പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കാന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും റേഡിയോകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ദൂരദര്‍ശന്‍ ചാനലിനും ഓള്‍ ഇന്ത്യാ റേഡിയോയ്ക്കുമാണ് ഈ നിര്‍ദേശം നല്‍കിയതെങ്കിലും ഇക്കാര്യം സ്വകാര്യ ടെലിവിഷന്‍ ചാനലുകളും പ്രചരിപ്പിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.
ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തും അതിന്റെ പ്രത്യാഘാതങ്ങള്‍ വിശദീകരിച്ചുമുള്ള പരസ്യങ്ങള്‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും നല്‍കാനാണ് നിര്‍ദേശം. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതിനായി അതിന്റെ ശിക്ഷാ നടപടികളെക്കുറിച്ചും അതു തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ നേരത്തെ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളും ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.
പശുസംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ പൂനേവാല എന്നിവര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെയുള്ളത്. ഹരജി പരിഗണിക്കുന്നതിനിടെ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
ആക്രമണങ്ങള്‍ തടയാന്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഓരോ ജില്ലകളിലും നോഡല്‍ ഓഫിസറായി നിയമിക്കണം, കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കണം, ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളായിരുന്നു കോടതി മുന്നോട്ടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."