ഹെല്‍മെറ്റില്ലെങ്കിലും തിങ്കളാഴ്ച മുതല്‍ പെട്രോള്‍ അടിക്കാം
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ഹെല്‍മെറ്റില്ലെങ്കില്‍ പമ്പുകളില്‍ നിന്നും പെട്രോള്‍ നല്‍കാന്‍ പാടില്ലെന്ന ഉത്തരവില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി പിന്നോട്ട്. ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ലഭിക്കില്ലെന്ന ഉത്തരവ് തല്‍ക്കാലം നടപ്പിലാക്കില്ലെന്ന് ടോമിന്‍ തച്ചങ്കരി അറിയിച്ചു. വകുപ്പ് മന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കമ്മിഷണര്‍ ഉത്തരവില്‍ നിന്നും പിന്നോക്കം പോയത്. തിങ്കളാഴ്ച മുതല്‍ എല്ലാ പെട്രോള്‍പമ്പുകളിലും ഹെല്‍െമറ്റ് ധരിക്കാതെ വരുന്നവര്‍ക്ക് ഉപദേശംനല്‍കും ഒപ്പം ലഘുലേഖകളും വിതരണം ചെയ്യും. എന്നാല്‍ തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരേ ശിക്ഷാ നടപടിയുണ്ടാകുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള ശിക്ഷകളായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ഹെല്‍മറ്റില്ലാതെ വരുന്നവരെ പെട്രോള്‍പമ്പിലെ കാമറകള്‍ ഉപയോഗിച്ചു നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. എണ്ണകമ്പനികളും പമ്പുടമകളും ഇതിനോടു സഹകരിക്കാമെന്നു സമ്മതിച്ചതായി തച്ചങ്കരി പറഞ്ഞു. പരമാവധി ബോധവല്‍ക്കരണം നടത്തും. അതിനുശേഷവും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും തച്ചങ്കരി പറഞ്ഞു. കൂടാതെ ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ വാങ്ങുന്നവര്‍ക്കു സമ്മാനക്കൂപ്പണുകള്‍ നല്‍കും. പെട്രോള്‍ പമ്പുകളുമായി സഹകരിച്ചായിരിക്കും കൂപ്പണുകള്‍ നല്‍കുക. കൂപ്പണുകള്‍ നറുക്കെടുത്ത് ആദ്യ സമ്മാന ജേതാക്കളായ മൂന്നുപേര്‍ക്ക് മൂന്നു ലിറ്റര്‍ പെട്രോള്‍ വീതവും, രണ്ടാം സ്ഥാനക്കാരായ അഞ്ചുപേര്‍ക്ക് രണ്ടു ലിറ്റര്‍ പെട്രോള്‍ വീതവും നല്‍കും. മൂന്നാം സ്ഥാനക്കാരായ അഞ്ചുപേര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതം സമ്മാനമായി നല്‍കും.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത പെട്രോള്‍പമ്പുകളില്‍ നടപ്പിലാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാന വ്യാപകമാക്കാനാണ് ആലോചിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും തച്ചങ്കരി വ്യക്തമാക്കി. അതേസമയം, ഒരു മാസം കഴിഞ്ഞ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമെന്നും തച്ചങ്കരി പറഞ്ഞു. അപകടമരണങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോധവല്‍ക്കരണം കഴിഞ്ഞാല്‍ പെട്രോള്‍ പമ്പുകളില്‍ പുതിയ വ്യവസ്ഥ വ്യക്തമാക്കി ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. എല്ലാ പെട്രോള്‍ പമ്പുകളിലും സി.സി.ടി.വി കാമറ ഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. നിയമം കര്‍ശനമായി നടപ്പാക്കാന്‍ പമ്പുകളില്‍ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. പൊലിസിന്റെ സഹായവും ലഭ്യമാക്കും.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 14,482 ഇരുചക്ര വാഹനാപകടങ്ങളിലായി 1,330 പേര്‍ മരിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നവയാണ് ഇതിലേറെയും. ഈ വര്‍ഷം മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് കൂടി നല്‍കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വാഹന ഡീലര്‍മാരോട് നിര്‍ദേശിച്ചിരുന്നു. പുതുതായി വിഭാവനം ചെയ്യുന്ന റോഡ് സുരക്ഷാ ബില്ലില്‍ 2,500 രൂപയാണ് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ പിഴ ഒടുക്കാനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മാത്രമല്ല ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
മോട്ടോര്‍ വാഹന വകുപ്പിലെ പരിശോധനാ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് നിയമം കര്‍ശനമാക്കുന്നതില്‍ നിന്നും പിന്നോട്ട് പോയതെന്നും അദ്ദേഹം സൂചന നല്‍കി. 850 സി.സിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങളും 100 സി.സിക്ക് താഴെയുള്ള മോപ്പെഡുകളും ഓടിക്കുന്നതിന് ഒരേ നിയമമാണ് രാജ്യത്തുള്ളത്. ഇതിനു മാറ്റം വരുത്തും. രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ നിരത്തിലിറക്കാന്‍ പാടില്ല.
തുടര്‍ച്ചയായി അപകടമുണ്ടാകുന്ന ബ്ലാക് സ്‌പോട്ടുകള്‍ കണ്ടെത്തി പരിഹാരമുണ്ടാക്കാന്‍ നടപടിയുണ്ടാകും. ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്ന സബ്ഡീലര്‍മാര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വകുപ്പില്‍നിന്ന് വാങ്ങിയിരിക്കണമെന്നും തച്ചങ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."