സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില; പിരിച്ചുവിട്ട കനോയിങ് അസോസിയേഷന്‍ തുടരുന്നു
ആലപ്പുഴ: സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി പിരിച്ചുവിട്ട സംസ്ഥാന കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയഷന് പ്രവര്‍ത്തിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ അകമഴിഞ്ഞ പിന്തുണ. ദേശീയ ഗെയിംസില്‍ കോടികളുടെ തിരിമറി നടത്തി വിജിലന്‍സ് അന്വേഷണം നേരിടുന്ന കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡി വിജയകുമാറിനെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സംരക്ഷിക്കുന്നത്. അഴിമതിയില്‍ കുളിച്ച കൗണ്‍സിലിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗം കൂടിയായ വിജയകുമാര്‍ 2015-16 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ തുഴച്ചില്‍ മത്സരങ്ങള്‍ നടത്തിയാണ് ഏകദേശം പത്ത് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് വിജയകുമാറിനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ യു.ആര്‍ അഭയനുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്ത് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍പ്പെട്ടവര്‍ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടമെന്നാണ്.
എന്നാല്‍ വിജയകുമാറിന്റെയും അഭയന്റെയും കാര്യത്തില്‍ ഇത് സാധ്യമായിട്ടില്ല. അതേസമയം വിജിലന്‍സ് അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ട് കായിക മന്ത്രിയും മുഖ്യമന്ത്രിയും വിജയകുമാറിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇത് അംഗീകരിച്ചിട്ടില്ല. കൗണ്‍സിലുമായി ബന്ധപ്പെട്ട് നടക്കുന്ന മുഴുവന്‍ യോഗങ്ങളിലും ഔദ്യോഗികമായി വിജയകുമാര്‍ പങ്കെടുക്കുന്നതായാണ് അറിയുന്നത്. ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൗണ്‍സില്‍ കാര്യാലയത്തില്‍ പ്രത്യേക മുറി തന്നെ ഒരുക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് തുഴച്ചില്‍ മത്സരങ്ങളില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് മനസിലാക്കി ദേശീയ ഫെഡറേഷന്‍ വിജയകുമാറിനെയും കേരള അസോസിയേഷനെയും കഴിഞ്ഞ മാര്‍ച്ച് 10ന് പിരിച്ചുവിട്ടിരുന്നു. അസോസിയേഷനെ പിരിച്ചുവിട്ടത് സ്ഥിരീകരിക്കാന്‍ മാര്‍ച്ച് 20ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ഇന്ത്യന്‍ കനോയിങ് ഫെഡറേഷന്‍ സെക്രട്ടറി ബല്‍വീര്‍ സിങ് കുഷ്വയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ട നടപടി ശരിവച്ചും താത്കാലിക കമ്മിറ്റി രൂപീകരിച്ച വിവരവും അറിയിച്ച് മാര്‍ച്ച് 21ന് ദേശീയ സെക്രട്ടറി സംസ്ഥാന അസോസിയേഷനെ ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."