നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍; വാഹന മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു
ബദിയഡുക്ക: സംശയകരമായ സാഹചര്യത്തില്‍ അര്‍ധരാത്രിയില്‍ ഓംമ്‌നി വാനില്‍ കാണപ്പെട്ട നിരവധി കേസുകളില്‍ പ്രതിയായ രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തു. ലോക്കപ്പ് ചാട്ടത്തിലും വാഹന മോഷണത്തിലും പ്രതിയായിരുന്ന യുവാവ് പൊലിസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു. തൃക്കരിപ്പൂര്‍ ഉദിനൂര്‍ മാച്ചിക്കാടില്‍ താമസക്കാരനും ചിറ്റാരിക്കല്‍ സ്വദേശിയുമായ തുരുത്തി മഠത്തില്‍ മണി എന്ന ജീപ്പ് ടി.ആര്‍ മണി (50), കൊല്ലം സ്വദേശിയും ബേള കുമാരമംഗലത്ത് വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ രാജീവന്‍ (51) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
നിരവധി വാഹന മോഷണ കേസുകളിലും ആദൂര്‍ സ്റ്റേഷനിലെ ലോക്കപ്പ് ചാടിയ കേസിലെ പ്രതിയുമായ ബാറഡുക്കയിലെ ശ്രീധര ഷെട്ടി (46)യാണ് രക്ഷപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നീര്‍ച്ചാല്‍ മുകളിലെ ബസാര്‍ കിളിംഗാര്‍ പഴയ ചന്ദന ഫാക്ടറിക്കു സമീപത്തുവച്ചാണ് മണിയും രാജീവനും പിടിയിലായത്. റോഡരികില്‍ നിര്‍ത്തിയിട്ട വാനില്‍ മൂന്നുപേരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബദിയഡുക്ക എസ്.ഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയിരുന്നു. രണ്ടുപേരെ പിടികൂടുന്നതിനിടയില്‍ ശ്രീധര ഷെട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീധര ഷെട്ടി കുറെക്കാലമായി മോഷണരംഗത്തുനിന്നു മാറി നാട്ടില്‍തന്നെ കഴിഞ്ഞു വരികയാണ്. എന്നാല്‍ ഇയാള്‍ മണിക്കും രാജീവിനൊപ്പം എന്തിനുകൂടിയെന്നതിനെ കുറിച്ചും അന്വേഷിക്കുന്നു. ദിവസങ്ങള്‍ക്കുമുമ്പ് നീര്‍ച്ചാലിലും പരിസരങ്ങളിലും നടന്ന കവര്‍ച്ചയിലും ഇവര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."