തലശ്ശേരിയില്‍ തീരദേശ പൊലിസ് സ്റ്റേഷന് ഒരുങ്ങി
തലശ്ശരി: സാങ്കേതിക തടസം ഒഴിവായതോടെ തലശ്ശേരി തലായ് മാക്കൂട്ടത്ത് തീരദേശ പൊലിസ് സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു. ഉദ്ഘാടനം ജൂണ്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പൊലിസ് ഉദ്യോഗസ്ഥരുടെ ക്രമീകരണത്തിലെ സാങ്കേതികത്വം മൂലം രണ്ടര വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന് ഇതോടെ ശാപമോഷമാവും.
തുറമുഖ വകുപ്പിന്റെ 24 സെന്റ് സ്ഥലത്ത് 38 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിതത്. സ്റ്റേഷന് എസ്.ഐക്കുള്ള മുറി, റെക്കോര്‍ഡ് റൂം. ലോക്കപ്പ് മുറി, രണ്ട് ബാത്ത്റൂം എന്നിവയാണ് സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഒന്നാം നിലയില്‍ വിശ്രമത്തിനായി ഒരു മുറിയും ഒരുക്കിയിട്ടുണ്ട്. കടല്‍ നിരീക്ഷണത്തിനായി വാച്ച് ടവറും ഒരുങ്ങിക്കഴിഞ്ഞു.
തീരദേശ സുരക്ഷയുടെ ഭാഗമായി യു.പി.എ സര്‍ക്കാരാണ് സ്റ്റേഷന് അനുമതി നല്‍കിയിരുന്നത്. തലശ്ശേരിക്ക് പുറമെ വടകരയിലാണ് മറ്റൊരു തീരദേശ പൊലിസ് സ്റ്റേഷന് അനുവദിച്ചിരുന്നത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഈ രണ്ട് സ്റ്റേഷനും നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. സ്റ്റേഷന്റെ ആദ്യ അഞ്ച് വര്‍ഷത്തെ നടത്തിപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തീരദേശ സുരക്ഷക്കായി ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും മോട്ടോര്‍ ബൈക്കുകളും അനുവദിക്കാനും തീരുമാനമെടുത്തിരുന്നു. ഒരു സി.ഐ, രണ്ട് എസ്.ഐ, എ.എസ്.ഐ ഉള്‍പ്പെടെ 25 പേരെയാണ് ഓരോ സ്റ്റേഷനുകളിലും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പുതുതായി നിയമിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ക്രമീകരണത്തിലെ നടപടിക്രമങ്ങള്‍ നീണ്ടുപോയതാണ് ഉദ്ഘാടനം വൈകാന്‍ കാരണമായത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതോടെയാണ് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന പ്രശ്നത്തിന് പരിഹാരമായത്. ജില്ലയില്‍ അഴീക്കലില്‍ മാത്രമാണ് ഇപ്പോള്‍ തീരദേശ പൊലിസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. കോടിയേരി മുതല്‍ ഏഴിമല വരെയുള്ള വലിയ പ്രദേശത്തെ സുരക്ഷാ ചുമതലയാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."