വിചാരണക്കോടതി വിധി ചോദ്യംചെയ്ത് കത്‌വ പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍
ചണ്ഡിഗഡ്: കത്‌വ കേസില്‍ പ്രധാനപ്രതിയെ വെറുതെവിട്ട വിചാരണക്കോടതി വിധി ചോദ്യംചെയ്ത് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍. കേസിലെ പ്രതി വിശാല്‍ ജംഗ്രോതയെ വെറുതെവിട്ടുള്ള പത്താന്‍കോട്ട് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. അപ്പീലിന്‍മേല്‍ പ്രാഥമിക വാദം കേട്ട കോടതി തുടര്‍നടപടികള്‍ക്കായി കേസ് മാറ്റിവച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജ്വീന്ദര്‍ സിംഗ് ബന്‍സിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കോടതിയില്‍ ഹാജരാകുന്നത്. അഭിഭാഷകരായ ഉത്സവ് സിംഗ് ബന്‍സ്, രമീന്ദര്‍ സിംഗ് ധാലിവാല്‍, മുബീന്‍ ഫാറൂഖി എന്നിവര്‍ കേസില്‍ അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്.
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ചോദ്യംചെയ്ത് കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രോസിക്യൂഷന്‍ ടീമിന് അപ്പീല്‍ പോകാനുള്ള അനുമതി വൈകിപ്പിക്കുകയാണ് കശ്മീരിലെ ഭരണസംവിധാനം. കത്‌വ കേസിന്റെ ചുമതല ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐ.ജി മുജ്തബയെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയ അധികൃതര്‍ അപേക്ഷ ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം അനുമതി വൈകിപ്പിക്കുകയാണ്. പത്താന്‍കോട്ട് കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ ടീം അന്ന് തന്നെ പറഞ്ഞതാണ്. രാജ്യത്തെ ഞെട്ടിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ പ്രതികള്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടും പ്രോസിക്യൂഷന്‍ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന വിധം പോക്‌സോ നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ, രാജ്യത്തെ ഞെട്ടിച്ച കേസിലാണ് കശ്മീരിലെ ഭരണസംവിധാനം നിസംഗത തുടരുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണമാണ്.
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമ, സാമ്പത്തിക സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ഹൈക്കോടതിയിലും ഉറച്ച പിന്തുണയുമായി രംഗത്തുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചണ്ഡിഗഡിലെത്തിയ യൂത്ത് ലീഗ് സംഘം മുബീന്‍ ഫാറൂഖി യോടൊപ്പം രാജ്വീന്ദര്‍ സിംഗിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് അദ്ദേഹത്തെ കേസില്‍ ചുമതലപ്പെടുത്തിയത്. കേസിന്റെ അന്തിമഘട്ടത്തില്‍ പ്രമുഖ അഭിഭാഷകരെ തന്നെ രംഗത്തിറ്കകുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അറിയിച്ചു.
ജമ്മുകശ്മീരിലെ കതുവയിലെ രസന ഗ്രാമത്തില്‍ വീടിന് സമീപത്ത് നിന്ന് കഴിഞ്ഞവര്‍ഷം ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കാണാതായ കുട്ടിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. കേസില്‍ കൗമാരക്കാരനടക്കം എട്ടുപേരാണ് അറസ്റ്റിലായത്. ബാലികയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്‌ലിം നാടോടി സമുദായത്തെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിനായി റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം ആണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍, സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, നാട്ടുകാരായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍ തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.
kathua rape victims family filed petition in HC
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."