വയനാടന്‍ അനുഭവങ്ങള്‍ അയവിറക്കാന്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ കുന്നിമണി കമ്മല്‍
കൊച്ചി: വയനാടിന്റെ യാത്രാനുഭവങ്ങള്‍ എക്കാലവും മനസില്‍ നിറഞ്ഞു നില്‍ക്കാന്‍ കുന്നിമണി കൊണ്ട് അലങ്കരിച്ച പാരമ്പര്യ ആഭരണമായ ചൂതുമണിക്കമ്മലുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍.
കുന്നിക്കുരു കൊണ്ട് നിര്‍മ്മിക്കുന്ന ഈ സ്മരണികയുടെ പ്രകാശനം സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് കേരള ട്രാവല്‍ മാര്‍ട്ടില്‍ നിര്‍വ്വഹിച്ചു. പക്കം(ഉചിതമായ സമയം) നോക്കി വെട്ടിയ കൈതോല മുള്ള് ചെത്തി ചീകുകയാണ് ചൂതുമണിക്കമ്മലിന്റെ നിര്‍മ്മാണത്തിലെ ആദ്യ പടി.
കരിമരുത് കത്തിച്ച് അതിന്റെ ചാരത്തിന്റെ ചൂടില്‍ ഇത് ചുട്ടെടുക്കുന്നു. ചെറുതേന്‍ മെഴുകും ചുട്ടെടുത്ത് അതില്‍ കൈതോല വട്ടത്തില്‍ ചുറ്റിയെടുക്കും. പിന്നീട് കൊങ്ങിണിയില കൂട്ടിത്തിരുമ്മി മിനുസപ്പെടുത്തിയ കുന്നിക്കുരു മണികള്‍ തേന്‍മെഴുകില്‍ ക്രമത്തില്‍ ഒട്ടിച്ചെടുക്കുന്നതോടെയാണ് ചൂതുമണിക്കമ്മലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.
വയനാട്ടിലെ അമ്പലവയലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിലാണ് ഇതിനുള്ള പരിശീലനം നല്‍കി വരുന്നത്. അമ്പലവയല്‍ പഞ്ചായത്തിലെ അമ്പലക്കുന്ന് ഗ്രാമത്തിലെ ഗോത്രസമുദായം തന്നെയാണ് ചൂതുമണിക്കമ്മലിന്റെ നിര്‍മ്മാണം നടത്തുന്നത്.
പ്രാദേശികമായി സംഭരിച്ച കുന്നിക്കുരു ഉപയോഗിച്ച് 43 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തോട നിര്‍മ്മാണത്തിന് പരിശീലനം നല്‍കിയത്. നാലു ദിവസമായിരുന്നു പരിശീലനം. കമ്മല്‍ നിര്‍മ്മാണ രീതി നേരില്‍ കാണാനും ചൂതുമണിക്കമ്മല്‍ സ്മരണിക വാങ്ങുന്നതിനും സഞ്ചാരികള്‍ക്ക് അവസരമുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."