരു ചതുശ്രകിലോമീറ്ററില്‍ ശരാശരി 382 ജനങ്ങളാണ് ഇന്ത്യയില്‍ താമസിക്കുന്നത്. 2050 ആകുന്നതോടുകൂടി ഇത് 493 ആയി മാറുമത്രെ. 100 പേര്‍ കയറേണ്ട ബസില്‍ 150 പേര്‍ കയറിയാല്‍ എങ്ങനെയായിരിക്കുമെന്ന് കൂട്ടുകാര്‍ക്ക് ഊഹിക്കാമോ?. ആ അവസ്ഥയിലൂടെയായിരിക്കും ഇന്ത്യ അന്ന് കടന്നുപോകുക.
1.2.3...
പത്താം നൂറ്റാണ്ടില്‍ 40 കോടിയോളമുണ്ടായിരുന്ന ലോകജനസംഖ്യ പതിനെട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും 100 കോടിയായി മാറി. 1804ല്‍ 100 കോടി കവിഞ്ഞ ലോക ജനസംഖ്യ 1927 ല്‍ 200 കോടിയായി. 100- 200 ആകാന്‍ വെറും 123 വര്‍ഷം മാത്രം. 1960 ല്‍ ജനസംഖ്യ 300 കോടിയായി. വേണ്ടി വന്നത് 33 വര്‍ഷം മാത്രം. 1974 ല്‍ ലോക ജനസംഖ്യ 400 കോടിയായി.കേവലം 14 വര്‍ഷം കൊണ്ട്. 1987 ല്‍ ജനസംഖ്യ 500 തികഞ്ഞു. 13 വര്‍ഷം കൊണ്ട് 100 കോടി കൂടിയെന്നു സാരം. 1999ല്‍ ലോക ജനസംഖ്യ 600 കോടിയായി. 2011ല്‍ ലോക ജനസംഖ്യ 700 കോടി പിന്നിട്ടു. വേണ്ടി വന്നത് 12 വര്‍ഷങ്ങള്‍ മാത്രം.
ഇന്ത്യ - ചൈന
ഫൈനല്‍
ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ, അയല്‍രാജ്യമായ ചൈനയുമായി ഒരു മല്‍സരം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ചൈനയാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. ഇന്ത്യയാണ് തൊട്ടു പിന്നാലെയുള്ളത്. 1.4 ബില്യനാണ് ചൈനയിലെ ജനസംഖ്യനിരക്കെങ്കില്‍ ഇന്ത്യയിലേത് 1.355 ബില്യനാണ്. കൃത്യമായി പറഞ്ഞാല്‍ 2018 ല്‍ 142,76,47,786 ആണ് ചൈനയിലെ ജനസംഖ്യയെങ്കില്‍ 135,26,42,280 ആണ് ഇന്ത്യയിലെ ജനസംഖ്യ. അതായത് 7,50,05,506 ജനസംഖ്യാ വ്യത്യാസം മാത്രം. 2019 പാതി പിന്നിട്ടപ്പോള്‍ ചൈനയിലെ ജനസംഖ്യ 62,86,407 വര്‍ധിച്ച് 143,39,34,193 ആയി മാറി. അതേ സമയം ഇന്ത്യയിലെ ജനസംഖ്യ 1,41,24,583 എണ്ണം വര്‍ധിച്ച് 136,67,66,863 ആയി മാറി. അതായത് ചൈനയിലെ ജനസംഖ്യയേക്കാള്‍ ഇരട്ടി വര്‍ധനവാണ് ഇന്ത്യയിലുണ്ടാകുന്നത്. 2030 ആകുന്നതോടുകൂടി ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ജനസംഖ്യവര്‍ധനവിനെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."