സ്വത്ത് തട്ടിയ ശേഷം മക്കളുടെ പീഡനം: ബധിരനും മൂകനുമായ വയോധികന് തെരുവില്‍
ആലക്കോട്: സ്വത്ത് തട്ടിയെടുത്തതിനു ശേഷം വീട്ടില്‍ നിന്നു ഇറക്കിവിട്ട വയോധികന് നാടിന്റെ നൊമ്പരമാകുന്നു. ചെറുപുഴ പഞ്ചായത്തിലെ എയ്യന്‍കല്ല് സ്വദേശി മേക്കലാത്ത് ദേവസ്യ(80)യാണ് ബന്ധുക്കളുടെ പീഡനത്തെ തുടര്‍ന്ന് തെരുവിലായത്. ജന്മനാ ബധിരനും മൂകനുമായ ഇയാള്‍ക്ക് പ്രായാധിക്യത്താല്‍ കാഴ്ചശക്തിയും നഷ്ടപ്പെട്ടു.
തിരുമേനി ഹൈസ്കൂളിനു സമീപം അഞ്ചര ഏക്കര്‍ സ്ഥലവും പെരുവട്ടം എയ്യന്‍കല്ലില്‍ നാലര ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ടെങ്കിലും സഹോദരങ്ങളും മക്കളും കൈവിട്ടതോടെയാണ് ദേവസ്യ തെരുവിലായത്. മുഷിഞ്ഞ ഷര്‍ട്ടിന്റെ കീശയില്‍ നിന്നു ലഭിച്ച തുണ്ടുകടലാസില്‍ നിന്നാണ് ഇയാളുടെ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിച്ചത്. സംസാരശേഷി ഇല്ലാത്തതിനാല്‍ കൈവെള്ളയില്‍ എഴുതിയാണ് ദേവസ്യ മനസ് തുറന്നത്. എയ്യന്കല്ലിലുള്ള വീട്ടിലെത്തി ഭാര്യയും മകനുമായി സംസാരിച്ചെങ്കിലും ദേവസ്യയെ സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. ഭാര്യ ത്രേസ്യാമ്മയും മകന് ജോയിയുമാണ് ഇപ്പോള്‍ വീട്ടില്‍ താമസം.
മൂന്നു പെണ്മക്കള് ഉണ്ടെങ്കിലും അവര്‍ ഭര്ത്താക്കന്മാരോടൊപ്പം മറ്റുസ്ഥലത്താണ്. മകന് ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ദേവസ്യക്ക് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ആലക്കോട് എസ്.ഐ കെ.ജെ വിനോയിയുടെയും നാട്ടുകാരുടെയും സഹായത്തോടെ താല്‍ക്കാലികമായി ഒരു ഇടത്താവളം ഒരുക്കാന്‍ കഴിഞ്ഞെങ്കിലും ഇയാളുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."