ജി.സി.സി യാത്രികര്‍ക്ക് കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് ദുബായ്
ദുബായ്: കൊവിഡ് പ്രോട്ടോക്കോള്‍ വ്യവസ്ഥകളില്‍ മാറ്റങ്ങളുമായി ദുബായ്. ഇനി മുതല്‍ ജി.സി.സി രാജ്യങ്ങളില്‍നിന്ന് എമിറേറ്റില്‍ വരുന്ന യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ദുബായ് എയര്‍പോര്‍ട്‌സ് അറിയിച്ചു. കൊവിഡ് 19 കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് ലഭിച്ച നിര്‍ദേശാനുസരണമാണിത്. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നവിടങ്ങളില്‍നിന്ന് ദുബായിലേക്ക് തിരിക്കുന്നവര്‍ക്ക് വിമാനം കയറുന്നതിന് മുന്‍പ് കാവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ വിശദമാക്കി. ഫ്‌ളൈ ദുബായും റെസിഡന്‍സ്, ടൂറിസ്റ്റ്, വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തുന്ന യാത്രികര്‍ക്ക് ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലും അല്‍മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലും ഈ ആനുകൂല്യം ലഭ്യമാകും. അതേസമയം, എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാലുടന്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന വ്യവസ്ഥ തുടരും. ഹത്താ കര അതിര്‍ത്തിയിലൂടെ ദുബായിലേക്ക് പ്രവേശിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. അവര്‍ യാത്ര ചെയ്യുന്നതിന് 96 മണിക്കൂര്‍ മുന്‍പ് നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയരാകണം.
എമിറേറ്റ്‌സ് എയര്‍ലൈന്‍സും ഫ്‌ളൈ ദുബായും തങ്ങളുടെ വെബ്‌സൈറ്റില്‍ പുതിയ നിര്‍ദേശം പബ്ലിഷ് ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ കൊവിഡ് 19 ഡി.എക്‌സ്.ബി സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. എയര്‍പോര്‍ട്ടില്‍ നടക്കുന്ന ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നും ദുബായ് എയര്‍പോര്‍ട്ട്‌സ് വ്യക്തമാക്കി. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ അധികൃതര്‍ ഇളവ് നല്‍കിയിരിക്കുന്നത്. നിലവില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികളെയും ഭിന്നശേഷിക്കാര്‍ക്കും മാത്രമാണ് മുന്‍കൂര്‍ പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."