ലൈഫ് പദ്ധതി; സംസ്ഥാനത്ത് ഭവനനിര്‍മാണ യൂനിറ്റുകള്‍ തുടങ്ങുന്നു
ആഷിഖ് അലി ഇബ്രാഹിം
മുക്കം: ലൈഫ് ഭവനപദ്ധതി വേഗത്തിലാക്കാന്‍ സംസ്ഥാനത്തുടനീളം ഭവന നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും കുടുംബശ്രീയെയും സംയോജിപ്പിച്ചാണ് യൂനിറ്റുകള്‍ തുടങ്ങുക. പ്രളയാനന്തരം ഭവനിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമം നേരിട്ടതാണു യൂനിറ്റുകള്‍ തുടങ്ങാനുള്ള തീരുമാനം വേഗത്തിലാക്കിയത്.
ഇതോടെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്ഥിരമായ തൊഴില്‍ദിനങ്ങളും ലഭിക്കും. കേരളത്തിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വാസയോഗ്യമായ ഭവനം നിര്‍മിച്ചുനല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ലൈഫ് പദ്ധതി പ്രകാരം 2018 -19 സാമ്പത്തിക വര്‍ഷം 1,60,000 വീടുകള്‍ നിര്‍മിച്ചുനല്‍കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വീടിനു ശരാശരി 1,400 കട്ടകള്‍ എന്ന നിലയില്‍ 20,000 കോടി കട്ടകളാണ് ഇതിനാവശ്യമായി വരിക. കൂടാതെ കട്ടിളകള്‍ അടക്കമുള്ള മറ്റു ഭവനനിര്‍മാണ വസ്തുക്കളും ആവശ്യമുണ്ട്. ആദ്യഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലാണു നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കുക. ഇതിന് ആവശ്യമായ തുക വികസനഫണ്ടില്‍ നിന്നോ തനതുഫണ്ടില്‍ നിന്നോ ചെലവഴിക്കാം. പിന്നീട് മറ്റു ഗ്രാമ പഞ്ചായത്തുകളിലേക്കുകൂടി വ്യാപിപ്പിക്കും.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ലൈഫ് പദ്ധതിക്ക് നീക്കിവച്ച തുകയ്ക്ക് പുറമേ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തേണ്ടത്. തൊഴിലാളികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കും. യൂനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഗ്രാമ പഞ്ചായത്തുതലം മുതല്‍ സംസ്ഥാനതലം വരെ നാലു മോണിറ്ററിങ് സംവിധാനവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."