ക്വാറികള്‍ സ്തംഭിച്ചു: നിര്‍മാണ മേഖല പ്രതിസന്ധിയില്‍
കാസര്‍കോട്: ക്വാറികളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ ജില്ലയില്‍ നിര്‍മാണ മേഖലകള്‍ പ്രതിസന്ധിയിലായി. ഒരു മാസത്തിലധികമായി കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കുന്ന മെറ്റലിന് കടുത്ത ക്ഷാമമാണ് ജില്ലയില്‍ ഉണ്ടായത്. ഇതുകാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്ന കാഴ്ചയാണ് ജില്ലയിലെങ്ങും.അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജിയോളജി വിഭാഗം കര്‍ശന പരിശോധന നടത്തുകയും പല ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് ആവശ്യമായ മെറ്റല്‍ കിട്ടാതെ വന്നത്. വീട് ഉള്‍പ്പെടെയുള്ളവയുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ ജനം കടുത്ത ദുരിതം അനുഭവിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു വിധ നടപടിയുമില്ലാതെ വന്നതോടെ ക്വാറി, ക്രഷറര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ തൊഴിലാളികള്‍ പട്ടിണിയിലാവുകയും ചെയ്തു.
അതിനിടെ വര്‍ഷങ്ങളായി പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന ക്വാറികളിലും ജിയോളജി വകുപ്പ് പരിശോധനയും മറ്റും നടത്തി ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കാതെ വരുമ്പോള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ വകുപ്പിനു കഴിയുന്നുമില്ല. മഴക്കാലം പിന്നിട്ടതോടെ വീടു പണി തുടങ്ങിയ ജില്ലയിലെ ഒട്ടനവധി ആളുകളാണ് ജിയോളജി വകുപ്പിന്റെ നടപടി കാരണം പ്രയാസം അനുഭവിക്കുന്നത്. കെട്ടിട നിര്‍മാണ മേഖലകളില്‍ ഒട്ടനവധി പ്രശ്നങ്ങള്‍ നേരിടുന്നതിനിടയിലാണ് മെറ്റല്‍ പ്രശ്നവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."