അഞ്ചാം തവണയും ഹജ്ജ് ക്യാംപിനൊരുങ്ങി നെടുമ്പാശേരി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി പുണ്യഭൂമിയിലേക്ക് യാത്രയാകുന്ന തീര്‍ഥാടകര്‍ക്കായുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാംപിന് നാളെ തുടക്കം കുറിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിലെ വികസനപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇവിടെ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് തെക്കന്‍ കേരളത്തിലെ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രഥമായ രീതിയില്‍ ഹജ്ജ് ക്യാംപിന്റെ രണ്ടാം ഘട്ടം കൊച്ചിയില്‍ ഒരുക്കാന്‍ തീരുമാനിച്ചത്. ഇതുവഴി തുടര്‍ച്ചയായി അഞ്ചാം തവണയും ഹജ്ജ് ക്യാംപിന് ഒരുങ്ങിയിരിക്കുകയാണ് നെടുമ്പാശ്ശേരി വിമാനത്താവളം.
തീര്‍ഥാടകരില്‍ ബഹുഭൂരിഭാഗവും കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്നതിനാല്‍ കൊച്ചിയില്‍ നാല് ദിവസം മാത്രമാണ് ഹജ്ജ് ക്യംപ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി പോകുന്ന തീര്‍ഥാടകര്‍ മാത്രമായിരുന്നു നേരത്തെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടിരുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകരും കൊച്ചി വഴിയാണ് വിശുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. ദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇന്നലെ കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തി. ലക്ഷദ്വീപില്‍ നിന്ന് 332 പേരാണ് ഈ വര്‍ഷം ഹജ്ജിന് തിരിക്കുന്നത്. ഇവരെ കൂടാതെ കേരളത്തില്‍ നിന്ന് 2740 പേരാണ് നെടുമ്പാശേരി വഴി പുറപ്പെടുന്നത്. കൊച്ചിയില്‍ നിന്ന് മദീനയിലേക്കാണ് തീര്‍ഥാടകര്‍ പോകുന്നത്. തിരികെ ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കും മടങ്ങും. എയര്‍ഇന്ത്യയുടെ എട്ട് വിമാനസര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മുന്‍വര്‍ഷത്തെ പോലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിനോട് ചേര്‍ന്നുള്ള സിയാല്‍ അക്കാദമിയിലാണ് ക്യാംപിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ചിന് മന്ത്രി കെ.ടി ജലീല്‍ കൊച്ചിയിലെ ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ആദ്യവിമാനം പുറപ്പെടുന്നത്. തൊട്ടുപിന്നാലെ 2.05 ന് രണ്ടാമത്തെ വിമാനവും പുറപ്പെടും. ഓരോ വിമാനത്തിലും 340 തീര്‍ഥാടകര്‍ വീതം പുറപ്പെടും. ഹജ്ജ് കമ്മറ്റിയുടെ താല്‍ക്കാലിക ഓഫിസ് ഇന്നലെ മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍വര്‍ഷത്തെ പോലെ തീര്‍ഥാടകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യവും ഭക്ഷണശാല, നിസ്‌കാര സ്ഥലം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും സിയാല്‍ അധികൃതരുടെ സഹകരണത്തോടെ ഹജ്ജ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലും രണ്ടാമത്തെ വിമാനത്തില്‍ പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് മൂന്ന് മണി മുതലും രജിസ്‌ട്രേഷന്‍ ആരംഭിക്കും. തീര്‍ഥാടകര്‍ വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ അറൈവല്‍ ഭാഗത്താണ് എത്തിച്ചേരേണ്ടത്. പില്ലര്‍ നമ്പര്‍ 11 മുതല്‍ 13 വരെയുള്ള ഭാഗത്താണ് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തീര്‍ഥാടകരുടെ ലഗേജുകളും ഈ കൗണ്ടറില്‍ സ്വീകരിക്കും. അതിനു ശേഷം തീര്‍ഥാടകരെ പ്രത്യേകം വാഹനത്തില്‍ ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന് സമീപമുള്ള സിയാല്‍ അക്കാദമിയില്‍ എത്തിക്കും. കൊച്ചിയിലെ ഹജ്ജ് ക്യാംപ് 17 നാണ് സമാപിക്കുന്നത്. ഓഗസ്റ്റ് 29 നാണ് ആദ്യസംഘം കൊച്ചിയില്‍ ഹജ്ജ് കര്‍മത്തിന് ശേഷം തിരികെ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."