കേന്ദ്രവുമായി പാലം പണിയുന്നു; ഇടനിലക്കാരനെ നിയമിക്കാന്‍ കേരള സര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്ര പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ ഇടനിലക്കാരനെ നിയമിക്കുന്നു. പൂര്‍ണമായും രാഷ്ട്രീയ നിയമനം നടത്താനാണ് തീരുമാനം.
നിലവില്‍ ദേശീയപാത വികസനം ഉള്‍പ്പെടെ പല കേന്ദ്ര പദ്ധതികളും വൈകുന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇടനിലക്കാരനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുന്‍ എം.പി എ.സമ്പത്തിനെയാണ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളയാളെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുന്നതു ഗുണം ചെയ്യുമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിയമനം നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്നാണ് വിവരം.
ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാനും തീരുമാനമുള്ളതായി അറിയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനും വീഴ്ചകള്‍ പരിഹരിക്കാനും രാഷ്ട്രീയമായ ഇടപെടല്‍ നടത്താനും പുതിയ നിയമനം ഉപകരിക്കുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. നവ കേരള നിര്‍മാണവുമായി ബന്ധപ്പെട്ട് ലോകബാങ്ക് വായ്പകള്‍ എടുക്കുന്നത് ഉള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നും സര്‍ക്കാരിന് നിരവധി അനുമതികള്‍ ആവശ്യമാണ്. മാത്രമല്ല പല പദ്ധതികള്‍ക്കും കേന്ദ്ര സഹായം ചോദിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കേണ്ടതുണ്ട്.
കേന്ദ്രം നിലവിലെ വിവിധ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നുണ്ടെങ്കിലും
ഉദ്യോഗസ്ഥവീഴ്ചയെ തുടര്‍ന്ന് പലതും നേടിയെടുക്കാന്‍ കഴിയുന്നില്ല. മറ്റു ചില പദ്ധതികള്‍ക്കാകട്ടെ ഫണ്ട് കൃത്യമായി വിനിയോഗിക്കാനാവാതെ ലാപ്‌സാകുകയുമാണ്.
കൃത്യമായ ഫോളോ അപ്പ് ഇല്ലാത്തതാണ് ഫണ്ട് ലാപ്‌സാകാന്‍ പ്രധാന കാരണം. ഒരു പ്രത്യേക പ്രതിനിധിയെ നിയമിച്ചാല്‍ ഫണ്ടുകള്‍ വാങ്ങിയെടുക്കാനും മറ്റും ഉപകാരപ്രദമാകുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. പ്രത്യേക പ്രതിനിധിയെ നിയമിച്ചാല്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുന്നത് ഒഴിവാക്കാമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തിയത് പ്രതിപക്ഷത്തു നിന്നുള്ള എം.പിമാരായതിനാല്‍ പദ്ധതികള്‍ക്ക് വേണ്ടി വേണ്ടത്ര ഇടപെടല്‍ നടത്തില്ല എന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്. ഇതു കൊണ്ടാണ് രാഷ്ട്രീയ നിയമനം നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് വിവരം.
പുതിയ പ്രതിനിധിയെ രാഷ്ട്രീയമായി നിയമിക്കുമ്പോള്‍ കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും മറ്റു രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാനും കഴിയും. മുന്‍ രാജ്യസഭാ അംഗവും കൊല്ലത്ത് നിന്ന് മത്സരിച്ച ബാലഗോപാലിനെയും സമ്പത്തിനെയുമാണ് ഈ പദവിയിലേക്ക് പരിഗണിച്ചത്. എന്നാല്‍ ബാലഗോപാല്‍ സെക്രട്ടേറിയറ്റ് അംഗം ആയതിനാലും കൊല്ലം ജില്ലാ സെക്രട്ടറിയായി പരിഗണിക്കുന്നതിനാലും അധികനാള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തന പരിചയം ഇല്ലാത്തതിനാലുമാണ് നറുക്ക് സമ്പത്തിന് വീണത്.
കേന്ദ്ര സര്‍ക്കാരുമായുള്ള ലെയ്‌സണ്‍ വര്‍ക്ക് മാത്രമല്ല ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാനും അനുമതി ഉണ്ടായിരിക്കും. കൂടാതെ സുപ്രിം കോടതി സ്റ്റാന്റിങ് കോണ്‍സലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും വേണം. സര്‍ക്കാരുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുകയും ചെയ്യണം. നിലവില്‍ കേരള ഹൗസില്‍ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് ലെയ്‌സണ്‍ ജോലികള്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."