HOME
DETAILS
MAL
'ശ്രീകണ്ഠന്‍മാജിക്കില്‍' തകരുമോപാലക്കാടന്‍കോട്ട?
backup
December 07 2020 | 03:12 AM
പാലക്കാട്: ചെങ്കോട്ടയെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിച്ചിരുന്ന ജില്ലയാണ് അടുത്ത കാലംവരെ പാലക്കാട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി.കെ ശ്രീകണ്ഠന്‍ നടത്തിയ തേരോട്ടത്തോടെ ജില്ല ഇനി ആരുടെ കോട്ടയെന്ന് ഉറപ്പിക്കണമെങ്കില്‍ തദ്ദേശ അങ്കത്തിന്റെ കൂടി വിധി വരണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പില്‍ വലത് മുന്നണി കൊയ്‌തെടുത്ത ചരിത്ര വിജയവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങള്‍ക്ക് അനുകൂലമായി പാലക്കാടന്‍ കാറ്റ് വീശുമെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീകണ്ഠന്റെ നീക്കങ്ങളാണ് ചെങ്കോട്ടയിലും മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞതെന്ന ചിന്ത പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.
എന്നാല്‍ രാഷ്ട്രീയ വിവാദങ്ങള്‍ കരതൊടില്ലെന്ന് അവകാശപ്പെടുന്ന എല്‍.ഡി.എഫിന്
ചരിത്രത്തിലാണ് പ്രതീക്ഷ. കാല്‍ നൂറ്റാണ്ടായി ജില്ലാപഞ്ചായത്തില്‍ ഭരണം സി.പി.എമ്മിനാണ്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുതലങ്ങളിലും ഇടതിനു തന്നെ മേല്‍ക്കൈ. 1991ലെ പ്രഥമ ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറിയത് എ.കെ ബാലന്‍ പ്രസിഡന്റായ ഇടതു ഭരണ സമിതിയായിരുന്നു. ത്രിതല സംവിധാനം നിലവില്‍ വന്നശേഷം 1995ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കെ.വി വിജയദാസും 2000ല്‍ കെ.വി രാമകൃഷ്ണനും 2005ല്‍ സുബൈദ ഇസ്ഹാഖും 2010ല്‍ ടി.എന്‍ കണ്ടമുത്തനും 2015ല്‍ കെ. ശാന്തകുമാരിയും പ്രസിഡന്റായി. 2010ല്‍ ഒഴിച്ച് എല്ലാ കാലത്തും മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷം ഇടതിന് ഉണ്ടായിട്ടുണ്ട്. 2005ലെ ഭരണസമിതിയില്‍ ലീഗ് പ്രതിനിധി മാത്രമായിരുന്നു യു.ഡി.എഫ് പക്ഷത്ത്.
ജില്ലയിലെ പകുതിയിലധികം പഞ്ചായത്തുകളും അഞ്ച് ബ്ലോക്കുകളും യു.ഡി.എഫ് പക്ഷത്തേക്ക് മറിഞ്ഞ 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും പ്രാതിനിധ്യമുയര്‍ന്നു. ജനതാദള്‍ (എസ്) യു.ഡി.എഫിലുണ്ടായിരുന്ന ആ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ ഐക്യമുന്നണി പ്രാതിനിധ്യം 11 ആയി ഉയര്‍ന്നു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് വീതം ലീഗും ജനതാദളും ജയിച്ചുകയറി. ആകെ 27 ഡിവിഷനുകളില്‍ അന്ന് എല്‍.ഡി.എഫ് വിജയം 16 ഇടത്തായിരുന്നു. 2015ലെ തെരഞ്ഞെടുപ്പില്‍ കണ്ടത് വീണ്ടും ഇടതു തരംഗം. 30 ഡിവിഷനുകളില്‍ 27ലും വിജയം എല്‍.ഡി.എഫിന്. യു.ഡി.എഫ് പ്രാതിനിധ്യം മൂന്നിലൊതുങ്ങി. വിമതശല്യത്തെതുടര്‍ന്ന് ഉറച്ച ഡിവിഷനായ അലനല്ലൂര്‍ ലീഗിന് നഷ്ടമായി.
ജലവൈദ്യുത പദ്ധതിക്ക് തുടക്കംകുറിച്ച രാജ്യത്തെ ആദ്യ ജില്ലാപഞ്ചായത്ത് എന്ന ഖ്യാതിയടക്കം പിന്നിട്ട വര്‍ഷങ്ങളിലെ വികസന നേട്ടങ്ങള്‍ നിരത്തിയാണ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഗോദയില്‍ എല്‍.ഡി.എഫ് ഉള്ളത്. പരാജയങ്ങളില്‍ നിന്നും പാഠമുള്‍കൊണ്ടുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് യു.ഡി.എഫും. വിമതശല്യമെല്ലാം പരിഹരിച്ച് ലീഗ് ഒറ്റക്കെട്ടാണ്. ഭരണസമിതിയുടെ വീഴ്ചകളും നിര്‍വഹണത്തിലെ പാളിച്ചകളും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം.
കേരളത്തിലാദ്യമായി പാലക്കാട് മുനിസിപ്പാലിറ്റി പിടിച്ചടക്കിയ ബി.ജെ.പി കടുത്ത ഗ്രൂപ്പ് വൈര്യങ്ങളും പടലപ്പിണക്കങ്ങളുമായി ഇരുട്ടില്‍ തപ്പുകയാണ്. ശോഭാ സുരേന്ദ്രന്റെ നേതൃത്വവുമായുള്ള യുദ്ധവും ദേശീയ കൗണ്‍സില്‍ അംഗം എസ്.ആര്‍ ബാലസുബ്രഹ്മണ്യന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമെല്ലാം ആദ്യമായി കയ്യടക്കിയ മുനിസിപ്പല്‍ ഭരണം നഷ്ടപ്പെടുത്തുമെന്ന ചിന്ത ബി.ജെ.പിക്കാര്‍ക്കു തന്നെയുണ്ട്.
ജില്ലയില്‍ ഏഴ് മുനിസിപ്പാലിറ്റികളും 13 ബ്ലോക്ക് പഞ്ചായത്തുകളും 88 ഗ്രാമപഞ്ചായത്തുകളുമാണ് ഉള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ് ഭരണത്തില്‍. ഏഴ് മുനിസിപ്പാലിറ്റികളില്‍ നാലിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും ഒന്നില്‍ ബി.ജെ.പിയും ഭരണത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."