ജനം തെരുവിലിറങ്ങാതെ ഇന്ധനക്കൊള്ള അവസാനിക്കില്ല
ഇന്ധനവില കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ക്ഷമ പരിശോധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യം മുഴുവന്‍ കര്‍ഷകസമരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍, സന്ദര്‍ഭം മുതലെടുത്ത് എണ്ണവില വര്‍ധിപ്പിക്കുകയാണ് എണ്ണക്കമ്പനികളും സര്‍ക്കാരും. പിന്നില്‍ കോര്‍പറേറ്റ് താല്‍പര്യ സംരക്ഷണം തന്നെയാണ്. രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേ ന്യൂജെന്‍ പ്രതിഷേധമുറകളുമായി തകര്‍ത്താടിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യം മറന്നുപോയ സമാധാനപരമായ സമരപാരമ്പര്യത്തിന്റെ അഗ്‌നിസ്ഫുലിംഗങ്ങള്‍ പ്രസരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ കര്‍ഷകര്‍. കര്‍ഷക സമരത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പഠിക്കാനേറെയുണ്ട്. അലക്കിത്തേച്ച കോട്ടും സ്യൂട്ടുമിട്ട് തണുപ്പിച്ച മുറിയിലിരുന്ന് പത്രസമ്മേളനങ്ങളിലൂടെ ഘോരഘോരം ഗര്‍ജിക്കുന്നതല്ല സമരവും പ്രതിഷേധവുമെന്ന്, കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയുടെ തെരുവീഥികളില്‍ തീനാളമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകസമരം ഇന്ത്യന്‍ ജനതയോട് വിളിച്ചുപറഞ്ഞ് കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ പതിനേഴ് ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 2.12 രൂപയും ഡീസലിന് 3.05 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 83.38 രൂപയും ഡീസലിന് 77.43 രൂപയുമായിരുന്നു വില. കോഴിക്കോട്ടും തിരുവനന്തപുരത്തും ഇതിലും അധികമാണ്. ഇന്നേക്ക് ഈ വിലയും കടന്നിരിക്കാം.
ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെയാണ് എണ്ണവില വര്‍ധിക്കാന്‍ തുടങ്ങിയത്. യു.പി.എ ഭരണകാലത്ത് എണ്ണവില വര്‍ധനവിനെതിരേ കാളവണ്ടി സമരം നടത്തിയ ബി.ജെ.പി തങ്ങള്‍ അധികാരത്തില്‍വന്നാല്‍ പെട്രോള്‍ ലിറ്റര്‍ 50 രൂപയ്ക്ക് ലഭ്യമാക്കുമെന്ന വാഗ്ദാനം ഓര്‍ത്തെടുക്കാന്‍ ട്വിറ്റര്‍ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാവുന്നില്ല. തെരുവിലിറങ്ങാനും തണുപ്പേല്‍ക്കാനും ചൂടുകൊള്ളാനും തയാറല്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്ന് അശരണരായി തീര്‍ന്നുകൊണ്ടിരിക്കുന്ന ജനത എന്ത് പ്രതീക്ഷിക്കാനാണ്? ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് കര്‍ഷകര്‍ രാഷ്ട്രീയ നേതൃത്വത്തെ അവരുടെ സമരമുഖങ്ങളിലേക്കടുപ്പിക്കാത്തത്. സമരം ചെയ്യുന്ന കര്‍ഷകന്റെ ട്രാക്ടറില്‍ ചാടിക്കയറി ഇരുന്നാല്‍ വിരണ്ടുപോകുന്നതല്ല കോര്‍പറേറ്റുകള്‍ക്ക് മാത്രം തുണയായി നില്‍ക്കുന്ന ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍. നീതിക്കുവേണ്ടി തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് മാത്രമേ ജനവിരുദ്ധ സര്‍ക്കാരുകളെ തൂത്തെറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. അത്തരത്തിലുള്ള ചരിത്രത്തിലൂടെയാണ് ലോകം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്.
ലോകം കണ്ട ക്രൂരന്മാരായ സ്വേച്ഛാധിപതികളില്‍ ഒരാളായിരുന്നു ഫ്രാന്‍സ് ഭരിച്ചിരുന്ന ലൂയി പതിനാറാമന്‍. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ലൂയി പതിനാറാമനെയും ഭാര്യ മേരിയെയും കൊട്ടാരത്തില്‍ കയറി പിച്ചിച്ചീന്തിയത് വിശപ്പ് സഹിക്കാനാവാതെവന്ന ജനക്കൂട്ടമായിരുന്നു. റൊട്ടി ചോദിച്ച ജനതയോട് റൊട്ടിയില്ലെങ്കില്‍ കേക്ക് തിന്നുകൂടെ എന്ന് പരിഹസിച്ച ലൂയി പതിനാറാമന്റെ പത്‌നി മേരിയെ കൊട്ടാരത്തിന് വെളിയിലേക്ക് വലിച്ചെറിഞ്ഞത് ജനങ്ങളായിരുന്നു.
ധിക്കാരികളായ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുപ്പുകളിലൂടെ പുറത്താക്കാമെന്ന ശുഭപ്രതീക്ഷയും അസ്തമിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് ഇന്ത്യ പൊയ്‌ക്കൊണ്ടിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ വരുതിയിലാക്കി, ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പ് പരാജയം സര്‍വേകളെല്ലാം ഒറ്റക്കെട്ടായി പ്രവചിച്ചാലും യാഥാര്‍ഥ്യമാകാത്ത ഒരഭിശപ്ത കാലത്തെയും കൂടിയാണ് ഇന്ത്യ ഇന്ന് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. കൊവിഡ് വാക്‌സിന്‍ പുറത്തിറങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് പെട്രോളിനും ഡീസലിനും വില വര്‍ധിക്കാന്‍ കാരണമായതെന്ന പൊള്ള ന്യായീകരണമാണ് എണ്ണക്കമ്പനികള്‍ നിരത്തുന്നത്. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 49.25 ഡോളറില്‍ താഴെ നില്‍ക്കുമ്പോഴാണ് ഈ കൊള്ള.
എണ്ണക്കമ്പനികള്‍ ദിനംതോറും എണ്ണവില വര്‍ധിപ്പിക്കുന്നതിനനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എണ്ണവില വര്‍ധനവിനെതിരേ പ്രതിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരും വെറുതേയിരിക്കുന്നില്ല. മൂല്യവര്‍ധിത നികുതി കൂട്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികള്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോള്‍ ഇന്ധനവില കുറയ്ക്കാന്‍ തയാറാവുന്നില്ല. ഇതുകാരണം വര്‍ധിച്ച നിത്യോപയോഗ സാധനങ്ങളുടെ വില താഴാതെ നിലനില്‍ക്കുകയും ചെയ്യുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് എണ്ണവിലയില്‍ ഉണ്ടാകുന്ന ഒരു പൈസയുടെ വര്‍ധനപോലും കനത്ത ജീവിതഭാരമാണ് നല്‍കുന്നത്. എണ്ണവിലയില്‍ ഉണ്ടാകുന്ന വര്‍ധന ചരക്കുകൂലിയുടെ വര്‍ധനവില്‍ എത്തുമ്പോള്‍ അതിന്റെ ഭാരം വഹിക്കേണ്ടിവരുന്നത് സാധാരണക്കാരാണ്.
എണ്ണക്കമ്പനികളുടെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും കൂട്ടായ്മയാണ് ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നത്. ജനജീവിതം ദുരിതപൂര്‍ണമാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ എണ്ണവില നയത്തിനെതിരേ സംസ്ഥാന സര്‍ക്കാരിന് പ്രതിഷേധമുണ്ടെങ്കില്‍ മൂല്യവര്‍ധിത നികുതി ഒഴിവാക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതൊഴിവാക്കാതിരിക്കാന്‍ ധനമന്ത്രി ടി.എം തോമസ് ഐസക്ക് എന്ത് ന്യായം നിരത്തിയാലും കേന്ദ്ര സര്‍ക്കാരിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം വെറും അധരവ്യായാമമായി മാത്രമേ കാണാന്‍ പറ്റൂ.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇങ്ങനെയുള്ള നികുതി വേണ്ടെന്നുവച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ രക്ഷയ്‌ക്കെത്തുമെന്ന മൗഢ്യവിചാരത്താല്‍ എല്ലാം സഹിച്ചുകൊണ്ടിരിക്കുന്ന ജനം സമാധാനപരമായ സമരത്തിനിറങ്ങാതെയിരിക്കുമ്പോള്‍ ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുമെന്ന ആപ്തവാക്യത്തെയാണ് അന്വര്‍ഥമാക്കിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."