മൂര്‍ക്കനാട് കുടിവെള്ള പദ്ധതി: കാല്‍നൂറ്റാണ്ടിലധികം പഴക്കം, പ്രയോജനം കിട്ടാതെ മൂന്ന് പഞ്ചായത്തുകള്‍
മങ്കട: കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള മൂര്‍ക്കനാട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും മണ്ഡലത്തില്‍ പദ്ധതിയുടെ പ്രയോജനം കിട്ടാത്തതിനാല്‍ ഇപ്പോഴും ദാഹിച്ചു വലയുന്നത് ആയിരങ്ങള്‍. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിവെള്ള പദ്ധതിയായ മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയാത്തതാണ് മങ്കട മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങളെ അലട്ടുന്നത്. വന്‍പദ്ധതിയുടെ അന്തിമഘട്ടപ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണ് നാട്ടുകാരുടെ നിരാശയ്ക്കു കാരണം.
മങ്കടയ്ക്കു പുറമേ കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നീ പഞ്ചായത്തുകളിലെ നിവാസികളാണ് പദ്ധതിയുടെ ഗുണം ലഭിക്കാനായി കാത്തിരിക്കുന്നത്. കേന്ദ്രഫണ്ട് നിര്‍ത്തലാക്കിയതും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും കാരണം പദ്ധതിയുടെ അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി വലിയ പുരോഗതി ഉണ്ടായിട്ടില്ല. മൂര്‍ക്കനാട്ട് നിന്നുള്ള ശുദ്ധജലത്തില്‍ നിന്ന് ഒരുതുള്ളി പോലും കിട്ടുമെന്ന പ്രതീക്ഷയില്ലാതെയാണ് ഓരോ വര്‍ഷവും ഇവര്‍ തള്ളിനീക്കുന്നത്. മൂന്നു പഞ്ചായത്തുകളിലെയും പ്രദേശവാസികള്‍ കടുത്ത ശുദ്ധജലക്ഷാമം അനുഭവിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
പദ്ധതി ഒച്ചിഴയും വേഗത്തില്‍
മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒച്ചിഴയും വേഗത്തിലാണ് പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടത്. ഒടുവില്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് നടപടികള്‍ക്കും പ്രവൃത്തികള്‍ക്കും വേഗം കൈവന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് പദ്ധതി കമ്മിഷന്‍ ചെയ്യാനായത്. കമീഷന്‍ ചെയ്തിട്ടും പൈപ്പ് കണക്ഷനു വേണ്ടി അപേക്ഷ നല്‍കിയ നാട്ടുകാര്‍ ഒരു വര്‍ഷമായി വെള്ളപ്പാത്രവുമായി കാത്തിരിപ്പ് തുടരുകയാണ്. അന്തിമഘട്ടമായ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ കാലതാമസം നേരിടുന്നത്. ഈ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ സാധ്യമാകുമെന്ന് അധികൃതര്‍ക്കും ഒരു നിശ്ചയമില്ല. മങ്കട പഞ്ചായത്തിലെയും കൂട്ടിലങ്ങാടി മുതല്‍ വള്ളിക്കാപറ്റ വരെയും ഉള്‍പ്രദേശങ്ങളിലെ റോഡരികുകളിലും ഒരു വര്‍ഷമായി ഇറക്കിയിട്ട കൂറ്റന്‍ പൈപ്പുകള്‍ കുഴിച്ചിട്ടിട്ടില്ല.
പൈപ്പുകള്‍ വഴി മുടക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നതും നിത്യ കാഴ്ചയാവുന്നതും മറ്റൊരു ദുരിതം. ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രങ്ങളാകുന്ന വിധം കാടു മൂടിയ നിലയിലാണ് പലയിടത്തും റോഡരികില്‍ ഇറക്കിയ പൈപ്പുകള്‍.
വെള്ളം ലഭിച്ചുതുടങ്ങിയത് മൂന്ന് പഞ്ചായത്തുകളില്‍
ആറ് പഞ്ചായത്തുകളിലേക്കായി വന്ന പദ്ധതിയില്‍ നിലവില്‍ മൂര്‍ക്കനാടിനു പുറമേ കുറുവ, പുഴക്കാട്ടിരി എന്നി പഞ്ചായത്തുകളില്‍ മാത്രമാണ് പദ്ധതിപ്രകാരം കുടിവെള്ളം ലഭിച്ചു തുടങ്ങിയത്. കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ്, എന്നീ പഞ്ചായത്തുകളിലെ ജനം വെള്ളമില്ലാദുരിതം പേറിയിട്ട് പതിറ്റാണ്ടുകളായി. മക്കരപ്പറമ്പില്‍ പൈപ്പിടല്‍ പൂര്‍ത്തിയായിട്ടും ഒരു തുള്ളി വെള്ളത്തിനും അനുമതി ലഭിച്ചില്ല. കരാറുകാര്‍ക്കു പണം ലഭിക്കാതെ ലൈന്‍പൈപ്പുകള്‍ സ്ഥാപിക്കില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കൂട്ടിലങ്ങാടിയിലും മങ്കടയിലും ഭാഗികമായി പൈപ്പിട്ട് പണി നിര്‍ത്തി. പൊതു മരാമത്തിന്റെ അനുമതി ലഭിക്കാത്തതാണ് പൈപ്പ് സ്ഥാപിക്കുന്നതിനു തടസമെന്നു ജല അതോറിറ്റി അധികൃതര്‍ പറയുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു വില്ലനെന്നാണ് വ്യക്തമാകുന്നത്. നേരത്തേ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര ഫണ്ട് നിര്‍ത്തലാക്കിയതോടെ 'സ്വതവേ ദുര്‍ബ്ബല, പിന്നെ ഗര്‍ഭിണിയും' എന്ന പരുവത്തിലായി. ഫണ്ട് അനുവദിച്ചാലും ബന്ധപ്പെട്ടവര്‍ക്കു കിട്ടാന്‍ കാലങ്ങള്‍ പിന്നിടുന്നതും പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനു കാരണമായി പറയുന്നു. ഇതോടെ വര്‍ഷങ്ങളായി ഇനിയും ദാഹിച്ച് വലയാന്‍ തന്നെയാണ് നാട്ടുകാരുടെ വിധി. പൈപ്പുകള്‍ ഉടന്‍ സ്ഥാപിച്ച് വിതരണ ശൃംഖല വഴി ജനങ്ങളുടെ വീടുകളിലെത്തിയാല്‍ മാത്രമേ പദ്ധതിയുടെ പ്രയോജനം പൂര്‍ണാര്‍ഥത്തില്‍ പൂര്‍ത്തിയാകൂ.
തുടരും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."