കരിമ്പം ഫാമില്‍ നടീല്‍ വസ്തുക്കളുടെ ഉല്പാദനം ഊര്‍ജിതം
ഏഴ് ടണ്‍ മാങ്ങയണ്ടികള്‍ തമിഴ്നാട്ടില്‍ നിന്നു ഇറക്കുമതി ചെയ്തു
തളിപ്പറമ്പ്: ജില്ലയിലെ മുഴുവന്‍ കൃഷിഭവനിലേക്കും വിതരണം ചെയ്യുന്നതിനായി ഒട്ടുമാവ് തൈകള്‍ എത്തിക്കുന്നതിനായി കരിമ്പം ജില്ലാ കൃഷിഫാമില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ആവശ്യക്കാരേറിയതോടെയാണ് ഫാമിലെ ഒട്ടുമാവ് ഉല്പാദനം ഊര്‍ജിതമാക്കിയത്. ഒട്ടുമാവ് തയാറാക്കുന്നതിനായി റൂട്ട്സ്റ്റോക്കായി ഉപയോഗിക്കുന്ന നാട്ടുമാവിന് തൈകള്‍ക്ക് ക്ഷാമം നേരിട്ടതോടെ ഏഴ് ടണ്‍ മാങ്ങയണ്ടികളാണ് ഇത്തവണ തമിഴ്നാട്ടില്‍ നിന്നു ഇറക്കുമതി ചെയ്തത്.
മുന്‍കാലങ്ങളില്‍ കരിമ്പം ഫാമിലെ നാട്ടുമാവുകളില്‍ നിന്നുള്ള അണ്ടികളാണ് ഒട്ടുതൈകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്നതെങ്കിലും നാട്ടുമാവുകള്‍ മിക്കതും നശിച്ചതോടെ മാങ്ങയണ്ടികള്‍ ആവശ്യത്തിന് ലഭിക്കാത്തത് തൈകളുടെ ഉല്പാദനത്തെ ബാധിച്ചിരുന്നു. ഫാമിന്റെ വിവിധ ഭാഗങ്ങളിലായി ബ്രിട്ടീഷുകാര്‍ നട്ടുപിടിപ്പിച്ച പപ്പക്കായി, കുറുക്കന് ഇനങ്ങളില്‍ പെട്ട പടുകൂറ്റന്‍ മാവുകള്‍ കാറ്റിലും കാലപ്പഴക്കം മൂലവുമാണ് നശിച്ചത്. നാട്ടിന്‍പുറങ്ങളില്‍ നിന്നു മാവിന്‍തൈകളുടെ വരവും നിലച്ചു. ഇതോടെയാണ് കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍ തമിഴ്നാട് കൃഷ്ണഗിരിയിലെ കര്‍ഷകരില്‍ നിന്നു മാങ്ങയണ്ടികള്‍ വാങ്ങിയത്.
ഈ വര്‍ഷം രണ്ട് ലക്ഷം ഒട്ടുമാവ് തൈകള്‍ ഉണ്ടാക്കാനാണ് ഫാം അധികൃതര്‍ ലക്ഷ്യമിടുന്നത്. അല്‍ഫോന്‍സ, ചിറ്റൂര്‍, ഹിമയുദ്ദീന്‍, നാസി പസംദ, നീലം, കുറ്റിയാട്ടൂര്‍, ലോര്‍ഡ്, ഒളോര്‍ തുടങ്ങി പതിനഞ്ചോളം ഇനം മാവിനങ്ങള്‍ ഇപ്പോള്‍ വില്‍പ്പനക്ക് തയാറായിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ കൃഷിഭവന് വഴിയും സൗജന്യമായി വിതരണം ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം വേരുപിടിപ്പിച്ച കുരുമുളക് തൈകളും അമ്പതിനായിരം കശുമാവ് ഗ്രാഫ്റ്റ് തൈകളും ഒരുലക്ഷം സാധാരണ തൈകളും ഫാം നഴ്സറിയില്‍ തയാറായി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."