വൃത്തിഹീനമായി മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരം; മഴഎത്തുംമുന്‍പേ മാലിന്യനിര്‍മാര്‍ജനത്തിനു നടപടി വേണമെന്നാവശ്യം
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി പരിസരങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കിടയാക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. ആശുപത്രി കെട്ടിടങ്ങളുടെ ഇരുവശങ്ങളിലും അത്യാഹിത വിഭാഗത്തിനു പിന്‍വശത്തുമാണ് കൂടുതലും മാലിന്യം കെട്ടിനില്‍ക്കുന്നത്. ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു താഴെയും മാലിന്യക്കൂമ്പാരമാണ്.
മഴയെത്തുംമുന്‍പ് ഇതിനു പരിഹാരം കാണണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിനു രോഗികളെത്തുന്ന ഇവിടെ മാലിന്യസംസ്‌കരണത്തിനു ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കണമെന്നതും കാലങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, നാളിതുവരെ ഇതു യാഥാര്‍ഥ്യമായിട്ടില്ല.
രോഗികള്‍ കിടക്കുന്ന വാര്‍ഡുകളില്‍നിന്നു പുറത്തേക്കുതള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ആശുപത്രി കെട്ടിടത്തിനു താഴെ അടിഞ്ഞുകൂടിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ആശുപത്രിക്കകത്തേയ്ക്കു കൊണ്ടുവരുന്നതിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ കര്‍ശന നടപടികളുണ്ടാകുന്നില്ല. കക്കൂസില്‍നിന്നുള്ള മലിനജലവും ആശുപത്രി പരിസരത്തുണ്ട്.
മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതുകാരണം രാത്രിയിലും പകലിലും വാര്‍ഡുകളില്‍ അതിരൂക്ഷമായ കൊതുകുശല്യമാണ് നേരിടുന്നത്. പ്രസവവാര്‍ഡില്‍ നവജാത ശിശുക്കളും അമ്മമാരും വരാന്തകളിലാണ് കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."