സ്കൂള്‍ വാഹനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഫിറ്റ്നെസ് പരിശോധന
42 വാഹനങ്ങള്‍ പരിശോധിച്ചതില്‍ എട്ട് വാഹനങ്ങള്‍ മാനദണ്ഡങ്ങള്‍ പൂര്‍ണാമയും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി
തൊടുപുഴ: പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്കൂളിലേയ്ക്ക് വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന വാഹനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. തൊടുപുഴ ആര്‍ടി ഓഫീസിന്റെ പരിധിയില്‍ വരുന്ന വാഹനങ്ങള്‍ ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ എത്തിച്ചായിരുന്നു പരിശോധന. ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവും നല്കി.
ഫിറ്റ്നസ് പരിശോധിക്കുന്നതിന് വാഹനങ്ങള്‍ ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഖേന സ്കൂളുകള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് കൈമാറിയിരുന്നു. സ്കൂളുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലായിരുന്നു പരിശോധന. ആകെ 42 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതില്‍ എട്ട് വാഹനങ്ങള്‍ മാനദണ്ഡങ്ങള്‍ പൂര്‍ണാമയും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി.
തകരാര്‍ പരിഹരിച്ച് മൂന്ന് ദിവസത്തിനകം ഫിറ്റ്നെസ് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു. കരാര്‍ വാഹനങ്ങളില്‍ പിന്നീട് പരിശോധന ഉണ്ടാകും.
സ്കൂള്‍ തുറന്ന ശേഷം സ്കൂള്‍ വാഹനങ്ങള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ഓട്ടോറിക്ഷകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എന്‍. സജീവ് കുമാര്‍, സി. കെ. എബ്രഹാം, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സിബിമോന് ഉണ്ണി, കെ. കെ. അജിത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."