ബദല്‍ ചികിത്സാരീതികള്‍ എങ്ങനെ കുറ്റകരമാകും?
ജേക്കബ് വടക്കഞ്ചേരിയെപ്പോലെയുള്ള ബദല്‍ചികിത്സാ വക്താക്കള്‍ മുന്നോട്ടുവയ്ക്കുന്ന അതിവാദങ്ങള്‍ ശാസ്ത്രീയമല്ലെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി തുടങ്ങിയ ശാസ്ത്രശാഖകളുടെ പിന്‍ബലത്തിലാണ് ആധുനിക വൈദ്യശാസ്ത്രം നിലകൊള്ളുന്നത്. ഇവയെക്കുറിച്ചൊന്നും സാമാന്യധാരണയില്ലാത്ത നിരവധി ചികിത്സകരുണ്ട്. അവര്‍ക്കിടയില്‍ തട്ടിപ്പുകാരും ധാരാളം.
പ്രകൃതി ചികിത്സയും യോഗാഭ്യാസവും ഒറ്റമൂലിയും പ്രവാചകവൈദ്യവുമെല്ലാം തഞ്ചവും തരവും പോലെ പ്രയോഗിക്കുന്ന ബദല്‍ചികിത്സകരുണ്ടാക്കുന്ന അലമ്പും അപകടങ്ങളും ചില്ലറയല്ല. എന്നുവച്ചു ഡോക്‌സിസൈക്ലിന്‍ അപകടകാരിയാണെന്നു പറഞ്ഞതിന്റെ പേരില്‍ ഒരു മനുഷ്യനെ അറസ്റ്റു ചെയ്ത് പതിനാലു ദിവസത്തേക്കു റിമാന്‍ഡു ചെയ്യുന്നത് ന്യായമാണോ. ഇതു മാത്രമാണെന്റെ ചോദ്യം.
ജേക്കബ് വടക്കഞ്ചേരി പ്രചരിപ്പിക്കുന്ന പലതും ആധുനിക വൈദ്യശാസ്ത്രത്തിന്റെയും നൂറ്റാണ്ടുകളായി മനുഷ്യസമൂഹം ആര്‍ജിച്ചെടുത്ത സാമാന്യബോധത്തിന്റെയും അടിസ്ഥാനത്തില്‍ 'അസംബന്ധ'ങ്ങളും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാല്‍, ഇതേപോലെ അസംബന്ധവും എതിര്‍ക്കപ്പെടേണ്ടതുമായ പലതും ആധുനിക വൈദ്യശാസ്ത്രത്തിലുമുണ്ട്.
ഡോക്‌സിസൈക്ലിന്റെ കാര്യം തന്നെയെടുക്കുക. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ പാടില്ലാത്ത എച്ച് കാറ്റഗറിയില്‍പ്പെട്ട മരുന്നാണത്രെ ഇത്. ഡോക്‌സിസൈക്ലിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം സമ്മതിച്ചിട്ടുമുണ്ടത്രെ. ഇതാണു സത്യമെങ്കില്‍ അക്കാര്യം തുറന്നു പറഞ്ഞാല്‍ അതെങ്ങനെ ജനങ്ങള്‍ക്കിടയില്‍ ഭീതിയുളവാക്കുന്ന സൈബര്‍ കുറ്റമാവും? അതെങ്ങനെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തലാവും?
ആരോഗ്യരംഗത്തു സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ പ്രചാരണങ്ങള്‍ വഴി ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തുകയാണു ജേക്കബ് വടക്കഞ്ചേരിയെന്നാണു സര്‍ക്കാര്‍ ഭാഷ്യം. അതു വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്നു സര്‍ക്കാരും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളും കരുതുന്നു. അതുകൊണ്ടാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരിട്ടു പരാതി കൊടുത്തു വടക്കഞ്ചേരിയെ അഴിക്കകത്താക്കിയത്.
ഒരു കന്യാസ്ത്രീ ബലാത്സംഗക്കുറ്റം ആരോപിക്കുകയും നിരവധി കന്യാസ്ത്രീകളും പുരോഹിതന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെ തെരുവിലിറങ്ങിയിട്ടും മൂന്നുമാസത്തിലേറെ ഫ്രാങ്കോ മുളയ്ക്കലിനെ തൊടാന്‍ ഭയന്ന പൊലിസാണ് പരാതി ലഭിച്ച ഉടനെ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റു ചെയ്തത്. രണ്ടാം ശനിയും ഞായറാഴ്ചയും ഭാരത് ബന്ദും ചേര്‍ന്നു വരുന്നതിനാല്‍ വടക്കഞ്ചേരിക്കു പെട്ടെന്നു ജാമ്യം ലഭിക്കാത്ത വിധം ആസൂത്രണം ചെയ്തായിരുന്നു അറസ്റ്റെന്നു വിശ്വസിക്കുന്നവരുണ്ട്. കേരളത്തിന്റെ നിയമപാലന ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലായിരുന്നു ആ അറസ്റ്റ്്. പട്ടാളത്തില്‍ സംഭവിക്കുന്ന കോര്‍ട്ട് മാര്‍ഷ്യല്‍ പോലും ഇതിനേക്കാള്‍ എത്രയോ ന്യായയുക്തം.
ജേക്കബ് വടക്കഞ്ചേരി മാത്രമല്ല ആധുനിക വൈദ്യശാസ്ത്രത്തിന്റെ മനുഷ്യത്വ വിരുദ്ധ സ്വഭാവങ്ങളെപ്പറ്റി പ്രചാരണം നടത്തുന്നത്. പ്രശസ്തരായ അലോപ്പതി ചികിത്സകര്‍പോലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ദോഷഫലങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ബദല്‍ചികിത്സാ സമ്പ്രദായം പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. ആശുപത്രികളും മരുന്നുകമ്പനികളും തമ്മിലുള്ള അവിഹിതബന്ധം ചികിത്സാരംഗത്ത് ഉണ്ടാക്കുന്ന വിപത്ഫലം എത്ര ഭീകരമാണെന്നറിയാന്‍ ഇര്‍വിങ് വാലസിന്റെ 'ദി സ്‌ട്രോങ് മെഡിസിന്‍' എന്ന വര്‍ഷങ്ങള്‍ക്കു മുമ്പു പുറത്തിറങ്ങിയ നോവല്‍ വായിച്ചാല്‍ മതി.
മരുന്നുകളും ആശുപത്രികളുമുണ്ടാക്കുന്ന രോഗങ്ങളുടെ പട്ടിക വളരെ വലുതാണ്. ഈ അവസ്ഥയില്‍ ഏതെങ്കിലും മരുന്നുണ്ടാക്കുന്ന ദോഷഫലങ്ങളെപ്പറ്റി ജനങ്ങളോടു തുറന്നു പറയുന്നതു ജനദ്രോഹമോ ഭീതി വളര്‍ത്തലോ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കലോ അല്ല. വിയോജിക്കുക എന്ന പൗരാവകാശത്തിന്റെ ഭാഗം മാത്രമാണ്. ജേക്കബ് വടക്കഞ്ചേരി യുക്തിക്കു നിരക്കാത്ത പ്രചാരണമാണു നടത്തുന്നതെന്നു വയ്ക്കുക. അതുവച്ച് അലോപ്പതിയുടെ യുക്തിയുമായി പൊരുത്തപ്പെടുന്നില്ലെന്നു പറഞ്ഞ് അയാളെ ശിക്ഷിക്കാന്‍ വകുപ്പില്ല. അയാള്‍ വ്യാജ ചികിത്സ നടത്തുന്നുണ്ടെങ്കില്‍ കേസ് വേറെ.
വിയോജിപ്പു രേഖപ്പെടുത്തിയതിന്റെ പേരില്‍ ആളുകളെ ജയിലില്‍ അടക്കുന്നതു പൗരാവകാശ ലംഘനമാണ്. സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടയാനായിരുന്നില്ല അയാളുടെ ശ്രമം. മറിച്ച്, പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന മരുന്നുണ്ടാക്കുന്ന വിപത് ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. ഇത്തരം നടപടികള്‍ വൈദ്യശാസ്ത്ര രംഗത്തുനിന്ന് ഇതര മേഖലകളിലേയ്ക്കു കൂടി വ്യാപിപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി.
സര്‍ക്കാര്‍ നടപടികളെ എതിര്‍ക്കുന്ന ഏതൊരാളെയും തങ്ങള്‍ ജയിലില്‍ അടക്കുമെന്നാണ് അറസ്റ്റിലൂടെ സര്‍ക്കാര്‍ പറയാതെ പറയുന്നത്. വടക്കഞ്ചേരിയുടെ വാദങ്ങള്‍ 'പമ്പരവിഡ്ഢിത്ത'ങ്ങളായിരിക്കാം. വിഡ്ഢിത്തത്തിനും ജനാധിപത്യത്തില്‍ ഇടമുണ്ടല്ലോ. സര്‍ക്കാരിനെയായാലും വടക്കഞ്ചേരിയെയായാലും, ജനം തള്ളേണ്ടവരെ തള്ളും; കൊള്ളേണ്ടവരെ കൊള്ളും.
ആധുനിക വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്ന പ്രതിരോധ മരുന്നുകള്‍ക്കെതിരേ നിലപാടുള്ള ധാരാളം പേരുണ്ട്. ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി തുടങ്ങിയ വൈദ്യശാസ്ത്ര ശാഖകളൊന്നും ഇത്തരം പ്രതിരോധ മരുന്നുകളില്‍ വിശ്വസിക്കുന്നില്ല. പ്രശസ്തരായ ചില അലോപ്പതി ചികിത്സകര്‍പോലും പല പ്രതിരോധ മരുന്നുകളെയും നിരാകരിക്കുന്നു. ഈ നിരാകരണങ്ങള്‍ പൊറുപ്പിക്കില്ലെന്ന നിലപാടാണു സര്‍ക്കാരിന്റേതെന്നു വടക്കഞ്ചേരിയുടെ അറസ്റ്റു സൂചിപ്പിക്കുന്നു. സര്‍ക്കാരിനെ പിന്തുണക്കാന്‍ ഡോ. ബി. ഇക്ബാലിനെയും ഡോ. കെ.പി അരവിന്ദനെയും പോലെ ജനകീയാരോഗ്യ പ്രസ്ഥാനങ്ങളോടു പ്രതിബദ്ധതയുള്ള അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്തുവന്നതോടെ സംസ്ഥാന സര്‍ക്കാരും അലോപ്പതി ചികിത്സാ രംഗവും പരസ്പരം സ്ഥാപിച്ച ഗാഢബന്ധമാണു വ്യക്തമാവുന്നത്.
ഈ പശ്ചാത്തലത്തില്‍ വേണം ഹോമിയോ ചികിത്സ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തെ കാണാന്‍. ഐ.എം.എയുടെ സംസ്ഥാന സെക്രട്ടറിയായ ഡോ. സുല്‍ഫി നൂഹാണ് ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടുള്ളത്. യുക്തിവാദസംഘടനകളും അലോപ്പതിയൊഴിച്ചുള്ള ചികിത്സാരീതിയെ അംഗീകരിക്കുന്നില്ല.
ജേക്കബ് വടക്കഞ്ചേരി മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ക്കൊന്നും അലോപ്പതിയുടെ മാനദണ്ഡങ്ങളനുസരിച്ചു യുക്തിയുടെ അടിത്തറയില്ല. ഹോമിയോപ്പതിക്കും യുനാനിക്കും ആയുര്‍വേദത്തിനും പ്രസ്തുത അടിത്തറയില്ല. അതിനാല്‍ ഈ ചികിത്സാ സമ്പ്രദായങ്ങള്‍ക്കെതിരേ കൃത്യമായ നിലപാടാണ് ആധുനിക വൈദ്യശാസ്ത്രത്തിനുള്ളത്. ആ നിലപാടിനെ സര്‍ക്കാരും അംഗീകരിക്കുന്നുവെന്നാണു വടക്കഞ്ചേരിയുടെ അറസ്റ്റു വ്യക്തമാക്കുന്നത്.
എങ്കിലെന്തിനാണ് ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ബദല്‍ശാഖകളില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പഠനവും പരിശീലനവും. അലോപ്പതി കോഴ്‌സുകള്‍ക്കെന്നപോലെ സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയെഴുതിയാണു കുട്ടികള്‍ ഹോമിയോപ്പതി- ആയുര്‍വേദ കോളജുകളില്‍ ചേരുന്നത്. സര്‍ക്കാരിന്റെ ആയുഷ്‌വകുപ്പിനു കീഴിലുള്ള ആശുപത്രികളിലാണു ബദല്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നത്. അവര്‍ക്കു സര്‍ക്കാരാണു ശമ്പളം നല്‍കുന്നത്. പ്രകൃതി ചികിത്സക്കും സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളുണ്ട്. സര്‍വകലാശാലകള്‍ ബി.വൈ.എന്‍.എസ് പോലെയുള്ള ഇത്തരം കോഴ്‌സുകള്‍ നടത്തുന്നു.
അവയ്ക്കു പുറമെ അക്കാദമിക് അടിത്തറയില്ലാത്ത പാരമ്പര്യ ചികിത്സയും ഇവിടെ നടക്കുന്നു. നാട്ടറിവുകളുപയോഗിച്ചു രോഗശാന്തി നേടുന്നവരും ധാരാളം. ഇവയ്‌ക്കൊന്നും യുക്തിയും ശാസ്ത്രീയാടിത്തറയുമില്ല. ജേക്കബ് വടക്കഞ്ചേരി പ്രചരിപ്പിക്കുന്നതുപോലുള്ള 'അസംബന്ധ'ങ്ങളാണ് ഈ പഠന- പാരമ്പര്യ ശാഖകളെ ഉപജീവിച്ചു ചികിത്സ നടത്തുന്നവര്‍ കൊണ്ടുനടക്കുന്നത്. ഇങ്ങനെയായിരിക്കെ, വടക്കഞ്ചേരിയെ കുരിശിലേറ്റാന്‍ ഇറങ്ങിത്തിരിച്ച ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ ഹോമിയോ കോളജും ആയുര്‍വേദ കോളജും ആശുപത്രികളും നടത്തുന്നതിന്റെ ന്യായമെന്താണ്.
വടക്കഞ്ചേരിയെ അറസ്റ്റു ചെയ്ത ന്യായംവച്ചു ചിറ്റമൃതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചു പനി ശമിപ്പിക്കുന്നവരെയും അഴിക്കുള്ളിലടക്കേണ്ടതല്ലേ. ആധുനിക വൈദ്യശാസ്ത്രമനുസരിച്ചു തലയില്‍ എണ്ണ തേയ്ക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ല. തലയോട്ടിക്കു സുഷിരങ്ങളില്ലല്ലോ. ഏലാദിയെണ്ണയോ കര്‍പ്പൂരാദി വെളിച്ചെണ്ണയോ തലയില്‍ തേച്ചു കുളിച്ച് ഇത്തരി രാസ്‌നാദിപ്പൊടി തിരുമ്മി ശൈലജ ടീച്ചര്‍ ഒരിക്കലെങ്കിലും പരീക്ഷണം നടത്തിയെന്നു വയ്ക്കുക. പിറ്റേന്നു, ലോക്കപ്പ് മുറിയിലാവണമോ ടീച്ചറുടെ ഇരിപ്പിടം?
ബദല്‍ ചികിത്സാ രീതികളെ അതിവൈകാരികമായും ജനാധിപത്യ വിരുദ്ധമായും നേരിട്ടുവെന്നതാണിവിടെ പ്രശ്‌നം. നിപ്പാ വൈറസ് കാലത്തു ശൈലജ ടീച്ചര്‍ നടത്തിയ പ്രസംഗം ഓര്‍മവരുന്നു. ആശുപത്രികളെ ജനം പേടിക്കുന്ന കാലമായിരുന്നു അത്. ആശുപത്രികളില്‍ വച്ചായിരുന്നു അന്ന് ആളുകള്‍ക്കു രോഗം പിടിപെട്ടിരുന്നത്. അക്കാലത്ത് ചെറിയ രോഗങ്ങള്‍ക്കൊന്നും ആശുപത്രിയില്‍ പോകരുതെന്നു ശൈലജ ടീച്ചര്‍ ഉപദേശിച്ചു. വീട്ടില്‍വച്ചു പ്രസവിച്ചാല്‍പ്പോരേയെന്നു ചോദിച്ചു.
പലരും ചോദിച്ച ചോദ്യമാണിത്. ചോദിക്കുക മാത്രമല്ല, നിത്യജീവിതത്തില്‍ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. നിപ്പയുടെ സമയത്ത് ആശുപത്രികള്‍ ജനശൂന്യമായിക്കിടന്നതു രോഗങ്ങളില്ലാത്തതു കൊണ്ടല്ല, രോഗങ്ങളെ ബദല്‍ ചികിത്സാ രീതികളിലൂടെയും നാട്ടറിവുകളിലൂടെയും പ്രതിരോധിച്ചതു കൊണ്ടാണ്. ഒരു കാര്യമോര്‍ക്കണം, നിപ്പ വൈറസ് ബാധയെ നാം അതിജീവിച്ചത് ആധുനിക വൈദ്യശാസ്ത്രം തന്ന മരുന്നുകള്‍ വഴിയല്ല. രോഗം തിരിച്ചറിയാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകളാണു നിമിത്തമായത്.
തുടര്‍ന്ന്, രോഗത്തിനെതിരേ നിതാന്തമായ ജാഗ്രത പുലര്‍ത്തിക്കൊണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മുന്‍കരുതലുകള്‍ കൈക്കൊണ്ടുമാണു നാം രോഗബാധയെ പ്രതിരോധിച്ചത്. മരുന്നല്ല, പ്രതിരോധമാണു രക്ഷിച്ചത്. അക്കാലത്തു ശൈലജ ടീച്ചര്‍ ഉപദേശിച്ചതും 'എന്തിനുമേതിനും ആശുപത്രിയില്‍ പോകേണ്ടെന്നും പാരമ്പര്യ പ്രചോദിതമായ ആരോഗ്യ അനുശീലനങ്ങളിലേയ്ക്കു മടങ്ങണമെന്നു'മാണ്. ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റു ചെയ്ത ന്യായമനുസരിച്ചു ശൈലജ ടീച്ചറെയും അറസ്റ്റു ചെയ്യേണ്ടതായിരുന്നില്ലേ.
വീട്ടില്‍വച്ചു പ്രസവിക്കുകയെന്ന ആശയത്തിന് ഇപ്പോള്‍ ആഗോളതലത്തില്‍ പിന്തുണ വര്‍ധിച്ചിട്ടുണ്ട്. നിങ്ങള്‍ സ്വയം ചെയ്യുക എന്നാണ് ഈ രീതി വിശേഷിപ്പിക്കപ്പെടുന്നത്. ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്ന മരുന്നുകള്‍ ഗര്‍ഭകാലത്തു കഴിക്കുന്നതുമൂലം കുട്ടിക്കും അമ്മക്കുമുണ്ടാവുന്ന അസുഖങ്ങളെ മുന്‍നിര്‍ത്തിയാണു പ്രസവത്തെ സ്വാഭാവികാനുഷ്ഠാനമായി കാണുന്ന സ്വയം ചികിത്സാ സമ്പ്രദായത്തിനു യൂറോപ്യന്‍ നാടുകളിലും ആസ്‌ത്രേലിയയിലും പ്രചാരം വര്‍ധിച്ചത്.
എന്നാല്‍, ഇന്നു വീട്ടില്‍ പ്രസവിച്ചാല്‍ തമിഴ്‌നാട്ടില്‍ കുറ്റകൃത്യമാണ്. ആശുപത്രിയില്‍ പോകാതെ പ്രസവിച്ച കൃതിക എന്ന യുവതി മരിക്കാനിടയായ സംഭവമാണ് ഇങ്ങനെയൊരു കടുത്ത നിയമ നടപടിക്കു കാരണമായത്. എങ്കില്‍, എല്ലാ ആധുനിക ചികിത്സയും നടത്തിയിട്ടും ആശുപത്രികളില്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ആരാണുത്തരവാദി.
പല പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാന്‍ ഇന്നും ആധുനിക വൈദ്യശാസ്ത്രത്തിനു സാധിച്ചിട്ടില്ല. എല്ലാ മരുന്നുകളെയും അതിജീവിക്കുന്ന ക്ഷയരോഗാണുക്കളുടെ സാന്നിധ്യമാണിന്നു ടി.ബി ചികിത്സയില്‍ ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന വലിയ പ്രതിസന്ധി. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനു കാരണം ടി.ബിയാണ്. അതിനെ നേരിടാന്‍ ആഗോള പദ്ധതി തയാറാക്കുകയാണ് ഐക്യരാഷ്ട്ര സഭ. സെപ്റ്റംബര്‍ 26 നു ന്യൂയോര്‍ക്കില്‍ ചേരുന്ന ടി.ബി സമ്മിറ്റ് ഔപചാരികമായി ഈ പദ്ധതിക്കു രൂപം നല്‍കും. അതായത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വേണ്ടരീതിയില്‍ ഏശുന്നുവെന്നു പറയാനാവില്ല. അങ്ങനെയിരിക്കെ ബദല്‍ചികിത്സാ രീതികളെക്കുറിച്ച് ആളുകള്‍ ആലോചിച്ചാല്‍ കുറ്റം പറയാനാകുമോ.
ഈയിടെ കോഴിക്കോട്ട് നിര്യാതനായ പെറുവിലെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന അപ്പുണ്ണി രമേശിന്റെ ചില അനുഭവ സാക്ഷ്യങ്ങളിലൂടെ കടന്നുപോകാനിടയായി. അദ്ദേഹം കാന്‍സര്‍ ബാധിതനായിരുന്നു. പെറുവില്‍ നടപ്പിലുള്ള ഒരു പ്രാണി ചികിത്സയിലൂടെയാണു താന്‍ രോഗ വിമുക്തി നേടിയതെന്ന് അദ്ദേഹം പറഞ്ഞത് ഓര്‍മ വരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ സകല ചികിത്സകള്‍ക്കും ശേഷമാണ് അദ്ദേഹം ഈ വഴി അവലംഭിച്ചത്. ഇപ്പറഞ്ഞ ചികിത്സാ സമ്പ്രദായത്തെപ്പറ്റി ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.
ഈ ചികിത്സയെ അപ്പാടെ നിരാകരിക്കുകയോ ചികിത്സ നടത്തുന്ന സ്ത്രീയെ പിടികൂടി ജയിലിലടക്കുകയോ അല്ല പെറു ഭരണകൂടം ചെയ്യുന്നത്. പകരം പ്രസ്തുത ചികിത്സയെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കുകയും അതില്‍ അടങ്ങിയിട്ടുള്ള അറിവുകളെ ചികിത്സാ രംഗത്തു പ്രയോഗിക്കുകയുമാണ്.
കുറച്ചുമുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഒരു ശസ്ത്രക്രിയാ വേളയില്‍ നിലച്ചുപോയ ചോരയോട്ടം പുനസ്ഥാപിക്കുന്നതിന് ആയുര്‍വേദത്തിലെ അട്ടയെക്കൊണ്ട് കടിപ്പിക്കുന്ന ചികിത്സാരീതി ഉപയോഗിക്കുകയുണ്ടായി. കോട്ടയ്ക്കല്‍ ആയുര്‍വേദാശുപത്രിയില്‍ നിന്നാണ് അട്ടകളെ കൊണ്ടുവന്നത്. ഇന്നത്തെ അറസ്റ്റിന്റെ ന്യായംവച്ചു നോക്കിയാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുഴുവനും അഴിയെണ്ണേണ്ടി വന്നേനെ!
ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകളും അതില്‍ പ്രയോഗിക്കുന്ന സാങ്കേതിക വിദ്യകളും അപാരമാണ്. പക്ഷേ, അതിനു ധാരാളം പരിമിതികളുണ്ട്. പലപ്പോഴും ദോഷഫലങ്ങളുളവാക്കുന്നുമുണ്ട്. ഈ പരിമിതികളെ മറികടക്കേണ്ടതു വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടല്ല. യുക്തിയുടെ അടിസ്ഥാനത്തില്‍ ചികിത്സയെ വിലയിരുത്തിക്കൊണ്ടുമല്ല. ബദല്‍ ചികിത്സാ രീതിയുടെ യുക്തിരാഹിത്യത്തെ മുന്‍വിധികളില്ലാത്ത പഠനങ്ങളിലൂടെ യുക്തിസഹമാക്കാന്‍ ശ്രമിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രവും അധികൃതരും ചെയ്യേണ്ടത്.
മറിച്ച്, ജനങ്ങളില്‍ അനാവശ്യമായ ഭീതി വളര്‍ത്തുകയാണിപ്പോള്‍ സര്‍ക്കാരും സര്‍ക്കാരിനെ പിന്തുണക്കുന്ന അലോപ്പതി ലോബിയും ചെയ്യുന്നത്. ബദല്‍ ചികിത്സാ രീതികളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തുന്നു. ആലോപ്പതി ചികിത്സ എന്ന ഒറ്റമൂലി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു. നാട്ടറിവുകള്‍ പ്രയോഗിക്കുന്നതുപോലും കുറ്റകരമാണെന്നു പരോക്ഷമായി സൂചിപ്പിക്കുന്നു.
ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി ഊന്നിപ്പറയേണ്ടതുണ്ട്. ബദല്‍ചികിത്സാ രീതിയുടെ മറവില്‍ വ്യാജ വൈദ്യവൃത്തി വ്യാപകമായി നാട്ടില്‍ നടക്കുന്നുണ്ട്. ഒരു യോഗ്യതയും താത്വികാടിത്തറയുമില്ലാത്ത തട്ടിപ്പുകാര്‍ ഡോക്ടര്‍മാരായി വിലസുന്നുണ്ട്. അവിശ്വസനീയമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിരവധി ആളുകളെ കൊലയ്ക്കു കൊടുക്കുന്നുണ്ട്. ജേക്കബ് വടക്കഞ്ചേരി അത്തരത്തിലൊരാളാണോ എന്നെനിക്കറിയില്ല. ആണെങ്കില്‍ അയാള്‍ക്കെതിരേ നടപടിയെടുക്കണം. പക്ഷേ, അതു തീര്‍ത്തും ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രതികാര നടപടികളിലൂടെ ആയിരിക്കരുത്. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് രീതിയാകരുത് സര്‍ക്കാരിന്റേത്, വിശേഷിച്ച്, ഇടതുപക്ഷ സര്‍ക്കാരിന്റേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."