ബഹ്‌റൈനില്‍ മലയാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറബ് പൗരന് വധശിക്ഷ
മനാമ: ബഹ്‌റൈനില്‍ ഒരു വര്‍ഷം മുന്പ് മലയാളിയെ ക്രൂരമായി കൊലചെയ്ത സംഭവത്തില്‍ ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതി അറബ് പൗരന് വധശിക്ഷ വിധിച്ചു.
കോഴിക്കോട് താമരശേരി പരപ്പന്‍പ്പൊയില്‍ ജിനാന്‍ തൊടിക ജെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുല്‍ നഹാസി(33)നെ താമസസ്ഥലത്ത് വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിലാണ് പ്രതിയായ 41 വയസ്സുള്ള സുഡാന്‍ പൗരന് കോടതി വധശിക്ഷ വിധിച്ചത്.
2019 ജൂലൈ 3ന് ഇവിടെ ഹൂറ പ്രവിശ്യയിലായിരുന്നു കേസിന്നാസ്പദമായ സംഭവം.
തലേ ദിവസം മുതല്‍ നഹാസിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് താമസ സ്ഥലത്ത് പുതപ്പിട്ട് മൂടിയ നിലയില്‍ നഹാസിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിന്നിലേക്ക് കെട്ടി, തല ഭാഗത്ത് ക്രൂരമായ മര്‍ദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹം. കൂടാതെ തെളിവ് നശിപ്പിക്കാനായി തറയില്‍ മുളക്‌പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
തുടര്‍ന്ന് ഊര്‍ജ്ജിതമായ പോലീസ് അന്വേഷണത്തിലാണ് പ്രതി തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്ന സുഡാന്‍ പൗരനാണെന്ന് കണ്ടെത്തിയത്.
വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ ഇയാളും നഹാസും തമ്മില്‍ പലപ്പോഴും രൂക്ഷമായ വാക്കേറ്റങ്ങളുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
നഹാസിനെ താന്‍ കസേരയില്‍ കെട്ടിയിട്ടശേഷം മര്‍ദ്ധിക്കുകയും ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
കൂടാതെ, ഈ ക്രൂര കൃത്യത്തിന്റെ വീഡിയോ പ്രതി തന്റെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് കേസന്വേഷണത്തില്‍ സുപ്രധാന തെളിവായി മാറി.
അവിവാഹിതനായ നഹാസ് നാലു വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. മരണ വിവരമറിഞ്ഞു സൗദിയിലുള്ള ബന്ധു ഷഹിന്‍ ബഹ്‌റൈനിലെത്തി, കെ.എം.സി.സിയുടെ സഹായത്തോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കിത്. അബ്ദുല്ല കുട്ടിയാണ് പിതാവ്. മാതാവ് റംല. അനസ്, നജ് മ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."