ഈ വര്‍ഷം ഇതുവരെ അഞ്ചു ചുഴലിക്കാറ്റുകള്‍; നാലും ശക്തിയാര്‍ജിച്ചു
തിരുവനന്തപുരം: ഈ വര്‍ഷം ഇതുവരെ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി രൂപപ്പെട്ടത് അഞ്ചു ചുഴലിക്കാറ്റുകള്‍. അതില്‍ നാലും ശക്തിയാര്‍ജിച്ച് തീവ്രമോ അതിതീവ്രമോ ആയി മാറുകയും നാശഷ്ടങ്ങളും ആള്‍നാശവും സൃഷ്ടിക്കുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി വലിയതോതില്‍ നാശം വിതയ്ക്കുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും ദിശാമാറ്റം സംഭവിച്ച് കടലില്‍ത്തന്നെ ദുര്‍ബലമായി. ഒരു വര്‍ഷം നാലോ അഞ്ചോ ചുഴലിക്കാറ്റുകള്‍ ഈ മേഖലയില്‍ സാധാരണയാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം.
ആദ്യം വന്നത് ഉംപുന്‍
ഈ വര്‍ഷം ആദ്യമെത്തിയത് മെയ് മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപുന്‍ ചുഴലിക്കാറ്റായിരുന്നു.
കൂടുതല്‍ ശക്തിയാര്‍ജിച്ചതോടെ ഈ നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ആദ്യ സൂപ്പര്‍ സൈക്ലോണായും ഉംപുന്‍ മാറി. മണിക്കൂറില്‍ ശരാശരി 200 കി.മീറ്ററില്‍ അധികമായിരുന്നു വേഗത. മെയ് 16 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍ തീരത്തും ബംഗ്ലാദേശിലും ഭൂട്ടാനിലും ആഞ്ഞടിച്ച ഉംപുന്‍ ഏകദേശം 13.6 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയെന്നാണ് കണക്കുകള്‍. ആകെ 128 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. തായ്‌ലന്റായിരുന്നു ഉംപുന്‍ എന്ന പേര് നിര്‍ദേശിച്ചത്.
ജൂണില്‍ നിസര്‍ഗ
തെക്കുകിഴക്കന്‍ അറബിക്കടലില്‍ ജൂണ്‍ ഒന്നിനാണ് നിസര്‍ഗ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ശക്തിയാര്‍ജിച്ച് തീവ്ര ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ തീരങ്ങളെയാണ് ബാധിച്ചത്.
ആകെ 665 മില്യണ്‍ ഡോളറിന്റെ നാശമുണ്ടാവുകയും ആറുപേര്‍ മരിക്കുകയുമുണ്ടായി. പേര് നിര്‍ദേശിച്ചത് ബംഗ്ലാദേശ് ആയിരുന്നു.
നവംബറില്‍ ഗതി
അറബിക്കടലില്‍ നവംബര്‍ 21നാണ് ഗതി ചുഴലിക്കാറ്റ് രൂപപ്പെട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഗതി സൊമാലിയയെ പ്രതികൂലമായി ബാധിച്ചു.
സോമാലിയന്‍ തീരത്ത് ദുര്‍ബലമായ ഗതി എത്രത്തോളം നാശം വിതച്ചുവെന്നതില്‍ വ്യക്തത വന്നിട്ടില്ല. ആകെ ഒന്‍പതു പേരാണ് മരിച്ചത്. ഗതി എന്ന പേര് നിര്‍ദേശിച്ചത് ഇന്ത്യയാണ്.
തൊട്ടുപിന്നാലെ നിവാര്‍
ഗതി കടന്നു പോയതിനു പിന്നാലെ നവംബര്‍ 23ന് ബംഗാള്‍ ഉള്‍ക്കടലില്‍ നിവാര്‍ രൂപപ്പെട്ടു. അതിതീവ്ര ചുഴലിക്കറ്റായി മാറിയ നിവാര്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ശ്രീലങ്ക തീരങ്ങളില്‍ നാശം വിതച്ചു.
ആകെ 54.2 മില്യണ്‍ ഡോളറിന്റെ നാശവും 14 പേരുടെ മരണവും സംഭവിച്ചു. നിവാര്‍ എന്ന പേര് നിര്‍ദേശിച്ചത് ഇറാനാണ്. നിവാര്‍ കടന്നു പോയതിനു ശേഷമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ നവംബര്‍ 30ഓടെ ബുറെവി രൂപപ്പെട്ടത്. ബുറെവി എന്ന പേര് മാലിദ്വീപാണ് നിര്‍ദേശിച്ചത്.
ഇനി തോതെ
ബംഗാള്‍ ഉള്‍ക്കടലിലോ അറബിക്കടലിലോ ഇനി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് മ്യാന്‍മാര്‍ നിര്‍ദേശിച്ച തോതെ (T-au-k-ta-e-) എന്ന പേരായിരിക്കും നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."