HOME
DETAILS

ദാനത്തിന്റെ നാനാര്‍ഥങ്ങള്‍

  
backup
September 29 2018 | 14:09 PM

ulkazhcha-211

ആയിരം ദീനാറിന്റെ കിഴിയാണു മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതെങ്ങനെ സഹിക്കും.. മോഷ്ടാവിനെ പിടികൂടാതെ ഇനി വേറെ കച്ചവടമില്ല.

അയാള്‍ കച്ചകെട്ടിയിറങ്ങി. മോഷ്ടാവിനുവേണ്ടിയുള്ള തിരച്ചിലില്‍ സംശയത്തിന്റെ നിഴല്‍പോയത് പരിസരത്തുണ്ടായിരുന്ന ഒരു മനുഷ്യനിലേക്കാണ്. ആ മനുഷ്യന്‍ മറ്റാരുമല്ല. പ്രവാചകപൗത്രനായ ഇമാം ജഅ്ഫര്‍ സ്വാദിഖ് തന്നെ. പക്ഷേ, പുള്ളിക്ക് ആളെ തിരിയണ്ടേ.. അയാള്‍ ഇമാമിനെ കള്ളനാക്കിയിട്ടു പറഞ്ഞു:
''താങ്കള്‍ തന്നെയാണ് എന്റെ കിഴി മോഷ്ടിച്ചത്..''
ജീവിതത്തില്‍ ചിന്തിച്ചിട്ടുപോലുമില്ലാത്ത മഹാപാപം.. വിശ്വാസിയില്‍നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്ത തിന്മ. അതു തന്നില്‍ ആരോപിക്കപ്പെടുമ്പോള്‍ ആര്‍ക്കായാലും പ്രയാസമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അടിസ്ഥാനരഹിതമായ ആ ആരോപണത്തില്‍ അദ്ദേഹത്തിന് ഒട്ടും പരാതിയുണ്ടായില്ല. അദ്ദേഹം ശാന്തസ്വരത്തില്‍ ആരോപിച്ചയാളോട് ചോദിച്ചു:
''അതില്‍ എത്രയുണ്ടായിരുന്നു?''
''ആയിരം ദീനാര്‍..'' അയാള്‍ മറുപടി നല്‍കി.
പിന്നെ കൂടുതല്‍ വര്‍ത്തമാനങ്ങളൊന്നുമില്ല. അയാളെയും കൂട്ടി ഇമാം വീട്ടിലേക്കു നടന്നു. വീട്ടിലെത്തി ആയിരം ദീനാര്‍ അദ്ദേഹത്തിന്റെ കൈയിലേല്‍പിച്ചുകൊടുക്കുകയും ചെയ്തു. തല്‍ക്കാലം പ്രശ്‌നം അതോടെ കെട്ടടങ്ങി.
അതിനുശേഷം പുള്ളിക്കു തന്റെ യഥാര്‍ഥ പണക്കിഴി മറ്റൊരിടത്തുവച്ചു ലഭിക്കുന്നു. കുറ്റബോധമില്ലാതിരിക്കുമോ.. അനര്‍ഹമായി വാങ്ങിയ പണക്കിഴിയുമായി അയാള്‍ വേഗം ഇമാമിന്റെ അടുക്കല്‍ചെന്നു മാപ്പുചോദിച്ചു പറഞ്ഞു: ''തെറ്റുപറ്റിപ്പോയതാണ്..''
അപ്പോള്‍ ഇമാമിന്റെ മറുപടി: ''കൊടുത്ത സാധനം ഞങ്ങള്‍ തിരിച്ചുവാങ്ങാറില്ല..!''
വിറ്റസാധാനം തിരിച്ചെടുക്കില്ല എന്നു പറയുന്ന വിരുതന്മാരെ നാം എമ്പാടും കേട്ടിട്ടുണ്ട്. എന്നാല്‍ ദാനമായി നല്‍കിയ സാധനം തിരിച്ചെടുക്കില്ല എന്നു പറയുന്ന വിശുദ്ധന്മാരും ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. ലോകമിന്നനുഭവിക്കുന്ന ദുരന്തങ്ങളിലൊന്ന് അത്തരം വിശുദ്ധന്മാരുടെ ദാരിദ്ര്യമാണെന്നു പറയാതെ വയ്യ.
തിരിച്ചുകിട്ടാന്‍ വേണ്ടി കൊടുക്കുന്നവരുടെ കാലമാണല്ലോ ഇത്. കൊടുത്തത് കിട്ടിയില്ലെങ്കില്‍ കിട്ടുന്നതുവരെ അവര്‍ സൈ്വര്യം കെടുത്തും. എനിക്കു ദാനമായി തന്നതല്ലേ എന്നൊന്നും പറഞ്ഞിട്ടു കാര്യമുണ്ടാവില്ല. കവറിന്‍പുറത്ത് പേരെഴുതിയിട്ടുണ്ടെങ്കില്‍ അതില്‍നിന്നു പലതും മനസിലാക്കിക്കൊള്ളണമെന്നാണ്. അതു പഠിപ്പിച്ചുതരാന്‍ ആരും വരില്ല.. മാമൂലുകളുടെ കോഡ്ഭാഷകള്‍ അറിയാതെ പോയാല്‍ കുഴങ്ങിയതുതന്നെ. മാമൂല്‍ മതക്കാരുടെ 'ദാനധര്‍മം' സ്വീകരിച്ചു സമാധാനം നഷ്ടപ്പെട്ടുപോയ പലരുമുണ്ട് നമ്മുടെ നാടുകളില്‍.
വേറെ ചിലരുണ്ട്. വാങ്ങുകയില്ലെന്ന് ഉറപ്പുള്ള ആളുകള്‍ക്കു 'ദാനം' ചെയ്യാന്‍ അവര്‍ക്കു വല്ലാത്ത താല്‍പര്യമായിരിക്കും. കൈയില്‍ 'പിടിപ്പിക്കാന്‍' വരെ അവര്‍ ശ്രമിച്ചുനോക്കും. ശ്രമം പരാജയപ്പെട്ടാല്‍ അവര്‍ക്കുണ്ടാകുന്ന ഒരാനന്ദമുണ്ട്. അതു പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ല. പരാജയം മോഹിക്കുന്ന 'പരിശ്രമശാലികള്‍' ഒരുപക്ഷേ, ലോകത്ത് അവര്‍ മാത്രമായിരിക്കും.
കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാത്ത ഒരു ദാനധര്‍മത്തിന് ഞാനില്ലെന്നു പറയുന്ന അഭിനവധര്‍മിഷ്ഠരുടെ കാലംകൂടിയാണിത്. മാധ്യമങ്ങളില്‍ ഫോട്ടോ വന്നതുകൊണ്ടു മാത്രം അവര്‍ അടങ്ങില്ല; തങ്ങള്‍ സ്വപ്നം കണ്ട രൂപത്തില്‍തന്നെ അതു വരേണ്ടതുണ്ട്. ദാനം നല്‍കുമ്പോള്‍ സ്വീകര്‍ത്താവിനെ നോക്കുന്നതിനുപകരം കാമറക്കണ്ണിലേക്കു മാത്രം തുറിച്ചുനോക്കുന്നത് അതുകൊണ്ടാണല്ലോ. സ്വീകര്‍ത്താവിന്റെ ആവശ്യമല്ല, തങ്ങളുടെ ചില താല്‍പര്യങ്ങളാണ് അവര്‍ക്കു വലുത്. ആ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും താലോലിക്കാനും ദാനധര്‍മം അവര്‍ക്കൊരു കരു മാത്രം.
ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ ഓര്‍ത്തുപോവുകയാണ്. 'പ്രവാചകനി'ല്‍ അദ്ദേഹം പറഞ്ഞു: ''തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇത്തിരിമാത്രം നല്‍കുന്നവരുണ്ട്. അതാകട്ടെ അംഗീകാരത്തിനുവേണ്ടിയും. അവരുടെ ആ രഹസ്യാഭിലാഷം ആ ദാനങ്ങളെ അപൂര്‍ണമാക്കിക്കളയുന്നു. എന്നാല്‍ സ്വന്തമായി അല്‍പം മാത്രം ഉണ്ടായിരിക്കുകയും അതുമുഴുവന്‍ നല്‍കുകയും ചെയ്യുന്നവരുണ്ട്. അവരാകുന്നു ജീവിതത്തിലും ജീവിതസമൃദ്ധിയിലും വിശ്വാസമര്‍പ്പിക്കുന്നവര്‍, പണപ്പെട്ടി ഒരിക്കലും ശൂന്യമാകാത്തവര്‍.''
ജിബ്രാന്‍ തുടര്‍ന്നെഴുതി: ''സസന്തോഷം ദാനം ചെയ്യുന്നവരുണ്ട്. ആ സന്തോഷം തന്നെയാണ് അവരുടെ പ്രതിഫലം. വേദനയോടെ ദാനം ചെയ്യുന്നവരുമുണ്ട്. ആ വേദനയാകുന്നു അവരുടെ ജ്ഞാനസ്‌നാനം. ദാനം നല്‍കുമെങ്കിലും വേദന അനുഭവിക്കാത്തവരുണ്ട്. അവര്‍ ആഹ്ലാദം അന്വേഷിക്കുകയോ നന്മ ചെയ്യണമെന്നോര്‍ത്ത് ഒന്നും കൊടുക്കുകയോ ചെയ്യുന്നില്ല. വിദൂരത്തു വിരിയുന്ന താഴ്‌വരപ്പൂക്കള്‍ അന്തരീക്ഷത്തിലേക്കു പരിമളം പരത്തുംപോലെ അവര്‍ ദാനം ചെയ്യുന്നു. ഇത്തരക്കാരുടെ കരങ്ങളിലൂടെ ദൈവം സംസാരിക്കുന്നു.''
ഇമാം ജഅ്ഫര്‍ സ്വാദിഖ് ദാനം നല്‍കുന്നത് ഏതെങ്കിലും യാചകനല്ല. ജീവിക്കാന്‍ വകയില്ലാതെ കഷ്ടപ്പെടുന്ന ദരിദ്രനാരായണനുമല്ല. തനിക്കേറ്റം പ്രിയപ്പെട്ട സ്വന്തക്കാരനും ബന്ധക്കാരനുമല്ല. താന്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത ഒരു മഹാപാപം തന്നില്‍ ആരോപിച്ച ഒരു വ്യക്തിക്ക്. അതും ദിവസങ്ങള്‍ക്കുശേഷമല്ല, നിമിഷങ്ങളേറെ കടന്നുകഴിയുംമുന്‍പ്. അതും വേദനയുണ്ടാക്കുന്ന ഒരക്ഷരംപോലും അയാളോടുരിയാടാതെ..!
നമുക്കു തല്ലിയവനെ തല്ലാനെ അറിയൂ; തലോടാനറിയില്ല. ഉപകാരം ചെയ്തുതന്നവനും ചെയ്തുതരുമെന്നു പ്രതീക്ഷിക്കപ്പെടുന്നവനും പ്രത്യുപകാരം ചെയ്യാന്‍ ഏറെക്കുറെ നാം പഠിച്ചിട്ടുണ്ടെങ്കിലും ഉപദ്രവം ചെയ്തവന്ന് ഉപകാരം ചെയ്യുന്ന അത്യുദാത്തമായ സംസ്‌കാരത്തിലേക്ക് ഇനിയും വളരാന്‍ നമുക്കായിട്ടില്ല.
താല്‍പര്യങ്ങള്‍ ഭരിക്കാത്ത ധര്‍മിഷ്ഠരുണ്ടെങ്കില്‍, തുലയുമെന്ന ഭയമുണ്ടായിട്ടും ദാനം നിര്‍ത്താത്ത ദാതാക്കളുണ്ടെങ്കില്‍, ധര്‍മത്തിനു മറ്റാരും കാണാത്ത സമയം തിരഞ്ഞെടുക്കുന്ന സാത്വികരുണ്ടെങ്കില്‍, വെട്ടാന്‍ വരുന്നവനും തണലിട്ടുകൊടുക്കുന്ന വൃക്ഷത്തെപോലെ ഉപദ്രവിക്കാന്‍ വരുന്നവനും ഉപദ്രവമേല്‍പിച്ചവനും ഉപകാരംകൊണ്ട് പ്രതികാരം ചെയ്യുന്ന ധന്യാത്മാക്കളുണ്ടെങ്കില്‍ അവര്‍ മുന്നോട്ടുവരിക; കാലം അവരെ കാത്തിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago