ഇത് അന്തിമസമരം; രണ്ടിലൊന്നറിയാന്‍
അത്രകണ്ട് രാഷ്ട്രീയ ബോധമൊന്നുമില്ലാത്തവരാണ് അവര്‍. വേണ്ടത്ര വിദ്യാഭ്യാസവും ഇല്ല. ചെയ്യുന്ന ജോലിക്ക് തുല്യമോ അതിനടുത്തെങ്കിലുമോ വരുമാനം കിട്ടുന്നവരുമല്ല. പക്ഷെ, അവരൊക്കെയും സമരത്തിന്റെ തീച്ചൂളയിലേയ്ക്കിറങ്ങിയിരിക്കുന്നു. വിജയം മാത്രമാണവരുടെ ലക്ഷ്യം. ഒരു ഒത്തുതീര്‍പ്പുമില്ലാതെ വിജയം മാത്രം മുന്നില്‍ക്കണ്ട് സര്‍ക്കാരിന്റെ എല്ലാ ശക്തിയെയും ഉറച്ച മനസോടെ നേരിട്ട് സായുധ പൊലിസിനോട് മുഖത്തോടു മുഖംനോക്കി നില്‍ക്കുകയാണവര്‍, രാജ്യത്തെ കര്‍ഷകര്‍. പകലന്തിയോളം വെയിലും മഞ്ഞും മഴയും കൂസാതെ പാടത്തു പണിയെടുത്ത് ഇന്ത്യന്‍ ജനതയെ തീറ്റിപ്പോറ്റുന്നവര്‍. അവര്‍ക്ക് ഈ യുദ്ധത്തില്‍ തോല്‍ക്കാനാവില്ല. ജയിക്കാനാണ് അവരുടെ സമരം. ജയിക്കാന്‍ മാത്രം.
കാര്‍ഷിക മേഖലയില്‍ പുതിയ വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നത്. മിനിമം സപ്പോര്‍ട്ട് പ്രൈസ് (എം.എസ്.പി) മുതല്‍ കര്‍ഷകരുടെ വരുമാനത്തെ നേരിട്ടു ബാധിക്കുന്ന നിയമങ്ങള്‍ അടക്കമുള്ളവയാണവ. പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കുക, അതിലേക്ക് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുക, എം.എസ്.പിയും ധാന്യങ്ങളുടെ സംഭരണവും നിയമപരമായി ഉറപ്പുവരുത്തുക, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഡീസല്‍ വില അന്‍പതു ശതമാനം കുറയ്ക്കുക, വൈക്കോല്‍ കത്തിക്കുന്നതിനുള്ള ശിക്ഷ പിന്‍വലിക്കുക, അത്തരം കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത കര്‍ഷകരെ മോചിപ്പിക്കുക എന്നിങ്ങനെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടാണ് സമരം. മൂന്ന് ലക്ഷത്തോളം കര്‍ഷകരാണ് 'ഡല്‍ഹി ചലോ'എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നത്.
2011 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് മുഴുവന്‍ സമയ കര്‍ഷകര്‍ ഏകദേശം 9.6 കോടി വരും. 2001 സെന്‍സസ് അനുസരിച്ച് ഇത് 10.3 കോടിയായിരുന്നു. 1991 സെന്‍സസില്‍ 11 കോടിയും. കൃഷിയെ ആശ്രയിച്ചുള്ള അനുബന്ധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാകട്ടെ പിന്നെയും വരും കോടികള്‍. ഓരോ വര്‍ഷവും കര്‍ഷകരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ പറയുന്നു. നല്ല തോതില്‍ ലാഭമുണ്ടാക്കുന്ന ഒരു മേഖലയല്ല കാര്‍ഷിക രംഗമെന്നുള്ളതുതന്നെ കാരണം. കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ കടുത്ത പ്രതിസന്ധികളും കഷ്ടതകളും നേരിടുകയും വേണം. രൂക്ഷമായ വരള്‍ച്ചയും പ്രളയക്കെടുതിയും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഒരുവശത്ത്, ഒരിക്കലും നിയന്ത്രണത്തിലൊതുക്കാതെ വഴുതി മാറിക്കൊണ്ടിരിക്കുന്ന വില മറ്റൊരു വശത്ത്. എപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുതി നിരക്കും ഡീസല്‍ വിലയും കൂലിച്ചെലവും മറ്റും വേറെ. ഇത്തരം പ്രതികൂല ഘടകങ്ങളെയെല്ലാം തരണം ചെയ്തുവേണം ഓരോ കര്‍ഷകനും സ്വന്തം നിലയ്ക്കു ലാഭമുണ്ടാക്കാന്‍. ഒരു വര്‍ഷം 10,000-ലേറെ കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. കടക്കെണിയില്‍പ്പെട്ട് നട്ടംതിരിഞ്ഞ് എല്ലുമുറിയെ പണിയെടുത്തും പെരുകുന്ന കടക്കെണിയില്‍നിന്നും രക്ഷപ്പെടാന്‍ പെടാപ്പാടുപെട്ടും വലയുന്ന കര്‍ഷകന്റെ നിലവിളിയാണ് ഡല്‍ഹിക്കുചുറ്റും ഉയരുന്നത്.
കര്‍ഷക സമരത്തിന്റെ ചിത്രങ്ങളും വിഡിയോകളും കണ്ടാല്‍ മനസിലാവും സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ഇല്ലായ്മകളും ബുദ്ധിമുട്ടുകളും ദൈന്യതയും. രാജ്യത്തെ കര്‍ഷകരില്‍ 85 ശതമാനം പേര്‍ക്കും വെറും രണ്ടേക്കറില്‍ താഴെ മാത്രമേ കൃഷി ഭൂമിയുള്ളൂ. അഞ്ചും ആറും തലമുറകളായി കാര്‍ഷിക രംഗത്തു നില്‍ക്കുന്നവരാണിവര്‍. വേറെ ജോലി അറിയാത്തതുകൊണ്ടു മാത്രം കാര്‍ഷികവൃത്തിയില്‍ പിടിച്ചുനില്‍ക്കുന്നവര്‍. ഓരോ തലമുറ കഴിയുംതോറും കൃഷിഭൂമി മക്കള്‍ക്കുവേണ്ടി വീതംവയ്ക്കുമ്പോള്‍ വിസ്തൃതി കുറഞ്ഞുവരികയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കാര്‍ഷികവൃത്തിയിലേയ്ക്ക് തിരിയാന്‍ ചെറുപ്പക്കാര്‍ക്ക് തെല്ലും ഉത്സാഹമില്ല. നല്ല വിദ്യാഭ്യാസം തേടി മറ്റു മാര്‍ഗങ്ങളിലേയ്ക്കു തിരിയുവാന്‍ വെമ്പുകയാണ് അവര്‍. ബാങ്ക് ജോലി, അധ്യാപകവൃത്തി, സൈന്യം എന്നിങ്ങനെ മെച്ചപ്പെട്ട ശമ്പളം കിട്ടുന്ന ഇടങ്ങള്‍ ഏറെ. ഇതിനും പുറമെയാണ് ബിസിനസ്. ഇതൊന്നും തരുന്ന വരുമാനവും മികവുള്ള ജീവിതവും കൃഷിയില്‍നിന്ന് കിട്ടില്ലെന്നായിരിക്കുന്നു. അതിനും പുറമെയാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ ഉയര്‍ത്തുന്ന ആശങ്ക.
കൃഷിയെ സ്വകാര്യ വിപണന മേഖലയുമായി ബന്ധപ്പെടുത്തി നവീകരിക്കുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചുപറയുന്നു. ഇത് കര്‍ഷകരുടെ വരുമാനം ഇരട്ടിയെങ്കിലുമാക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നിശ്ചിതതുക താങ്ങുവില നല്‍കി കാര്‍ഷികോല്‍പന്നങ്ങള്‍ സര്‍ക്കാര്‍ സംവിധാനം വഴി ഏറ്റെടുത്ത് നേരിട്ട് വിതരണം ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. കര്‍ഷകന് സര്‍ക്കാര്‍ നേരിട്ട് വില നല്‍കുകയും ചെയ്യും. കൃത്യമായി നിശ്ചിത തുക കൈയില്‍ കിട്ടുമെന്നതാണ് കര്‍ഷകന്റെ ആശ്വാസം. പാവപ്പെട്ട കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇതൊരു ആശ്വാസ മേഖലയാണ്. അമിതമായ ആഗ്രഹങ്ങളോ അമിതമോഹങ്ങളോ സൂക്ഷിക്കാതെ കിട്ടുന്നത് കൊണ്ട് ജീവിക്കാന്‍ കര്‍ഷകന്‍ പഠിച്ചിരിക്കുന്നു. അതില്‍ കൂടുതല്‍ കര്‍ഷകന്‍ ആവശ്യപ്പെടുന്നില്ല. ആഗ്രഹിക്കുന്നുമില്ല. പക്ഷേ അതുകൂടി ഇല്ലാതായാലോ? കര്‍ഷകരൊക്കെയും ഇളകിമറിഞ്ഞിരിക്കുന്നത് അതുകൊണ്ട് തന്നെയാണ്.
കര്‍ഷകരെ ബാധിക്കുന്ന രീതിയില്‍ നിയമം പരിഷ്‌ക്കരിക്കുകയും പുതിയ രീതികളും നടപടികളും കൊണ്ടുവരികയും ചെയ്യുമ്പോള്‍ അവരെ വിശ്വാസത്തിലെടുക്കേണ്ടിയിരുന്നു സര്‍ക്കാര്‍. ആ വഴിക്കു നീക്കമൊന്നുമുണ്ടായില്ല. എല്ലാം കര്‍ഷകര്‍ അനുസരിച്ചു കൊള്ളുമെന്നു മനക്കണക്കുകൂട്ടി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ കര്‍ഷകര്‍ അവരുടേതായ കണക്കുകൂട്ടി. കൃഷി നഷ്ടമാകുമെന്നും തങ്ങള്‍ പെരുവഴിയിലാകുമെന്നും അവര്‍ മുന്‍കൂട്ടി കണ്ടു. ട്രാക്ടറുകളും പണിയാധുങ്ങളുമൊക്കെയായി അവര്‍ തെരുവിലേയ്ക്കിറങ്ങി. ആദ്യം റെയില്‍പാളങ്ങളില്‍ കുത്തിയിരുന്നായിരുന്നു സമരം. പിന്നെ 'ഡല്‍ഹി ചലോ' മുദ്രാവാക്യവുമായി രാജ്യ തലസ്ഥാനത്തേക്ക്. സമരം ഒരാഴ്ച പിന്നിട്ടിട്ടും ഒരു കൂസലുമില്ല സമരക്കാര്‍ക്ക്. ഖലിസ്ഥാന്‍ വാദികളെന്നും രാഷ്ട്രീയക്കാരെന്നും പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാന്‍ നടത്തിയ ശ്രമവും വിലപ്പോയില്ല.
പഞ്ചാബിലാണ് ആദ്യം കര്‍ഷക സമരത്തിന് തീപിടിച്ചത്. കൊയ്ത്ത് കഴിഞ്ഞ ഗോതമ്പുപാടങ്ങളില്‍ വൈക്കോല്‍ കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു. വര്‍ഷങ്ങളായി, പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തിനുശേഷം വൈക്കോല്‍ കത്തിക്കുന്നത് പതിവാണ്. ഇത് ഡല്‍ഹിയിലുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം വളരെ ഗുരുതരവും. ഇങ്ങനെ വൈക്കോല്‍ കത്തിക്കുന്നത് വലിയ കുറ്റമായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. തടവും പിഴയുമെല്ലാമാണ് ശിക്ഷ. ഇതിന്റെ പേരില്‍ കുറെ കര്‍ഷകര്‍ അറസ്റ്റിലായിട്ടുമുണ്ട്. സമരത്തിനിറങ്ങിയ കര്‍ഷകര്‍ ആദ്യം തിരിഞ്ഞത് പാടത്ത് കുന്നുകൂട്ടിയിട്ടിരിക്കുന്ന വൈക്കോല്‍ കത്തിക്കാനാണ്. പിന്നെ റെയില്‍ തടയാനിറങ്ങി. അതും കഴിഞ്ഞ് ഡല്‍ഹിയിലേയ്ക്ക്.
പഞ്ചാബിനു തൊട്ടുപിന്നാലെ ഹരിയാനയിലും കര്‍ഷകര്‍ ഇളകി. അവരും ട്രാക്ടറുകളിലും മറ്റു വാഹനങ്ങളിലുമായി ഡല്‍ഹിക്കു തിരിച്ചു. പിന്നാലെ യു.പിയില്‍നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും. ഡല്‍ഹിക്കു ചുറ്റുമായി മൂന്നുലക്ഷത്തിലേറെ കര്‍ഷകര്‍ വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായി ബി.ജെ.പി ഭരണകൂടം ഒരു സമരത്തിനു മുന്നില്‍ വിറച്ചുനില്‍ക്കുന്നു.
സാധാരണ ഇത്തരമൊരു സമരം സംഘടിപ്പിക്കാന്‍ ഏറെ അധ്വാനം വേണം. കുറെ ദിവസത്തേയ്ക്കു സമരം നീളുമെന്നു മുന്‍കൂട്ടി കണ്ടാല്‍ അതിനാവശ്യമായ സന്നാഹങ്ങളൊരുക്കണം. പൊലിസ് ബലം പ്രയോഗിച്ചാല്‍ എങ്ങനെ നേരിടണമെന്നതിനെപ്പറ്റി നേരത്തെ തന്ത്രങ്ങള്‍ തയാറാക്കണം. നേതാക്കളെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്തു ചെയ്യണമെന്ന കാര്യവും ആലോചിച്ചുറപ്പിച്ചുവയ്ക്കണം.
ഈ സമരത്തിന് പ്രത്യക്ഷത്തില്‍ നേതാക്കളില്ലെന്നതാണ് വലിയൊരു പ്രത്യേകത. കുറെ ഏറെ സംഘടനകള്‍ മാത്രമാണുള്ളത്.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചാല്‍ എല്ലാ സംഘടനകളുടെയും നേതാക്കള്‍ ഒന്നിച്ചുപോകും. ആരെയെങ്കിലും ഒഴിവാക്കി ഭിന്നിപ്പുണ്ടാക്കാന്‍ നോക്കിയാല്‍ കര്‍ഷകര്‍ സമ്മതിക്കില്ല. നിയമത്തില്‍ അയവുവരുത്താമെന്ന വാഗ്ദാനങ്ങളിലൊന്നും അവര്‍ വീണില്ല.
മൂന്നാം ദിവസം സമരക്കാര്‍ മന്ത്രിമാര്‍ക്കു മുന്നിലേക്കു ചെന്നത് 'എസ് ഓര്‍ നോ'പ്ലക്കാര്‍ഡും പിടിച്ചാണ്. രണ്ടിലൊന്നു പറഞ്ഞാല്‍ മതിയെന്ന സന്ദേശമായിരുന്നു അത്. പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് മിണ്ടാതിരുന്നു അവര്‍. സര്‍ക്കാര്‍ വച്ചുനീട്ടിയ ആഹാരവും ചായയുമെല്ലാം അവര്‍ നിരാകരിച്ചു. ഒരു വര്‍ഷം നീണ്ടാലും പിടിച്ചുനിന്നു സമരം ചെയ്യാനും തയാറായി തന്നെയാണ് കര്‍ഷകര്‍ വന്നിരിക്കുന്നത്. ഇത് അവരുടെ നിലനില്‍പ്പിന്റെ സമരമാണ്. ഇവിടെ പരാജയപ്പെട്ടാല്‍ ജീവിതം വഴിമുട്ടുമെന്നവര്‍ക്കറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."