ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്നു ജനജീവിതം ദുരിതത്തില്‍ പെട്രോള്‍, ഡീസല്‍ വില രണ്ടുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായി ആറാംദിവസവും ഇന്ധനവില വര്‍ധിച്ചു. രണ്ടുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലേക്കാണ് ഇന്ധനവില എത്തിയത്. ഇതോടെ ജനജീവിതം ദുരിതത്തിലായി.
ഇന്നലെ ദേശീയതലത്തില്‍ പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ, കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.96 രൂപയായി ഉയര്‍ന്നു. നവംബര്‍ ഒന്നിന് ലിറ്ററിന് 81.16 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഘട്ടംഘട്ടമായി ലിറ്ററിന് 2.86 രൂപ വര്‍ധിച്ച് ഈ നിലയിലെത്തിയത്. ഡിസംബര്‍ രണ്ടുമുതല്‍ തുടര്‍ച്ചയായി ആറുദിവസങ്ങളില്‍ മാത്രം 1.32 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വര്‍ധിച്ചത്. എണ്ണ ടാങ്കറുകളുടെ ചരക്കുകടത്ത് കൂലികൂടി ഉള്‍പ്പെടുത്തുമ്പോള്‍ തിരുവനന്തപുരം അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളില്‍ ലിറ്ററിന് 85.50 രൂപയിലധികമായി ഉയരുകയും ചെയ്തിട്ടുണ്ട്.
ഡീസല്‍ വിലയില്‍ കഴിഞ്ഞ ആറുദിവസത്തിനിടയില്‍ ഒന്നര രൂപയുടെ വര്‍ധനവാണുണ്ടായത്. നിലവില്‍, കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 78.01 രൂപയാണ് വില. നവംബര്‍ ഒന്നിന് 74.28 രൂപയുണ്ടായിരുന്ന സ്ഥിതിയില്‍നിന്നാണ് ഘട്ടംഘട്ടമായി നാല് രൂപയോളം വര്‍ധിച്ച് 78.01 രൂപ എന്ന നിലയില്‍ എത്തിയത്. അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ ചുമത്തിയ നികുതികൂടി വരുമ്പോള്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ കടക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്രവിപണിയിലെ വിലയ്ക്ക് അനുസരിച്ച് ആഭ്യന്തര വിപണിയിലും ഇന്ധനവില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ദിനംതോറും വില വര്‍ധിപ്പിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോഴും ക്രൂഡോയില്‍ വില ബാരലിന് 50 ഡോളറില്‍ താഴെയാണുതാനും. കൊവിഡിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ കാലത്ത് വില വര്‍ധിപ്പിക്കാതിരുന്ന കമ്പനികള്‍, വിപണി ഉണര്‍ന്നുതുടങ്ങിയതോടെ വീണ്ടും പ്രതിദിന വിലവര്‍ധനവുമായി രംഗത്തുവരികയായിരുന്നു.
തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധന ബസ്, ഓട്ടോ, ടാക്‌സി സര്‍വിസ് നടത്തുന്നവരെയാണ് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കൊവിഡ് ഭീതി കാരണം യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നതിനിടെ ഇന്ധനവില അനുദിനം വര്‍ധിക്കുന്നത് പൊതുഗതാഗതരംഗത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ചരക്കുകടത്ത് കൂലി വര്‍ധിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ അവശ്യസാധന വിലയും ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."