രാജീവ് ഗാന്ധി സെന്റര് ഫോർ ബയോ ടെക്നോളജി രണ്ടാം കാമ്പസിന് ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കുക: നവയുഗം
ദമാം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര് ഫോർ ബയോ ടെക്നോളജിയുടെ രണ്ടാം കാമ്പസിന് ആർ എസ് എസ് സർസംഘ്ചാലക് ആയിരുന്ന എം എസ് ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും ഈ നീക്കം ഉടൻ തന്നെ ഉപേക്ഷിക്കണമെന്നും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യൻ സമൂഹത്തിൽ മതവിദ്വേഷത്തിന്റെയും, സംഘപരിവാർ വർഗീയതയുടെയും വിഷവിത്തുകൾ പാകി ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഗോൾവാർക്കർ. രാജ്യത്തെ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യുണിസ്റ്റുകാർക്കും ദളിതർക്കുമെതിരായി അദ്ദേഹം വിതച്ച വിദ്വേഷത്തിന്റെ വിത്തുകൾ വളർന്നു പന്തലിച്ച് ഇന്ന് രാജ്യത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായി മാറിയിരിക്കുന്നു.
ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തതിന്റെയും, യുവാക്കളോട് സ്വതന്ത്ര്യസമരത്തിൽ പങ്കെടുക്കരുത് എന്ന് ആഹ്വാനം ചെയ്ത നാണംകെട്ട ചരിത്രമാണ് അയാൾക്കുള്ളത്. അതിലുപരിയായി, ആര്യ വംശീയ മേധാവിത്വത്തിന്റെയും, മനുസ്‌മൃതിയുടെയും, നാസി തത്ത്വചിന്തയിൽ മുഴുകിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും ജൈവശാസ്ത്ര സിദ്ധാന്തങ്ങളെപ്പോലും വംശീയഭ്രാന്ത് മൂത്ത് വർഗീയമായി ഉപയോഗപ്പെടുത്താൻ മടിയില്ലാതിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും പ്രവർത്തനങ്ങളും തെളിയിക്കുന്നുണ്ടെന്നും നവയുഗം ഓർമ്മപ്പെടുത്തി. അത്തരമൊരു വ്യക്തിയുടെ പേര് കേരളത്തിൽ സ്ഥിതിചെയ്യുന്ന ഒരു ശാസ്ത്രസ്ഥാപനത്തിന് തന്നെ നൽകാനുള്ള ആലോചന പോലും ഞെട്ടലുളവാക്കുന്നതാണ്.
ശാസ്ത്രകാരൻമാരോടു മാത്രമല്ല, വ്യക്തികളുടെ അന്തസ്സിലും, വിശാല മാനവികതയിലും, മതേതരത്തിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരോടുമുള്ള വെല്ലുവിളിയാണിതെന്നും നവയുഗം കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ശാസ്ത്രബോധത്തിലും മതേതരമൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും മുന്നോട്ട് വരണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അഭ്യർത്ഥിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."