ചേലേമ്പ്രയിലെ ലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് യോഗത്തില്‍ ധാരണ
ചേലേമ്പ്ര: പഞ്ചായത്ത് മുസ്‌ലിം ലീഗിലെ വിഭാഗീയത പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് വര്‍ക്കിങ് കമ്മിറ്റിയില്‍ ധാരണയായി. ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് ലീഗില്‍ നിന്ന് വിട്ട് പോയവരെക്കൂടി ഉള്‍ക്കൊള്ളിക്കുന്ന പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുളള തീരുമാനമെടുത്തത്.
ചര്‍ച്ചകള്‍ നടത്തുന്നതിനായി ഭാരവാഹികളെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, അന്തരിച്ച ലീഗ് കാരണവര്‍ സി.എം മുസ്തഫ ഹാജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചര്‍ച്ചകളോടെയായിരുന്നു അനുരഞ്ജന ശ്രമത്തിന് വേഗം കൂടിയത്. ഏറെക്കുറെ പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക തടസങ്ങളില്‍ തട്ടി പൂര്‍ത്തിയാകാതെ നില്‍ക്കുകയും സര്‍വിസ് സഹകരണ ബാങ്കില്‍ ലീഗ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ വിമതര്‍ പുറത്താക്കിയതോടെ ഒന്നിക്കുന്നതിന്റെ അധ്യായം അടയുകയും ചെയ്തതായിരുന്നു.
എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി എം.സി മായിന്‍ ഹാജിയുടെ നേതൃത്വത്തില്‍ ചില അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം നടന്ന സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ലീഗിന് അനുകൂലമായി നിലപാടെടുത്ത വിമത വിഭാഗത്തിന്റെ തീരുമാനത്തോട് അണികള്‍ക്കിടിയില്‍ സ്വീകാര്യത ലഭിക്കുകയും ഒന്നിക്കണമെന്ന ആവശ്യം യോഗവികാരമായി മാറുകയുമായിരുന്നു.
ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പോട് കൂടി ആരംഭിച്ച പ്രശ്‌നങ്ങള്‍ ബാങ്കിലൂടെ തന്നെ തീരട്ടയെന്നാണ് അണികളുടെ വികാരം. വിഭാഗീയത മൂലം പഞ്ചായത്ത് ഭരണം ചേലേമ്പ്രയില്‍ ലീഗിന് നഷ്ടപ്പെടുകയുണ്ടായി. സി.പി ഷബീറലിയുടെ നേതൃത്വത്തില്‍ ജനകീയ മുന്നണി സംവിധാനത്തിലാണ് നിലവില്‍ ചേലേമ്പ്രയില്‍ വിമതവിഭാഗം പ്രവര്‍ത്തിക്കുന്നത്. അതെ സമയം, പഞ്ചായത്തിലെ യു.ഡി.എഫ് സംവിധാനത്തിലുണ്ടായ വിള്ളല്‍ തീര്‍ക്കുക എന്ന കടമ്പ കൂടി ലീഗ് നേതൃത്വം മറികടക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."