തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ബുധനാഴ്ചയാണ് ബോര്‍ഡ് യോഗം ചേരുന്നത്. അതിനു മുന്‍പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് നീക്കം. അതിനു കഴിഞ്ഞില്ലെങ്കില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാനാണ് ആലോചന.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മണ്ഡല- മകരവിളക്കു കാലത്ത് ഭക്തജനങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന എങ്ങനെ നിയന്ത്രിക്കുമെന്നതും സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ എങ്ങനെ ഒരുക്കുമെന്നതില്‍ ബോര്‍ഡിന് ആശങ്കയുണ്ട്.
നിലവിലെത്തുന്നവര്ക്ക് പോലും അടിസ്ഥാന സൗകര്യമൊരുക്കാന്‍ വെല്ലുവിളി നേരിടുന്നുണ്ട്. 2012 ല്‍ തയാറാക്കിയ മാസ്റ്റര്‍പ്ലാനിന് 625 കോടിയാണ് ചെലവ് വകയിരുത്തിയത്. എന്നാല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള പ്രയാസം കാരണം മാസ്റ്റര്‍പ്ലാന്‍ ഇഴഞ്ഞുനീങ്ങുകയാണ്.
ഇനി അധിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്കരിക്കേണ്ടിയും വരും. പ്രതിദിനം അന്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശൗചാലയങ്ങള്‍, താമസ സൗകര്യങ്ങള്‍, സന്നിധാനത്ത് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ക്യൂ സംവിധാനം, പതിനെട്ടാം പടിക്ക് പുറത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍, സുരക്ഷാ ജീവനക്കാരുടെ അത്രയും സ്ത്രീ സുരക്ഷാ ജീവനക്കാര്‍, അവര്‍ക്കെല്ലാം താമസ സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കണം. കൂടുതല്‍ സൗകര്യങ്ങള്‍ കാനന പാതയിലും പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്തും ഏര്‍പ്പെടുത്തേണ്ടിവരും.
ഇത്രയും സൗകര്യങ്ങളൊരുക്കാന്‍ 600 കോടിയിലേറെ രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."