ഊരാക്കുടുക്കായി റോഡുകള്‍
പലയിടങ്ങളിലും ട്രാഫിക് സിഗ്നല്‍ സംവിധാനമില്ലാത്തതും ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യത്തിനു പൊലിസുകാരെ നിയമിക്കാത്തതുമാണു പല റോഡുകളിലും ഗതാഗതക്കുരുക്ക് സങ്കീര്‍ണമാക്കുന്നത്
കാസര്‍കോട്: ജില്ലയിലെ തീരാശാപമാണ് ഗതാഗതക്കുരുക്കഴിയാത്ത റോഡുകള്‍. അഴിക്കുന്തോറും മുറുകിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നത്തിന് എന്നു പരിഹാരം കാണും എന്നതാണു ജില്ലയിലെ ജനത്തിന്റെ ആദ്യ ചോദ്യം. പലയിടങ്ങളിലും ട്രാഫിക് സിഗ്നല്‍ സംവിധാനമില്ലാത്തതും ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യത്തിനു പൊലിസുകാരെ നിയമിക്കാത്തതുമാണു പല റോഡുകളിലും ഗതാഗതക്കുരുക്ക് സങ്കീര്‍ണമാക്കുന്നത്. ഇത്തരം കുരുക്കുകളില്‍ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയില്‍ ആള്‍ക്കാര്‍ വാഹനം ഓടിക്കുന്നത് കുരുക്കു മുറുകാന്‍ കാരണമാവുന്നു.
തോന്നിയ രീതിയിലുള്ള പാര്‍ക്കിങും അശാസ്ത്രീയമായ രീതിയിലുള്ള പരിഷ്‌കാരങ്ങളും കുരുക്കിനു കാരണമാവുന്നുണ്ട്. ജില്ലാ ആസ്ഥാനത്തെ പ്രധാന റോഡുകളിലൊന്നായ മംഗളൂരു-കാസര്‍കോട് ദേശീയ പാതയില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസുകള്‍ പുറത്തു കടക്കുന്ന ജങ്ഷനില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ സിഗ്നല്‍ സംവിധാനമോ പൊലിസുകാരോ ഇല്ലാത്തതു മൂലം ഇവിടെയും കാര്യങ്ങള്‍ തോന്നും പോലെയാണ്. കാല്‍നടയാത്രക്കാരെ പരിഗണിക്കാതെ ചീറിപ്പായുന്ന വാഹനങ്ങളുടെ തിരക്കു നിയന്ത്രിക്കാന്‍ സ്ഥിരമായൊരു സംവിധാനമെന്നത് ജനങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമാണ്. ജില്ലയുടെ വിവധ പ്രദേശങ്ങളിലേക്ക് ബസുകള്‍ പോകുന്ന ഇവിടെ ട്രാഫിക് പൊലിസിന്റെ സേവനം പോലുമില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
ബസുകളെയും ദേശീയപാതയിലെ വാഹനങ്ങളെയും നിയന്ത്രിക്കാനുള്ള സ്ഥിരം സംവിധാനം ഇവിടെ ഒരുക്കുകയാണെങ്കില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഒരു പോലെ ഗുണകരമാവും. ജില്ലയുടെ വികസനത്തിനു എന്നും തലവേദനയായ നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാനുള്ള മാര്‍ഗം ജില്ലാ ഭരണകൂടം വൈകാതെ നടപ്പാക്കുമെന്നു തന്നെയാണ് ജനം പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."