പൈതൃക മ്യൂസിയം തിരൂരങ്ങാടിയിലെന്ന് മന്ത്രി
മലപ്പുറം: ജില്ലാ കേന്ദ്രമായ മലപ്പുറത്തു തുടങ്ങുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരിത്ര പൈതൃക മ്യൂസിയം തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. മലപ്പുറത്തു തുടങ്ങുമെന്നറിയിച്ച ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ എന്തായി എന്ന പി. ഉബൈദുല്ല എം.എല്‍.എയുടെ സബ്മിഷനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് ജില്ലാ ആസ്ഥാനമായ മലപ്പുറത്തു പൈതൃക മ്യൂസിയം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്. മലപ്പുറത്തു നടന്ന ജനസമ്പര്‍ക്ക പരിപാടിയിലും ഇതു പ്രഖ്യാപിച്ചിരുന്നു. ജില്ലാ ആസ്ഥാനത്തെ പൈതൃക മ്യൂസിയത്തിനു മുന്‍പേ നിലവില്‍ തിരൂരങ്ങാടി താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്ന ഹജൂര്‍ കച്ചേരി മ്യൂസിയമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും പദ്ധതി ഉള്‍പ്പെടുത്തിയതാണ്. ഒരു ജില്ലയില്‍ ഒരു ചരിത്ര പൈതൃക മ്യൂസിയമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി ചരിത്ര പ്രാധാന്യമുള്ള തിരൂരങ്ങാടി താലൂക്ക് ഓഫിസ് കെട്ടിടം തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.പ്രസ്തുത കെട്ടിടത്തില്‍നിന്നു താലൂക്ക് ഓഫിസ് മാറ്റിസ്ഥാപിക്കുന്നതിനു 2016 ഒക്ടോബറില്‍ ജില്ലാ കലക്ടര്‍ക്കു കത്തു നല്‍കിയതായും ഓഫിസ് മാറ്റുന്നമുറയ്ക്കു ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ചരിത്ര പ്രധാന്യമുള്ള മലപ്പുറം കേന്ദ്രമായി ചരിത്ര മ്യൂസിയം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."