ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: എതിര്‍പ്പുകളെ തണുപ്പിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്
പാലക്കാട്: ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കാന്‍ നിര്‍ദേശിക്കുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ വിദ്യാഭ്യാസമേഖലയില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും വ്യാപക എതിര്‍പ്പുകളുയരുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാനും അനുനയിപ്പിക്കാനും ശാസ്ത്ര സാഹിത്യപരിഷത്ത് രംഗത്ത് വരുന്നു.
ശാസ്ത്രസാഹിത്യപരിഷത്ത് നേതാക്കളും കെ.എസ്.ടി.എ നേതാക്കളും ചേര്‍ന്ന് തയാറാക്കിയ പൊതുവിദ്യാഭ്യാസ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പിയാണ് ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന് പരാതി ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് പരിഷത്ത് അനുനയവും വിശദീകരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റികള്‍ ഓരോ ജില്ലയിലും വിദ്യാഭ്യാസ സംവാദ സദസുകള്‍ സംഘടിപ്പിച്ചാണ് പ്രതിഷേധങ്ങളെ നേരിടാനും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ പാലക്കാട് സംവാദം സംഘടിപ്പിച്ചു.
ഖാദര്‍കമ്മിഷനെ ന്യായീകരിക്കാന്‍ സംഘടിപ്പിച്ച സംവാദത്തില്‍ വിമര്‍ശകര്‍ക്ക് മേല്‍ക്കോയ്മ കിട്ടുന്ന തരത്തില്‍ സംവാദത്തില്‍ പങ്കെടുത്തവര്‍ പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കും കാരണമായ കാര്യങ്ങള്‍ വിശദീകരിച്ചത് പരിഷത്തിനെ പ്രതിരോധത്തിലാക്കി. സംവാദത്തില്‍ കെ.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി എം.ആര്‍ മഹേഷ്‌കുമാര്‍ പോലും കമ്മിഷന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുമ്പോള്‍ തന്നെ പ്രതിഷേധം വിളിച്ചുവരുത്തുന്നതും അപ്രായോഗികവുമായ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അതിനെ ശക്തമായി എതിര്‍ക്കുമെന്നും പറഞ്ഞത് സംവാദത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് ശക്തിപകരുന്നതായി.
അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകളിലൊ ആനുകൂല്യങ്ങളിലൊ കത്തിവയ്ക്കുന്ന നിര്‍ദേശങ്ങള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടാല്‍ എല്ലാ അര്‍ഥത്തിലും അതിനെ എതിര്‍ക്കും. പൊതുവിദ്യാഭ്യാസ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പിയാണ് ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന പരാതിയില്‍ അഭിമാനമാണ് തങ്ങള്‍ക്കുള്ളതെന്നും മഹേഷ്‌കുമാര്‍ പറഞ്ഞു.
തങ്ങളുടെ നേതാക്കള്‍ നാലുവര്‍ഷത്തോളം പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അത് ഖാദര്‍ കമ്മിഷന്‍ സ്വീകരിച്ചുവെങ്കില്‍ അതു തങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മഹേഷ്‌കുമാര്‍ വ്യക്തമാക്കി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ വിവരങ്ങള്‍ ശേഖരിച്ച് തയാറാക്കിയ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കേരളം ഇന്നുവരെ വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയെടുത്ത സകല നേട്ടങ്ങളുടേയും അടിത്തറ തകര്‍ക്കുമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ഡോ. എസ്. മഹേഷ്ബാബു പറഞ്ഞു.
വിദ്യാഭ്യാസത്തെക്കുറിച്ച് കൃത്യമായ അവബോധമുള്ള കേരളീയ സമൂഹത്തിന്റെ മുന്നിലേക്ക് അപൂര്‍ണവും അവ്യക്തവുമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുതന്നെ കുറ്റകരമായ അനാസ്ഥയാണ്. കമ്മിഷന്‍ വിഷയത്തിന്മേല്‍ ആവശ്യമായ ചര്‍ച്ചകളൊ പഠനങ്ങളൊ നടത്തിയിട്ടില്ല. വിദ്യാര്‍ഥികളെ കുറിച്ച് കമ്മിഷന്‍ പഠനവിഷയമേ ആക്കിയിട്ടില്ല. സ്‌കൂള്‍ സംവിധാനത്തിന്റെ ഘടനക്കുമാത്രമാണ് റിപ്പോര്‍ട്ടില്‍ പരിഗണന നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ ഓരോ പേജിലും പരസ്പര വിരുദ്ധമായ നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഡോ. മഹേഷ്ബാബു പറഞ്ഞു.
വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് പരിഷത്ത് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുമെന്നും പുനഃപരിശോധന ആവശ്യമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നും മോഡറേറ്റര്‍ വി. വിജയം വ്യക്തമാക്കി.
പരിഷത്തിന്റെ ഈ നിലപാട് കമ്മിഷന്‍ റിപ്പോര്‍ട്ടിനെ ഭാഗികമായി നിരാകരിക്കുന്നു എന്ന വിലയിരുത്തലും ഉയരുന്നുണ്ട്. പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി. വിനോദ് വിഷയാവതരണം നടത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ദിനാഥ്, കെ.പി.എസ്.ടി.എ നേതാവ് പ്രമോദ്, എ.കെ.എസ്.ടി.യു കേന്ദ്രകമ്മിറ്റി അംഗം എം.എന്‍ വിനോദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അജ്മല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."