കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിനും എ.എഫ്.ഡി സഹായം നല്‍കും
കൊച്ചി: മെട്രോയുടെ ഒന്നംഘട്ടത്തിന് വായ്പ നല്‍കിയ ഫ്രഞ്ച് വികസന ഏജന്‍സി(എ.എഫ്.ഡി.)തന്നെ രണ്ടാംഘട്ടത്തിനും സാമ്പത്തിക സഹായം നല്‍കും. വായ്പ നല്‍കാനുള്ള സന്നദ്ധത ഫ്രഞ്ച് സംഘം കൊച്ചിയില്‍ അറിയിച്ചു.
മെട്രോയുടെ നിര്‍മ്മാണപുരോഗതി വിലയിരുത്തിയശേഷം നടത്തിയ അവലോകനയോഗത്തിലാണ് ഫ്രഞ്ച് സംഘം രണ്ടാംഘട്ടത്തിനും വായ്പ നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. ആലുവ മുതല്‍പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിനും ഈ ഏജന്‍സിയാണ് വായ്പ നല്‍കിയത്.
ഇതു കൂടാതെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) നേതൃത്വത്തില്‍ നടപ്പാക്കുന്ന നഗര വികസന പദ്ധതിയ്ക്കായി 100 കോടി രൂപയും എ.എഫ്.ഡി നല്‍കും. നഗരവികസന പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തവര്‍ഷം പകുതിയോടെ കരാറൊപ്പിടുമെന്ന് എ.എഫ്.ഡി ഡയറക്ടര് നിക്കോളാസ് ഫൊര്‍ണാഷ് പറഞ്ഞു.
നഗരവികസന പദ്ധതിയുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളും നടപ്പാതകളുമെല്ലാം നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, വൈറ്റില, പാലാരിവട്ടം ഉള്‌പ്പെടെയുള്ള പ്രധാന ജംഗ്ഷനുകള് കേന്ദ്രീകരിച്ചാണ് 100 കോടി രൂപയുടെ വികസനപദ്ധതി ഫ്രഞ്ച് സഹായത്തോടെ ആസൂത്രണം ചെയ്യുന്നത്. ഇതിന് കെ.എം.ആര്‍.എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.
കൊച്ചി മെട്രോയുടെ ഒന്നും രണ്ടും ഘട്ടം, ജല മെട്രോ, സ്മാര്‍ട്ട്‌സിറ്റി എന്നീ പദ്ധതികള് വഴി 11000 കോടിയുടെ നിക്ഷേപം കൊച്ചിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടലെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഇതില് 9000 കോടി രൂപ ഗതാഗതമേഖലയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സംഘം കൊച്ചിയിലെത്തിയത്. മെട്രോയുടെ നിര്‍മാണപുരോഗതിയില്‍ സംഘം തൃപ്തി അറിയിച്ചു. മെട്രോയുടെ ആലുവ പേട്ട റൂട്ടും രണ്ടാംഘട്ടം വിഭാവനം ചെയ്യുന്ന കാക്കനാട് റൂട്ടും സംഘം സന്ദര്‍ശിച്ചിരുന്നു.
നിക്കോളാസിന് പുറമേ എ.എഫ്.ഡി നഗരഗതാഗത വിദഗ്ധന്‍ പ്രിസില് ഡി കോണിക്, ജിയോഗ്രഫിക്കല് കോ ഓര്‍ഡിനേറ്റര്‍ മറീന്‍ കാര്‍ച്ചര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ജൂലിയറ്റ് ലേ പാനര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നഗരഗതാഗതവികസനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന ശില്‍പ്പശാലയിലും ഫ്രഞ്ച് സംഘം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."